ആലപ്പുഴ: കൃഷ്ണപിള്ള സ്മാരകം കത്തിച്ച കേസിലെ പ്രതികളായ പാര്‍ട്ടി പ്രവര്‍ത്തകരെ രക്ഷിക്കാനുള്ള സിപിഎമ്മിലെ ഒരുവിഭാഗത്തിന്റെ നീക്കം അണികളുടെ വ്യാപകമായ എതിര്‍പ്പിനെത്തുടര്‍ന്ന് പൊളിഞ്ഞു. സ്മാരകം കത്തിച്ചത് മൂന്നംഗ ക്വട്ടേഷന്‍ സംഘമാണെന്ന് പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയതായി സിപിഎമ്മിലെ ഒരുവിഭാഗമാണ് വാര്‍ത്ത ചോര്‍ത്തി നല്‍കിയത്.
നേരത്തെ ഈകേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്ത അഞ്ചു സിപിഎം പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്നു പറത്താക്കിയിരുന്നു. ഇവരെ വെള്ളപൂശാനാണ് നീക്കം നടന്നത്. ക്രൈംബ്രാഞ്ച് അന്വേഷണം ശരിവച്ചാണ് ഇവരെ പൊടുന്നനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. വിഎസ് പക്ഷക്കാരായ ഇവരെ വെള്ളപൂശി പാര്‍ട്ടിയില്‍ തിരിച്ചെടുക്കാനുള്ള നീക്കം നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണെന്നാണ് ആക്ഷേപമുയരുന്നത്.
ടി.കെ പളനിയടക്കമുള്ള മുതിര്‍ന്ന നേതാക്കളെ പോലും തള്ളി പ്രതികളെ രക്ഷിക്കാനുള്ള പാര്‍ട്ടിയിലെ ഒരുവിഭാഗത്തിന്റെ നീക്കത്തിനെതിരെ അണികളുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ഇങ്ങനെയൊരു അന്വേഷണ കമ്മീഷനോ റിപ്പോര്‍ട്ടോ ഇല്ലെന്ന നിലപാടുമായി സിപിഎം ജില്ലാസെക്രട്ടറി തന്നെ രംഗത്തെത്തി. അന്വേഷണം നടത്തി കുറ്റവാളികളെ ശിക്ഷിക്കണമെന്നുതന്നെയാണ് പാര്‍ട്ടിയുടെ നിലപാടെന്നും പ്രതികളെ രക്ഷിക്കാന്‍ ചില മാദ്ധ്യമങ്ങള്‍ നടത്തുന്ന നീക്കം അപലപനീയമാണെന്നുമാണ് സജി ചെറിയാന്‍ പത്രസമ്മളനത്തില്‍ പറഞ്ഞത്.
അതിനിടെ ബുധനാഴ്ച രാത്രിതന്നെ സത്യം തെളിഞ്ഞുവെന്നും പ്രതികള്‍ സിപിഎമ്മുകാരല്ലെന്നും രേഖപ്പെടുത്തിയ പോസ്റ്ററുകള്‍ കണ്ണ ര്‍കാടും കഞ്ഞിക്കുഴിയിലെ മറ്റു പ്രദേശങ്ങളിലും വ്യാപകമായി പ്രചരിക്കപ്പെട്ടത് സംഭവത്തിനു പിന്നിലെ ഗൂഢാലോചന തുറന്നുകാട്ടുന്നു.
















