കല്‍പ്പറ്റ: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ (ഐ.ഒ.സി).’മിഷന്- സ്മോക്ക്ലെസ് വില്ലേജ്’ പദ്ധതിയില്‍ കേരളത്തില്‍ നിന്ന് ആദ്യമായി വയനാട്ടിലെ പനമരം വില്ലേജ്. ദാരിദ്ര രേഖക്ക് താഴെയുള്ളവര്‍ക്ക് സൗജന്യമായി ഗ്യാസ് കണക്ഷന് നല്കി പനമരം വില്ലേജിലെ എല്ലാ വീടുകളിലും ഗ്യാസ് കണക്ഷന് ഉറപ്പാക്കുന്നതാണ് പദ്ധതി. അടുക്കളയില്‍ നിന്നുളള പുക ഒഴിവാക്കുന്നതിലൂടെ പരിസ്ഥിതി സംരക്ഷണത്തിനൊപ്പം ജനങ്ങളുടെ ആരോഗ്യസംരക്ഷണം കൂടിയാണ് ഐ.ഒ.സി. ലക്ഷ്യമിടുന്നത്. ഐ.ഒ.സി. രാജ്യവ്യാപകമായാണ് മിഷന്- സ്മോക്ക്ലെസ് വില്ലേജ് പദ്ധതി നടപ്പാക്കുന്നത്. വയനാട്ടിലെ ജനസംഖ്യ 8.16 ലക്ഷമാണ്. കുടുംബങ്ങളാവട്ടെ 1.9 ലക്ഷവും. ഇതില്‍ 1.53 കുടുംബങ്ങള്‍ക്ക് നിലവില്‍ ഗ്യാസ് കണക്ഷനുണ്ട്. ബാക്കി 19 ശതമാനം കുടുംബങ്ങള്‍ ഗ്യാസിനു പകരം വിറകും മറ്റ് മാര്‍ഗങ്ങളുമാണ് ഇന്ധമായി ഉപയോഗിക്കുന്നത്. പനമരം വില്ലേജില്‍ 2916 കുടുംബങ്ങളുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇതില്‍ രണ്ടായിരത്തോളം കുടുംബങ്ങള്‍ക്ക് എല്‍.പി.ജി. കണക്ഷനുണ്ട്. ബാക്കിയുള്ളവരില്‍ ബഹുഭൂരിപക്ഷവും കണക്ഷനെടുക്കാന്‍ കഴിയാത്തവിധം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരാണ്. ഐ.ഒ.സി. എക്സിക്യുട്ടീവ് (കേരള) ഡയറക്ടര്‍ മുരളീ ശ്രീനിവാസനാണ് സ്മോക്ക്ലെസ് വില്ലേജ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ഇന്ന് രാവിലെ 10ന് പനമരം വ്യാപാരഭവനില്‍ നടക്കുന്ന ചടങ്ങ് ജില്ലാ കലക്ടര്‍ വി. കേശവേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. അസ്മത്ത് ബി.പി.എലുകാര്ക്കുള്ള കണക്ഷന് സ്വീകരിക്കും. പനമരം കുളങ്ങരത്ത് ഗ്യാസ് ഏജന്‍സി സൗകന്യമായി ആദിവാസി കുടുംബങ്ങള്‍ക്ക് നല്കുന്ന അരി കിറ്റ് വിതരണം സബ് കലക്ടര്‍ ശീറാം സാംബശിവറാവു നിര്‍വഹിക്കും. ഐ.ഒ.സി. ചീഫ് ഏരിയാ ഓഫീസര്‍ പി.പി. ഉണ്ണികൃഷ്ണന്, എ.ഡി.എം. പി.വി. ഗംഗാധരന്, ജില്ലാ സപ്ലൈ ഓഫീസര്‍ പി.പി. അഹമ്മദ്, മില്‍മ ചെയര്മാന് പി.ടി. ഗോപാലക്കുറുപ്പ്, സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടര്‍ കെ.വി. പോക്കര്‍ഹാജി, കുളങ്ങരത്ത് ഇന്‍ഡേന്‍ ഡിസ്ട്രിബ്യൂട്ടര്‍ കെ.പി.സലീം തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: