തിരുവനന്തപുരം: വ്യവസായി ബിജു രമേശിനെതിരെ ശക്തമായ നീക്കവുമായി സര്‍ക്കാര്‍. ബിജു രമേശിന്റെ ഉടമസ്ഥതയില്‍ തലസ്ഥാനത്തെ രണ്ട് ഹോട്ടലുകള്‍ നിര്‍മിച്ചിരിക്കുന്നത് നിയമം ലംഘിച്ചാണെന്ന് നഗരകാര്യമന്ത്രി മഞ്ഞളാംകുഴി അലി. ഈ നിയമലംഘനങ്ങള്‍ക്കെല്ലാം തിരുവനന്തപുരം നഗരസഭയുടെ ഒത്താശയുണ്ട്. കിഴക്കേകോട്ടയിലെ രാജധാനി ബില്‍ഡിംഗ്സും പേരൂര്‍ക്കട അമ്പലമുക്കിലെ വിന്‍സര്‍ പാലസും നിര്‍മിച്ചിരിക്കുന്നത് അനധികൃതമായാണെന്നും മന്ത്രി മഞ്ഞളാംകുഴി അലി നിയമസഭയില്‍
പറഞ്ഞു.
വിന്‍സര്‍ രാജധാനിയില്‍ തദ്ദേശഭരണ വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. എട്ട് നിലകള്‍ക്ക് ലഭിച്ച പെര്‍മിറ്റുപയോഗിച്ച് 12 നിലകളിലായി നിര്‍മിച്ച കെട്ടിടമാണ് വിന്‍സര്‍ പാലസ്. 2003 ലാണ് എട്ടു നില നിര്‍മിക്കാന്‍ അനുമതി നേടിയത്. പിന്നീട് അത് 12 നിലകളാക്കി നിര്‍മിക്കുകയായിരുന്നു. ഇതിനെതിരെ നഗരസഭ നടപടി സ്വീകരിച്ചില്ല. കെട്ടിടനമ്പര്‍ ലഭിക്കാനുള്ള അദാലത്തില്‍ പോലും ഇതിന് നമ്പര്‍ നല്‍കിയില്ല. കെട്ടിടത്തിന്റെ ലോവര്‍ ബേസ്മെന്റ് ഫ്ളോര്‍ പുറകുവശത്തെ റോഡിലേക്ക് ചേര്‍ത്താണ് നിര്‍മിച്ചിരിക്കുന്നത്. തെക്കു വശത്തുള്ള തുറസ്സായ സ്ഥലത്തിന്റെ അതിരുവരെ ഷീറ്റ് റൂഫ് ചെയ്ത് കെട്ടിടത്തിന്റെ ഭാഗമായി ഉപയോഗിക്കുകയാണ്. ഇതെല്ലാം കേരള മുന്‍സിപ്പല്‍ ബില്‍ഡിംഗ് റൂള്‍സിന്റെ നഗ്നമായ ലംഘനമാണെന്നും മന്ത്രി പറഞ്ഞു.
ഈ കെട്ടിടത്തിന് നഗരസഭ 26,37,000 രൂപ നികുതി നിര്‍ണയിച്ച് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതുവരെയും നികുതി അടച്ചിട്ടില്ല. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്തെ രാജധാനി ബില്‍ഡിംഗും നിയമം ലംഘിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. തെക്കനംകര കനാലിന് മുകളിലാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. പൈതൃക മേഖലയായ ഇവിടെ രണ്ടു നിലയില്‍ കൂടുതല്‍ നിര്‍മിക്കാന്‍ പാടില്ല. എന്നാല്‍ രാജധാനി ബില്‍ഡിംഗ് നാലു നിലകളിലായാണ് നിര്‍മിച്ചിരിക്കുന്നത്. ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ട്രസ്റ്റിന്റെ വക മതിലിനോട് ചേര്‍ന്നാണ് നിര്‍മാണം. ഈ കെട്ടിടം പൊളിച്ചുമാറ്റാന്‍ സര്‍ക്കാര്‍ 2010 ല്‍ നഗരസഭയോട് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ഇതുവരെയും നടപടി ഉണ്ടായില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തുടര്‍നടപടിക്ക് ഒരുങ്ങുകയാണെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: