ചാരുംമൂട്: ക്രിസ്തുമസ്, ന്യൂഇയര്‍ ആഘോഷങ്ങള്‍ ലക്ഷ്യമിട്ട് ചാരുംമൂട് മേഖലയിലെ താമരക്കുളം, നൂറനാട്, പാലമേല്‍, ചുനക്കര പഞ്ചായത്തുകളില്‍ വ്യാജവാറ്റും, സ്പിരിറ്റ് ശേഖരണവും, വില്‍പ്പന കേന്ദ്രങ്ങളും സജീവമാകുന്നതായി പരാതി. മേഖലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഇതിനായി വീടുകളും, പ്രത്യേക കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നതായി പരാതിയുണ്ട്. ചിലവീടുകളില്‍ വിദേശമദ്യകച്ചവടം ഉല്‍പ്പടെ നടക്കുന്നുണ്ട്.
നൂറനാട് എക്‌സൈസ് റേഞ്ചിന്റെ പരിധിയില്‍ വ്യാജചാരായം നിര്‍മ്മിക്കുന്നതിനായി പാകപ്പെടുത്തിയ 365 ലിറ്റര്‍ കോടയും, 70 ലിറ്റര്‍ അരിഷ്ഠവും, പത്ത് ലിറ്റര്‍ വിദേശമദ്യവും കഴിഞ്ഞ ദിവസം അധികൃതര്‍ നടത്തിയ പരിശോധനയില്‍ പിടികൂടി നശിപ്പിച്ചിരുന്നു. ചാരുംമൂട് മേഖലയിലെ നൂറനാട് അടക്കമുളള വിവിധ പഞ്ചായത്തുകളില്‍ വയലോരങ്ങള്‍ കേന്ദ്രീകരിച്ച് വന്‍തോതില്‍ വ്യാജവാറ്റും, ഒഴിഞ്ഞ സ്ഥലങ്ങളില്‍ വിതരണവും നടക്കുന്നുണ്ട്. കൂടാതെ ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ നിന്നും വാങ്ങുന്ന വിദേശമദ്യം വില്‍പ്പന നടത്തുന്ന സംഘങ്ങളും ഈ പ്രദേശങ്ങളില്‍ സജീവമാണ്.
മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് നൂറനാട് ഫര്‍ണ്ണിച്ചര്‍ കടയില്‍ നിന്നും വന്‍തോതില്‍ സ്പിരിറ്റും, ഉടമയെയും പിടികൂടിയത്. മേഖലയിലെ ആളൊഴിഞ്ഞ വീടുകള്‍ കേന്ദ്രീകരിച്ച് സ്പിരിറ്റ് ശേഖരണം ഉള്ളതായും സൂചനയുണ്ട്.
എക്‌സൈസ് സംഘങ്ങള്‍ വ്യാപകമായി പരിശോധന നടത്താറുണ്ടെങ്കിലും ചെറിയതോതിലുളള മദ്യവില്‍പ്പനക്കാരെ മാത്രമേ പലപ്പോഴും പിടികൂടാറുള്ളൂ. സ്പിരിറ്റില്‍ കളര്‍ചേര്‍ത്ത് വ്യാജവിദേശമദ്യം നിര്‍മ്മിക്കുന്ന നിരവധി സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവരെ പിടികൂടാന്‍ അധികൃതര്‍ തയ്യാറാകാത്തതില്‍ ശക്തമായ പ്രതിഷേധവും ഉയരുന്നുണ്ട്. കൂടാതെ സ്പിരിറ്റ് ലോബികള്‍ തമ്മിലുള്ള കുടിപ്പക മദ്യദുരന്തങ്ങള്‍ക്ക്‌പോലും വഴിവെക്കുമെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍.
















