ന്യൂദല്‍ഹി: കൊല്ലത്ത് ആര്‍.ശങ്കര്‍ പ്രതിമാ അനാച്ഛാദന ചടങ്ങില്‍ നിന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നും സ്വകാര്യ പരിപാടിയില്‍ സംഘാടകരാണ് ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങിന്റെ പ്രോട്ടോക്കോള്‍ സംബന്ധിച്ച വിഷയങ്ങളില്‍ മാത്രമേ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടാറുള്ളൂ. കൊല്ലത്ത് നടക്കുന്നത് സ്വകാര്യ ചടങ്ങായതിനാല്‍തന്നെ അതിന്റെ സംഘാടകരാണ് ആരൊക്കെ പങ്കെടുക്കണമെന്ന് തീരുമാനിക്കുന്നത്, പിഎംഒ വ്യക്തമാക്കി.
കൊല്ലത്തെ പരിപാടിയില്‍ നിന്നും മുഖ്യമന്ത്രിയെ ഒഴിവാക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന ആരോപണം കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങും നിഷേധിച്ചു. പരിപാടിയില്‍ ആരൊക്കെ പങ്കെടുക്കണമെന്ന് തീരുമാനിക്കുന്നത് എസ്എന്‍ഡിപിയാണ്.
കൊല്ലത്തെ പ്രതിമാ അനാച്ഛാദനത്തിനും ശിവഗിരി മഠത്തിലെ സന്ദര്‍ശന പരിപാടിക്കും എത്താന്‍ സാധിക്കില്ലെന്ന് കാണിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രിയുടെ ഓഫീസിനയച്ച കത്തിന്റെ പകര്‍പ്പ് സഭയില്‍ കേന്ദ്രപാര്‍ലമെന്ററികാര്യമന്ത്രി രാജീവ് പ്രതാപ് റൂഡി വെയ്‌ക്കുകയും ചെയ്തു. മുഖ്യമന്ത്രിയെ പ്രധാനമന്ത്രിയുടെ ചടങ്ങില്‍നിന്നും ഒഴിവാക്കിയെന്നാരോപിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബഹളമുണ്ടാക്കിയതോടെയാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നടത്തിയത്.
















