തുറവൂര്‍: ഉത്സവ എഴുന്നള്ളിപ്പിന് കൊണ്ടു വന്ന ആനയിടഞ്ഞത് മൂന്നര മണിക്കൂറോളം പരിഭ്രാന്തി പരത്തി. തുറവൂര്‍ മഹാക്ഷേത്രത്തില്‍ വര്‍ഷംതോറും നടത്തി വരുന്ന ധനു സന്ധ്യവേല ഉത്സവത്തിനായി കൊണ്ടുവന്ന കീഴൂട്ട് വിശ്വനാഥന്‍ എന്ന ആനയാണ് ആദ്യം ഇടഞ്ഞത്. ഇന്നലെ രാവിലെ ആറുമണിയോടെയായിരുന്നു സംഭവം.
ക്ഷേത്രത്തില്‍ കൊണ്ടുവന്ന ആന സമീപത്ത് കെട്ടിയിരുന്ന ഉമാമഹേശ്വരന്‍ എന്ന ആനയെ കുത്തിയതോടെയാണ് പരിസരത്ത് നിന്നിരുന്ന മറ്റ് രണ്ടാനകളും ഇടഞ്ഞത്. തുടര്‍ന്ന് പേടിച്ചരണ്ട ഈ ആനകളും അക്രമാസക്തരായി നിലകൊള്ളുകയായിരുന്നു. കീഴൂട്ട് വിശ്വനാഥന്‍ ക്ഷേത്ര പരിസരത്തു നിന്ന് അര കിലോമീറ്ററോളം ഓടി റെയില്‍വേ ക്രോസിന് സമീപമുള്ള പാടത്ത് നിലയുറപ്പിക്കുകയായിരുന്നു.
മറ്റ് പാപ്പാന്‍മാരുടെ സഹായത്തോടെ ഒന്‍പതരയോടെയാണ് ആനയെ തളച്ചത്. കുത്തിയതോട് എസ്‌ഐ അഭിലാഷിന്റെ നേതൃത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. പോലീസിന്റെ നിര്‍ദ്ദേശമനുസരിച്ച് ആനകളെ ഒഴിവാക്കി കാഴ്ചശ്രീബലി നടത്തി.
















