ന്യൂദല്‍ഹി: ആസാമിലെ ക്ഷേത്രത്തില്‍ തന്നെ പ്രവേശിപ്പിച്ചില്ലെന്നും ആര്‍എസ്എസുകാര്‍ ക്ഷേത്രപ്രവേശനം തടഞ്ഞെന്നുമുള്ള പുതിയ കഥയുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി.
കോണ്‍ഗ്രസ് ഭരിക്കുന്ന ആസാമില്‍ കഴിഞ്ഞയാഴ്ച നടത്തിയ പദയാത്രയ്‌ക്കിടെ ബാര്‍പേട ക്ഷേത്രം സന്ദര്‍ശിക്കാന്‍ രാഹുല്‍ഗാന്ധി തീരുമാനിച്ചെന്നും എന്നാല്‍ ആര്‍എസ്എസ് ഇതനുവദിച്ചില്ലെന്നുമാണ് രാഹുല്‍ഗാന്ധി ആരോപിച്ചത്. സഭയില്‍ ഇത്തരം കാര്യങ്ങള്‍ ഉന്നയിക്കപ്പെട്ടാല്‍ അതു ചോദ്യം ചെയ്യപ്പെടുമെന്നും രേഖകളില്‍ വരുമെന്നുമുള്ളതിനാല്‍ സഭയ്‌ക്ക് പുറത്ത് മാധ്യമപ്രവര്‍ത്തകരോടായിരുന്നു രാഹുലിന്റെ പ്രസ്താവന.
എന്നാല്‍ രാഹുല്‍ഗാന്ധി വന്നുവന്ന് നുണ പറയുന്ന വെറുമൊരു യന്ത്രമായി മാറിയെന്ന് കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കി. ക്ഷേത്രം ഭരിക്കുകയാണോ ആര്‍എസ്എസിന്റെ ജോലിയെന്ന് പാര്‍ലമെന്ററികാര്യമന്ത്രി വെങ്കയ്യ നായിഡു ചോദിച്ചു. അബദ്ധവും തെറ്റായതുമായ പ്രചാരണമാണ് രാഹുല്‍ നടത്തുന്നത്. ഇത് രാഹുല്‍ ഒരു പതിവാക്കി മാറ്റിയിട്ടുണ്ട്, വെങ്കയ്യ പറഞ്ഞു.
അതേ സമയം രാഹുല്‍ഗാന്ധിയെ ആരും ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും തടഞ്ഞിട്ടില്ലെന്നും നാലുമണിക്കൂറോളം രാഹുലിനെ കാത്തുനിന്നെന്നും ഒടുവില്‍ രാഹുല്‍ മറ്റൊരു വഴിയിലൂടെ പോവുകയായിരുന്നെന്നും ക്ഷേത്രത്തിലെ മുഖ്യ പൂജാരി വസിഷ്ട ശര്‍മ്മ പറഞ്ഞു.
കഴിഞ്ഞയാഴ്ച സഭയില്‍ മുന്‍ കേന്ദ്രമന്ത്രി ഷെല്‍ജയും സമാന രീതിയിലുള്ള ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഗുജറാത്തിലെ മഥുര ക്ഷേത്രത്തില്‍ തന്നെ പ്രവേശിപ്പിച്ചില്ലെന്നായിരുന്നു ഷെല്‍ജയുടെ പരാതി.
ഇതേത്തുടര്‍ന്ന് ഷെല്‍ജ ക്ഷേത്ര സന്ദര്‍ശനം നടത്തിയതിന്റെ രേഖകളുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയതോടെ കോണ്‍ഗ്രസ് വിഷയം മാറ്റുകയായിരുന്നു.
















