ശാശ്വതാവസ്ഥയെ കണ്ടു പിടിക്കുന്നതിനാണു പഞ്ചേന്ദ്രിയങ്ങളോടു കൂടിയ മനനാവസ്ഥയില്‍ മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്. ഏതു കാലത്തും ലോകം നിലനില്‍ക്കുന്നതിനാണ് സ്ത്രീപുരുഷന്മാരെ മോഹബന്ധവും കര്‍മ്മബന്ധവും ഉള്ളവരായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. മോഹബന്ധം സന്താനോല്‍പത്തിക്കും കര്‍മ്മബന്ധം അവരുടെ ലോകജീവിതരക്ഷയെ മാത്രവും അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു. ഇതു സാക്ഷാലുള്ള വസ്തുവിനെ സംബന്ധിക്കുന്നതല്ല.
സാക്ഷാല്‍ ഒരു സ്ത്രീയുടെയും പുരുഷന്റേയും മോഹബന്ധം വീണ്ടും അവരില്‍ ഒരു പുതിയ സൃഷ്ടിക്കു കാരണമാകുന്നുവെങ്കില്‍ അതിന്റെ രക്ഷയെ ഉദ്ദേശിച്ചാണല്ലോ അവരുടെ സകല കര്‍മ്മബന്ധവും ഇരിക്കുന്നത്. ഈ അവസ്ഥ ഈ നിലയില്‍ സൃഷ്ടിക്കു കാരണമായി ഭവിച്ച ദൈവത്തിന്റെ അവസ്ഥ അവനില്‍ കൂടി നമ്മില്‍ അവനെ തെളിഞ്ഞു കിട്ടുമ്പോള്‍ അവന്‍ നമ്മെ സന്ദര്‍ശിച്ചതു തന്നെ നമ്മില്‍ അവനെ കാണായി വരുന്നത്.
ഈ അവസ്ഥയ്‌ക്കു നമ്മില്‍ സുഖത്തെ സൃഷ്ടിക്കുവാന്‍ കഴിയുന്നു. ഈ സുഖാവസ്ഥ മനുഷ്യലോകത്തിന്റെ ദുഃഖമാകുന്ന ഇരുട്ടിനെ സംഹരിക്കുന്നു. ഇതു കൊണ്ട് മനുഷ്യര്‍ ദുഃഖത്തെ മറന്ന് സുഖത്തെ പ്രാപിക്കുന്നു. ഇതു ആത്മീകമായ മോഹബന്ധം മോക്ഷസിദ്ധിക്കു കാരണമായി ഭവിക്കുന്നു.
















