കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ഐ വി ഡി (ഇന്‍വിട്രോ ഡയഗ്നോസ്റ്റിക്സ്) റീയേജന്റ് ഫാക്ടറി അഗപ്പെ ഡയഗ്നോസ്റ്റിക്സ് ലിമിറ്റഡ് നാളെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. പട്ടിമറ്റം അഗപ്പെ ഹില്‍സില്‍ വൈകിട്ട് 3 ന് നടക്കുന്ന ചടങ്ങില്‍ ബിഷപ്പ് തോമസ് മാര്‍ അത്തനാസിയോസ് അധ്യക്ഷത വഹിക്കും.
മന്ത്രി അനൂപ് ജേക്കബ്, വി.പി. സജീന്ദ്രന് എം.എല്‍.എ, അഗപ്പെ ചെയര്മാന് പ്രൊഫ.എം.വൈ. യോഹന്നാന് എന്നിവര്‍ പങ്കെടുക്കും.1995ല്‍ മുംബൈയിലാണ് അഗപ്പെയ്ക്ക് തുടക്കമായത്. 100 കോടി രൂപവിറ്റുവരവുള്ള അഗപ്പെ ഇന്‍ വിട്രോ ഡയഗ്നോസ്റ്റിക്സിലും റീയേജന്റ് നിര്‍മാണ യൂണിറ്റിലും രാജ്യത്തെ രണ്ടാം സ്ഥാനം നേടിയതായി അഗപ്പെ എംഡി തോമസ് ജോണ്‍ പറഞ്ഞു.
അഗപ്പെയ്ക്ക് രാജ്യത്താകമാനം നാനൂറിലേറെ തൊഴിലാളികളും 250 ല്‍ പരം വിതരണക്കാരും ലാബുകളും ആശുപത്രികളും പതോളജിസ്റ്റുകളുമടക്കം 20000 ഉപഭോക്താക്കളുമുണ്ട്. അന്‍പതിലേറെ രാജ്യങ്ങളില്‍ സേവനത്തിനായി സ്വിറ്റ്സര്‍ലണ്ടില്‍ സബ്സിഡിയറി കമ്പനിയും അഗാപ്പെ ക്കുണ്ട്.
അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധേയരായ ജപ്പാനിലെ തോഷിബ മെഡിക്കല്‍ സിസ്റ്റംസ്, ചൈനയിലെ മൈന്ഡറെ, ജപ്പാനിലെ ഡെങ്ക സീക്കെന്‍, ക്യോവ മെടെക്സ് എന്നിവയുമായി അഗപ്പെ ധാരണയില്‍ എത്തിയിട്ടുണ്ടെന്ന് തോമസ് ജോണ്‍ വ്യക്തമാക്കി. നെല്ലാട് കിന്‍ഫ്ര പാര്‍ക്കിലും ഉപകരണ നിര്‍മാണ പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്.
ഒരു ലക്ഷത്തിലേറെ ചതുരശ്ര അടി വിസ്തീര്‍ണമുള്ള പുതിയ പ്ലാന്റില്‍ അത്യാധുനിക സജ്ജീകരണങ്ങളാണുള്ളത്. പൂര്‍ണമായും യന്ത്രവത്ക്കരിച്ച 20,000 ലിറ്റര്‍ ശേഷിയുള്ള ഹെമാറ്റൊളജി പ്ലാന്റ്, റിവേഴ്സ് ഓസ്മോസിസ്, ഡീ അയണൈസേഷന്‍ സൗകര്യങ്ങളുള്ള ടൈപ്പ് 2 ജല ശുദ്ധീകരണ പ്ലാന്റ്, ഒറ്റ ഷിഫ്റ്റില്‍ പ്രതിമാസം രണ്ട് ലക്ഷത്തിലേറെ റീയേജന്റ് കിറ്റുകള്‍ ഉത്പാദിപ്പിക്കാനുള്ള സൗകര്യം, 3 മില്യണ്‍ ലിറ്റര്‍ മഴവെള്ള സംഭരണി തുടങ്ങിയ സൗകര്യങ്ങളും ഐ വി ഡി റീയേജന്റ് ഫാക്ടറിയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: