മാവേലിക്കര: ദേവീ കടാക്ഷത്തില്‍ ഐശ്വര്യം തേടികൊണ്ട് ഭക്തര്‍ കൊറ്റാര്‍കാവ് ശ്രീ ദുര്‍ഗ്ഗാ ദേവീക്ഷേത്രത്തില്‍ ലക്ഷദീപം തെളിയിച്ചു. നാടിന്റെ നാനാഭാഗത്തുനിന്നും നൂറ് കണക്കിന് ഭക്തരാണ് ദീപം തെളിയിക്കുന്നതിനായി ക്ഷേത്രസന്നിധിയില്‍ എത്തിച്ചേര്‍ന്നത്. ക്ഷേത്രപരിസരത്ത് വാഴപിണ്ടികളിലും, നിലവിളക്കുകളിലും, കുത്തുവിളക്കുകളിലും, ദേവീദേവന്‍മാരുടെ രൂപങ്ങളിലുമായി ഒരുക്കിയിരുന്ന വിളക്കുകളിലാണ് ലക്ഷദീപങ്ങള്‍ തെളിഞ്ഞത്. ദേവീ ചൈതന്യം വര്‍ദ്ധിപ്പിക്കുന്നതിനായി തുടര്‍ച്ചയായി മൂന്ന് വര്‍ഷം നടത്തുന്നതിലെ രണ്ടാമത് ലക്ഷദീപമാണ് ക്ഷേത്ര ഉപദേശകസമിതിയുടെ ആഭിമുഖ്യത്തില്‍ ശ്രീദുര്‍ഗ്ഗാ യുവജനവേദിയും, ഭക്തജനങ്ങളും സംയുക്തമായി സമര്‍പ്പിച്ചത്.
ഇതിന് മുന്നോടിയായി നടന്ന ലക്ഷദീപ പൊതുസമ്മേളനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയില്‍ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഉപദേശകസമിതി സെക്രട്ടറി രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്രതാരം ചിപ്പി ഭദ്രദീപം തെളിയിച്ചു. എരുമേലി ആത്മബോധിനി ആശ്രമം സ്വാമി സത്‌സ്വരൂപാനന്ദ മുഖ്യപ്രഭാഷണവും, മാളികപ്പുറം മുന്‍മേല്‍ശാന്തി കേശവന്‍ നമ്പൂതിരി അനുഗ്രഹപ്രഭാഷണവും നടത്തി.
ലക്ഷദീപ കണ്‍വീനര്‍ ഗോപന്‍ സര്‍ഗ്ഗ, തഴക്കര താലൂക്ക് സഹകരണ ബാങ്ക് മാനേജര്‍ ജ്യോതി മധു, പത്താം വാര്‍ഡ് മെമ്പര്‍ പ്രസന്ന ബാബു,ശ്രീദുര്‍ഗ്ഗാ യുവജനവേദി ട്രഷറര്‍ ഗോകുല്‍ ഗോകുലം എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ തെരഞ്ഞെടുക്കപ്പെട്ട നാല്‌പേര്‍ക്ക് വൈദ്യസഹായനിധിയും വിതരണം ചെയ്തു. തുടര്‍ന്ന് തൃശൂര്‍പൂര പഞ്ചാരിമേളവും, കോമഡിഷോയും നടന്നു.
















