ന്യൂദല്‍ഹി: രാജ്യതലസ്ഥാനത്ത് ഒറ്റ-ഇരട്ട നമ്പര്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതോടെ ദിവസവും നിരത്തുകളില്‍ നിന്നും ഒഴിവാക്കപ്പെടുന്നത് 10 ലക്ഷത്തോളം കാറുകള്‍. ദല്‍ഹിയില്‍ മാത്രം രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കാര്‍,ജീപ്പ്, വാന്‍ തുടങ്ങിയ സ്വകാര്യ വാഹനങ്ങള്‍ 19 ലക്ഷത്തോളമാണ്. സംസ്ഥാനത്തിന് പുറത്തുള്ള വാഹനങ്ങളും ചേര്‍ന്നാല്‍ ഇരുപത് ലക്ഷത്തിലധികം വാഹനങ്ങളാണ് ദല്‍ഹിയില്‍ ഉള്ളത്. ഒറ്റ-ഇരട്ട അക്ക നമ്പറുകളിലുള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണം വരുന്നതോടെ പത്തുലക്ഷത്തോളം വാഹനങ്ങളാണ് ഒരു ദിവസം ദല്‍ഹിയിലെ റോഡുകളില്‍ നിന്നും അപ്രത്യക്ഷമാകുന്നത്.
പത്തുലക്ഷത്തോളം വാഹനങ്ങള്‍ ദിവസവും നിരത്തുകളില്‍ നിന്നും മാറുന്നതോടെ ദല്‍ഹിയിലെ നീണ്ട ഗതാഗത കുരുക്കും വാഹനമാലിന്യ പ്രശ്‌നവും വലിയ അളവില്‍ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജനുവരി ഒന്നു മുതലാണ് ഒറ്റ-ഇരട്ട കാറുകള്‍ക്ക് ദല്‍ഹിയില്‍ നിരോധനം വരുന്നത്. തിങ്കള്‍,ബുധന്‍, വെള്ളി ദിവസങ്ങളില്‍ അവസാന നമ്പര്‍ ഒറ്റഅക്കം വരുന്ന വാഹനങ്ങളും ചൊവ്വ,വ്യാഴം, ശനി ദിവസങ്ങളില്‍ ഇരട്ട അക്ക നമ്പറുകളിലുള്ള വാഹനങ്ങളുമാണ് നിരത്തുകളില്‍ ഇറങ്ങാന്‍ അനുവാദമുള്ളത്. ഞായറാഴ്ച ദിവസം വാഹനങ്ങള്‍ക്ക് നിയന്ത്രണമില്ല.
നോയിഡ, ഫരീദാബാദ്, ഗുഡ്ഗാവ്, സോനിപത്, ഗാസിയാബാദ് എന്നീ നഗരാതിര്‍ത്തികള്‍ വരെ മാത്രമേ നിയന്ത്രണമുള്ള നമ്പര്‍ വാഹനങ്ങള്‍ക്ക് ജനുവരി മുതല്‍ പ്രവേശനമുണ്ടാകൂ. ഇതുവഴി തണുപ്പുകാലത്തെ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് വലിയ അളവില്‍ കുറയ്‌ക്കാന്‍ സാധിക്കുമെന്നാണ് പഠന റിപ്പോര്‍ട്ട്,. പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കുന്നതിനാല്‍ ജനുവരി 1 മുതല്‍ 15 ദിവസം ദല്‍ഹിയിലെ വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
പൊതുഗതാഗത മേഖലയെ നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കിയതിനാല്‍ കൂടുതല്‍ സര്‍ക്കാര്‍ ബസ്സുകള്‍ നിരത്തിലിറക്കി യാത്രാ പ്രശ്‌നത്തിന് പരിഹാരം കാണാനും തീരുമാനിച്ചിട്ടുണ്ട്. ഒറ്റ-ഇരട്ട നമ്പര്‍ നിയന്ത്രണം പാലിക്കാത്ത വാഹനങ്ങള്‍ക്ക് പരിസ്ഥിതി സംരക്ഷണ നിയമം, വായൂ മലിനീകരണ നിയന്ത്രണ നിയമം, മോട്ടോര്‍ വെഹിക്കിള്‍ ആക്ട് എന്നിവ ഉപയോഗിച്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനെപറ്റിയും ദല്‍ഹി സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
















