ന്യൂദല്‍ഹി: ഒബിസി വിഭാഗത്തില്‍ നിന്നും പട്ടികജാതി വിഭാഗത്തിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കുടുംബി സേവാസംഘം കേന്ദ്രസര്‍ക്കാരിന് നിവേദനം നല്‍കി. 1969ല്‍ ഭരണഘടനാ ഭേദഗതി ചെയ്തപ്പോള്‍ സമുദായത്തിന്റെ ആവശ്യം അംഗീകരിക്കുമെന്ന് പറഞ്ഞെങ്കിലും ഇതുവരെ ഒബിസി വിഭാഗത്തില്‍ തന്നെയാണ് കണക്കാക്കപ്പെടുന്നതെന്നും എസ്‌സി വിഭാഗത്തിലേക്ക് മാറ്റി നല്‍കണമെന്നും കുടുംബി സേവാസംഘം കേന്ദ്രസാമൂഹ്യനീതി വകുപ്പ് മന്ത്രി താവര്‍ചന്ദ് ഗെഹ്‌ലോട്ടിന് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
കുടുംബി സേവാസംഘം പ്രസിഡന്റ് കെ.വി ഭാസ്‌ക്കരന്‍, ജനറല്‍ സെക്രട്ടറി പി.എസ്. രാമചന്ദ്രന്‍, കണയന്നൂര്‍ താലൂക് പ്രസിഡന്റ് വി. എസ്. സുഭാഷ്, എല്‍. രാമചന്ദ്രന്‍ എന്നിവരാണ് നിവേദനം സമര്‍പ്പിച്ചത്. അനൂകൂലമായ നിലപാടാണ് കേന്ദ്രമന്ത്രിയില്‍ നിന്നും ഉണ്ടായതെന്നും കേന്ദ്രസര്‍ക്കാര്‍ സമുദായത്തിന്റെ ആവശ്യങ്ങള്‍ക്ക് പരിഗണന നല്‍കുമെന്നാണ് പ്രതീക്ഷയെന്നും സംസ്ഥാന പ്രസിഡന്റ് കെ. വി. ഭാസ്‌ക്കരന്‍ പറഞ്ഞു.
















