മലപ്പുറം: ജില്ലയില്‍ അക്ഷയ സെന്ററുകള്‍ അനുവദിച്ചതില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് കേന്ദ്രങ്ങള്‍ക്കായി അപേക്ഷ നല്‍കിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
പുതിയ അക്ഷയ സെന്റുകള്‍ അനുവദിക്കുന്നതിനായി ഈ വര്‍ഷം ജനുവരി ഒന്നിനാണ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗം അപേക്ഷ ക്ഷണിച്ചത്. ധാരാളം സംരംഭകര്‍ അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു. ഓണ്‍ലൈന്‍ പരീക്ഷ, അഭിമുഖം, അപേക്ഷകന്റെ വിദ്യാഭ്യാസ യോഗ്യത തുടങ്ങിയ പരിശോധിച്ചാണ് മാര്‍ക്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് സെന്ററുകള്‍ അനുവദിക്കുക. ഇന്റര്‍വ്യൂ ബോര്‍ഡിലെ അംഗങ്ങളാണ് ഓരോര്‍ത്തര്‍ക്കും മാര്‍ക്കിടുന്നത്. അക്ഷയ സെക്രട്ടറി, അതാത് ഗ്രാമപഞ്ചായത്തിലെ പ്രസിഡന്റ് തുടങ്ങി അഞ്ച് അംഗങ്ങള്‍ ബോര്‍ഡില്‍ വേണമെന്നാണ് നിയമം.
പക്ഷേ പലസ്ഥലത്തും മൂന്നുപേര്‍ മാത്രമാണ് ഉണ്ടാകാറുള്ളു. പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കും വിദ്യാഭ്യാസ യോഗ്യതയുമുള്ളവരെ ഒഴിവാക്കി അനഹര്‍ക്ക് സെന്ററുകള്‍ നല്‍കിയെന്നാണ് ഇവരുടെ പരാതി.
കുറുവ ഗ്രാപഞ്ചായത്തിലെ പാങ്ങ് എന്ന സ്ഥലത്ത് അക്ഷയസെന്ററിനായി അപേക്ഷ നല്‍കിയ പി.അബ്ദുള്‍ ഗഫൂറിനെ ഇന്റര്‍വ്യൂ ബോര്‍ഡ് മനപൂര്‍വ്വം തഴയുകയായിരുന്നു. അക്ഷയ സെക്രട്ടറി രാഷ്‌ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി അനര്‍ഹരെ പരിഗണിക്കുകയാണെന്ന് അബ്ദുള്‍ ഗഫൂര്‍ ആരോപിക്കുന്നു. ഇതിനെ തുടര്‍ന്ന് അബ്ദുള്‍ ഗഫൂര്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. കലക്ടര്‍ വിളിച്ചുചേര്‍ത്ത ഹിയറിംഗില്‍ അക്ഷയ സെക്രട്ടറിയെ ശാസിക്കുകയും വീണ്ടും ഇന്റര്‍വ്യൂ നടത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ രണ്ടാമത് ഇന്റര്‍വ്യൂവിനെത്തിയ അബ്ദുള്‍ ഗഫൂറിനെ ഇന്റര്‍വ്യൂ ബോര്‍ഡിലെ അംഗങ്ങള്‍ അവഹേളിച്ചു. വീണ്ടും കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
സര്‍ക്കാര്‍ സേവനങ്ങള്‍ അക്ഷയ കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ചതോടെ ഈ പദ്ധതിയിലേക്ക് തള്ളിക്കയറ്റമാണ്. എല്ലാ മാനദണ്ഡങ്ങളും മറികടന്ന് യോഗ്യതയില്ലാത്തവര്‍ക്ക് സെന്ററുകള്‍ നല്‍കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത പി.അബ്ദുള്‍ ഗഫൂര്‍, പി.പി.അജ്മല്‍, എന്‍.മുനാഫ്, കെ.ഗഫൂര്‍കുട്ടി എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: