കാസര്‍കോട്: കൃത്രിമ യന്ത്രം ഘടിപ്പിച്ച് ശബ്ദ മലിനീകരണമുണ്ടാക്കി പൊതു നിരത്തുകളിലൂടെ കടന്നു പോകുന്ന ഇരു ചക്ര വാഹനങ്ങള്‍ ജില്ലയില്‍ വര്‍ദ്ധിക്കുന്നു. പോലിസിന്റെയും മോട്ടോര്‍ വാഹനവകുപ്പിന്റെയും വേണ്ടത്ര ശ്രദ്ധ വാഹന പരിശോധനകളില്‍ ഇല്ലാത്തത് ഇത്തരം വാഹനങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു.
കാസര്‍കോട് നഗരത്തില്‍ തന്നെ നൂറോളം ഇരുചക്ര വാഹനങ്ങളാണ് കൃത്രിമ യന്ത്രം ഘടിപ്പിച്ച് ചീറി പാഞ്ഞ് ശബ്ദ മലിനീകരണമുണ്ടാക്കുന്നത്. വാഹന നിര്‍മ്മാതാക്കള്‍ ഘടിപ്പിക്കുന്ന ശബ്ദ മലിനീകരണ നിയന്ത്രണ സംവിധാനങ്ങളില്‍ ഉടമകള്‍ മാറ്റം വരുത്തിയാണ് ഇത്തരത്തില്‍ നഗരത്തിലൂടെ ഇരുചക്ര വാഹനങ്ങള്‍ ചിറിപ്പായുന്നത്. പോലിസ് വാഹന പരിശോധന ശക്തമാക്കിയിട്ടുണ്ടെങ്കിലും എയര്‍ഹോണ്‍, സൈലന്‍സര്‍ പിടികൂടാനോ മുതിരുന്നില്ലെന്ന് പരാതിയുണ്ട്. വാഹനങ്ങളില്‍ അമിത ശബ്ദവും വേഗവും വര്‍ധിപ്പിക്കുന്നത് നിരവധി അപകടങ്ങള്‍ക്ക് കാരണമായിത്തീരുന്നതായി അധികൃതര്‍ തന്നെ പറയുന്നു. ഇത്തരക്കാരുടെ പേരില്‍ അതിശക്തമായ നിലപാട് സ്വീകരിക്കുമെന്ന് പോലിസ് പറയുന്നുണ്ടെങ്കിലും വാഹനങ്ങള്‍ വര്‍ധിച്ചു വരുന്നതായാണ് കാണുന്നത്. പോലിസ് പരിശോധിച്ച കണക്കനുസരിച്ച് 500 ലേറെ വാഹനങ്ങളുണ്ടെന്നാണ് കണക്ക്. മോട്ടോര്‍ വാഹന വകുപ്പില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് ദിവസേനയുള്ള എയര്‍ഹോണ്‍ അടക്കമുള്ള പരിശോധന നടത്തുന്നതിന് പ്രധാന തടസമെന്നാണ് അധികൃതരുടെ വാദം. നിലവിലുള്ള ആര്.ടി.ഒ ജീവനക്കാര്‍ വാഹനങ്ങളുടെ ഡ്രൈവിങ്, ലൈസന്‍സ്, രജിസ്ട്രേഷന് സംബന്ധിച്ച പരിശോധനയ്ക്കാണ് നിയോഗിക്കപ്പെടുന്നത്. സ്വകാര്യ ബസുകള്‍ക്ക് പുറമെ ട്രക്ക്, ടിപ്പര്‍ ലോറി എന്നിവയിലെല്ലാം ഇത്തരം ഹോണുകള്‍ ഉപയോഗിക്കുന്നുണ്ട്. നിസാര ട്രാഫിക് ലംഘനങ്ങള്‍ക്ക് പോലും പിഴ ഈടാക്കുന്ന അധികൃതര്‍ ജനങ്ങള്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്ന ശബ്ദ മലിനീകരണം കണ്ടില്ലെന്നു നടിക്കുകയാണ്.
രാത്രി കാലത്താണ് ഏറ്റവും കൂടുതല്‍ ശബ്ദം അസഹനീയമാകുന്നത്. വീടുകളിലെ കുട്ടികള്‍, രോഗികള്‍, വൃദ്ധര്‍ തുടങ്ങിയവര്‍ക്ക് വാഹനങ്ങളുടെ ശബ്ദ കോലാഹലങ്ങള്‍ കാരണം ഉറക്കം പഠനം തുടങ്ങിയവ തടസ്സപ്പെടുന്നതായി പരാതിയുണ്ട്. തളങ്കര, ചന്ദ്രഗിരി, തൃക്കരിപ്പൂര്‍, പാണത്തൂര്‍ റൂട്ടികളിലാണ് കൗമാര പ്രായക്കാര്‍ വലിയ ശബ്ദമുള്ള ഇരുചക്ര വാഹനങ്ങളുടെ ചീറിപാഞ്ഞുള്ള യാത്ര ശല്യമായിരിക്കുന്നത്. കാസര്‍കോട് നഗരവും ഇതില്‍ ഒട്ടും പിന്നിലല്ല.
അധിക ദിവസവും ടൗണ്‍ പോലീസ് സ്റ്റേഷന് മുന്നിലൂടെ അധികൃതരുടെ മുക്കിന് തുമ്പത്തു കൂടെയാണ് വന്‍ ശബ്ദമുണ്ടാക്കി കൊണ്ട് ഇരു ചക്ര വാഹനങ്ങള്‍ വൈകുന്നേരങ്ങളില്‍ കടന്നു പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: