ന്യൂദല്‍ഹി: പുരസ്‌ക്കാരങ്ങള്‍ തിരിച്ചു നല്‍കിയ എഴുത്തുകാരുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടി ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമ നസ്രിന്‍. ഹൈദ്രാബാദിലെ പുസ്തക പ്രദര്‍ശന വേദിയില്‍ തസ്ലിമയുടെ ലജ്ജയുടെ കോപ്പികള്‍ പ്രദര്‍ശിപ്പിക്കരുതെന്നാവശ്യപ്പെട്ട് മജ്‌ലിസ് ബച്ചാവോ തെഹ്‌രിക് നേതാക്കള്‍ പ്രദര്‍ശനവേദിയില്‍ സംഘര്‍ഷമുണ്ടാക്കിയിട്ടും എഴുത്തുകാര്‍ മൗനം പാലിച്ചതിനെതിരെയാണ് തസ്ലിമ രംഗത്തെത്തിയത്.
തസ്ലിമയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രദര്‍ശനവേദിയിലെ ലജ്ജയുടെ പകര്‍പ്പുകള്‍ നീക്കം ചെയ്യാന്‍ ശ്രമിച്ച മജ്‌ലിസ് ബച്ചാവോ തെഹ്‌രിക്കുകാരുടെ ദൃശ്യങ്ങള്‍ അടക്കം ട്വിറ്ററില്‍ ഇട്ട തസ്ലിമ നവംബറില്‍ നടന്ന സംഭവത്തില്‍ മതേതരത്വത്തിന്റെ വക്താക്കളെന്ന് അവകാശപ്പെടുന്നവവരുടെ മൗനം ചോദ്യം ചെയ്തു. രാജ്യത്ത് നിരോധിക്കാത്ത പുസ്തകമായ ലജ്ജയ്‌ക്കെതിരെ മുസ്ലിം മൗലികവാദികള്‍ രംഗത്തെത്തിയിട്ടും മതേതരത്വ വക്താക്കള്‍ മിണ്ടാതിരിക്കുകയാണ്. മുസ്ലിംമൗലികവാദികളുടെ അസഹിഷ്ണുതയ്‌ക്കെതിരെ ഒരു മതേതരത്വ ശബ്ദവും ഉയര്‍ന്നു കേട്ടില്ല എന്നും തസ്ലിമ കുറ്റപ്പെടുത്തി.
ലജ്ജ എന്ന പുസ്തകത്തിന് രാജ്യത്ത് നിരോധനമില്ലെന്ന കാര്യം പോലും അറിയാതെയാണ് പ്രതിഷേധക്കാര്‍ പുസ്തകത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നതെന്ന് തസ്ലിമ കുറ്റപ്പെടുത്തി. ഇസ്ലാമിനെതിരെ എന്തെങ്കിലും വിമര്‍ശനം ഉന്നയിക്കാത്ത ഏക പുസ്തകമാണ് ലജ്ജയെന്നും തസ്ലിമ പ്രതിഷേധക്കാരെ പരിഹസിച്ചുകൊണ്ട് പറഞ്ഞു.
















