ന്യൂദല്‍ഹി: ദല്‍ഹിയില്‍ പുറമ്പോക്കില്‍ നിന്നും ആളുകളെ റെയില്‍വേ ഒഴിപ്പിച്ചതിനെ തുടര്‍ന്ന് വഴിയോരത്ത് അന്തിയുറങ്ങേണ്ടിവന്ന കുഞ്ഞ് കൊടുംശൈത്യത്തില്‍ മരിച്ചു.ദല്‍ഹിയിലെ ഷാക്കൂര്‍ ബസ്തി മേഖലയിലാണ് സംഭവം.
ചേരി ഒഴിപ്പിച്ചതിനെ തുടര്‍ന്ന് 500ല്‍ അധികം കുടുംബങ്ങളാണ് ഭവനരഹിതരായത്. . തലസ്ഥാനത്ത് മഞ്ഞുകാലം ആരംഭിച്ചതിനാല്‍ നൂറുകണക്കിന് സ്ത്രീകളും കുട്ടികളും രാത്രി കഴിച്ചുകൂട്ടിയത് കടുത്ത തണുപ്പിലാണ്.
അതേസമയം സംഭവം വിവാദമായതോടെ ജില്ലാ മജിസ്‌ട്രേറ്റിനെ മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ സസ്‌പെന്‍ഡ് ചെയ്തു. ഭവനരഹിതരായ ആളുകളെ പുനരധിവസിപ്പിക്കാന്‍ നടപടിയെടുത്തില്ലെന്ന കാരണത്താലാണ് ജില്ലാ മജിസ്‌ട്രേറ്റിനെ സസ്‌പെന്‍ഡ് ചെയ്തത്.കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് സഹായമെത്തിക്കുന്നതില്‍ വീഴ്ച വരുത്തിയ മൂന്ന് ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്തു.
നിരവധി തവണ നോട്ടീസ് നല്‍കിയിട്ടും ചേരി ഒഴിയാന്‍ ആളുകള്‍ തയാറാവാതിരുന്നതോടെയാണ് നടപടിയെടുത്തതെന്നും റെയില്‍വേ വിശദീകരിച്ചു. കുട്ടി മരിച്ചത് ശനിയാഴ്ച രാവിലെ 10 നാണ്. ഒഴിപ്പിക്കല്‍ നടപടി നടക്കുമ്പോള്‍ അനിഷ്ട സംഭവങ്ങളൊന്നും നടന്നിട്ടില്ലെന്നും റെയില്‍വേ പറയുന്നു. പുതിയ പാസഞ്ചര്‍ ടെര്‍മിനലിനുവേണ്ടിയാണ് ചേരി ഒഴിപ്പിക്കുന്നത്.
ചേരി ഒഴിപ്പിക്കല്‍ നീക്കത്തെ കുറിച്ച് അറിവില്ലെന്നും സംഭവം ഞെട്ടലുണ്ടാക്കിയെന്നും കേന്ദ്ര റെയില്‍ വേ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു.
















