ന്യൂദല്‍ഹി: അറസ്റ്റിലായ ദല്‍ഹി സര്‍ക്കാരിലെ പട്ടികജാതി, വര്‍ഗ ക്ഷേമ പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജയ് പ്രതാപ് സിങിന് കോടാനുകോടികളുടെ സ്വത്ത്. അഴിമതി പരിപൂര്‍ണ്ണമായും തടയുമെന്ന് പ്രഖ്യാപിച്ച് വന്ന ദല്‍ഹി കേജ്‌രിവാള്‍ സര്‍ക്കാരിലെ ഉന്നത ഉദേ്യാഗസ്ഥനാണ് സിങ്. ഇയാളും പിഎയും കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്. ഒരു സെക്യൂരിറ്റി ഏജന്‍സിയില്‍ നിന്ന് രണ്ടരലക്ഷത്തോളം രൂപ വാങ്ങിയത് വസതിയില്‍ നിന്ന് കൈയോടെ കണ്ടെത്തുകയും ചെയ്തു.
84ലെ ഐഎഎസ്ഉദ്യോഗസ്ഥനാണ് ഇയാള്‍. അഴിമതിയുടെ ഉസ്താദാണ് ഇയാള്‍ക്ക് ദല്‍ഹിയിലും പരസരപ്രദേശങ്ങളിലുമായി എട്ട് ഫ്‌ളാറ്റുകളാണ് ഉള്ളതെന്ന് സിബിഐ കണ്ടെത്തിയിട്ടുണ്ട്. കോടികളുടെ സ്ഥിരനിക്ഷേപത്തിന്റെ രസീതുകളും സിബിഐ കണ്ടെടുത്തു. ഇയാളുടെ അഞ്ച് ബാങ്ക് ലോക്കറുകളാണ് സിബിഐ കണ്ടെത്തി പരിശോധിച്ചത്. ഒന്നില്‍ മൂന്നര കിലോ വരുന്ന 31 സ്വര്‍ണ്ണ ബിസ്‌ക്കറ്റുകളാണ് ഉണ്ടായിരുന്നത്. ഇതിനു മാത്രം 80 ലക്ഷത്തിലേറെ രൂപവരും. നാല് ലോക്കറുകള്‍ ഇനിയും തുറന്നിട്ടില്ല. വിലകൂടിയ മുന്നൂറു വിദേശമദ്യക്കുപ്പികളും പിടിച്ചെടുത്തു. റോളക്‌സ്, ഒമേഗ തുടങ്ങി അമൂല്യമായ വാച്ചുകള്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ എന്നിവയും പിടിച്ചെടുത്തു.
രണ്ടര ലക്ഷം കൈക്കൂലി പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പിഎയ്‌ക്കാണ് ഓഫീസില്‍ വച്ച്ആദ്യം നല്‍കിയത്. തുകയുമായി ഇയാള്‍ കാറിലുണ്ടായിരുന്ന പിഎയുടെ ആള്‍ക്ക് നല്‍കാന്‍ പോകുമ്പോള്‍ സിബിഐ സംഘം ഇയാളെ അറസ്റ്റു ചെയ്തു. ഇവര്‍ മാസങ്ങളായി സിബിഐയുടെ നിരീക്ഷത്തിലായിരുന്നു.
അഴിമതിക്കെതിരെ രാജ്യത്തെ ഏറ്റവും ശക്തമായ ജനലോക്പാല്‍ ബില്ലാണ് തന്റെ സര്‍ക്കാര്‍ പാസാക്കിയതെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ പ്രഖ്യാപിച്ച് ഏതാനും ദിവസങ്ങള്‍ കഴിഞ്ഞാണ് സിബിഐ സഞ്ജയ് പ്രതാപ് സിങിനെ അറസ്റ്റു ചെയ്തത്. അഴിമതി പൂര്‍ണ്ണമായും തുടച്ചുനീക്കുമെന്നു പറഞ്ഞാണ് കേജ്‌രിവാള്‍ അധികാരത്തില്‍ വന്നത്. കഴിഞ്ഞ ഒക്‌ടോബറില്‍ കേജ്രിവാള്‍ മന്ത്രി സഭയില്‍ നേരത്തെ അംഗമായിരുന്നയാള്‍ക്ക് എതിരെ അഴിമതിക്കേസ് ഉല്‍ഭവിച്ചു.
















