മുംബൈ: പ്രധാനമന്ത്രിയുടെ സ്വര്‍ണ നിക്ഷേപ പദ്ധതിയില്‍ 200 കിലോ സ്വര്‍ണം നിക്ഷേപിക്കാനുള്ള പദ്ധതിയുമായി ഷിര്‍ദിസായി ക്ഷേത്രട്രസ്റ്റ് മുന്നോട്ട് പോകുമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. നേരത്തെ ഒരു പൊതുതാത്പര്യ ഹര്‍ജിയുടെ പേരില്‍ സ്വര്‍ണനിക്ഷേപത്തിന് ബോംബെ ഹൈക്കോടതി നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. കോടതിയുടെ നിരോധനം മാറികിട്ടാന്‍ റിവ്യൂഹര്‍ജി സമര്‍പ്പിക്കുമെന്നും ക്ഷേത്രഭാരവാഹികള്‍ പറഞ്ഞു.
2012 മാര്‍ച്ചില്‍ ശ്രീ സായി ബാബ സന്‍സ്ഥാന്‍ ട്രസ്റ്റിന്റെ 15 അംഗ കമ്മറ്റി ഹൈക്കോടതി പിരിച്ചുവിട്ടിരുന്നു. സിര്‍ദ്ധി ക്ഷേത്രത്തിന്റെ ഭരണത്തിനായി മൂന്നംഗ പാനലിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഷിര്‍ദി നിവാസികളായ രണ്ടുപേര്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. ക്ഷേത്രത്തിലെ സ്വര്‍ണം, വെള്ളി, ഡയമണ്ട് ആഭരണങ്ങളെല്ലാം ഭക്തജനങ്ങള്‍ വഴിപാടായി സമര്‍പ്പിക്കുന്നതാണ്. സായിബാബക്ക് സമര്‍പ്പിക്കുന്ന ഈ ആഭരണങ്ങള്‍ വരുമാനമാര്‍ഗമായി ഉപയോഗിക്കരുതെന്നാണ് ഹര്‍ജിക്കാരുടെ വാദം.
രാജ്യത്തെ ഏറ്റവും സ്വര്‍ണസാമ്പാദ്യമുള്ള അഞ്ച് ക്ഷേത്രങ്ങളില്‍ ഒന്നാണ് സിര്‍ദ്ധി ക്ഷേത്രം. 350 കിലോ സ്വര്‍ണമാണിവിടെയുള്ളത്. ഇതില്‍ 200 കിലോ സ്വര്‍ണം പ്രധാനമന്ത്രിയുടെ പദ്ധതിയില്‍ നിക്ഷേപിക്കുവാന്‍ കഴിഞ്ഞിരുന്നെങ്കില്‍ വര്‍ഷം 1.25 കോടി രൂപയുടെ പലിശ ലഭിക്കുമായിരുന്നു. 350 കോടിയുടെ വാര്‍ഷിക വരുമാനത്തിന് പുറമെയായിരിക്കും ഇത്. ക്ഷേത്രത്തിന്റെ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബാജിറാവു ഷിന്‍ഡേ, ജില്ലാകളക്ടര്‍ അനില്‍ കാവഡേ, ജില്ലാ ജഡ്ജി ശ്രീകാന്ത് കുല്‍ക്കര്‍ണി എന്നിവര്‍ കോടതിയുടെ നിരോധനം മാറിയാല്‍ പദ്ധതിയുടെ ഭാഗമാകുമെന്ന് തറപ്പിച്ച് പറയുന്നു. ഇതൊരു സര്‍ക്കാര്‍ പദ്ധതിയാണ്. അത്‌കൊണ്ടുതന്നെ മറ്റ് പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ല. നിരോധനത്തിനെതിരെ നടപടികള്‍ സ്വീകരിക്കുമെന്നും ഷിന്‍ഡേ പറഞ്ഞു.
അതേസമയം, സായിബാബയുടെ വിഗ്രഹത്തിലുള്ള ഏതാണ്ട് 180 കിലോ വരുന്ന ആഭരണങ്ങള്‍ നീക്കം ചെയ്യുവാനാവില്ലെന്നും ഷിന്‍ഡേ പറഞ്ഞു. ട്രസ്റ്റ് വര്‍ഷത്തില്‍ അന്നദാനത്തിനും ഭവനങ്ങള്‍ക്കും പാവപ്പെട്ടവര്‍ക്കുള്ള ചികിത്സകള്‍ക്കുമായി 250 കോടി രൂപ ചെലവഴിക്കുന്നതായും അദ്ദേഹം പറഞ്ഞു. സാധാരണ ദിവസങ്ങളില്‍ ദിവസവും 50,000 പേര്‍ ഇവിടെ സന്ദര്‍ശിക്കുന്നുണ്ട്. പ്രത്യേക ദിവസങ്ങളില്‍ ഒരുലക്ഷത്തോളം പേര്‍ ദര്‍ശനത്തിനെത്താറുണ്ട്. ഏതാണ്ട് 40,000 പേര്‍ക്ക് എല്ലാദിവസവും അന്നദാനം നല്‍കുന്നുണ്ട്. വര്‍ഷത്തില്‍ 35000 പേര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്നുതായും ഷിന്‍ഡേ പറഞ്ഞു.
















