ന്യൂദല്‍ഹി: ദല്‍ഹിയില്‍ വീണ്ടും കൂട്ടമാനഭംഗം. ഏഴുവയസുകാരിയെ അയല്‍ക്കാരനുള്‍പ്പെടെ മൂന്നു പേര്‍ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കി. രണ്ടു ദിവസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ സംഭവമാണ്.
തെക്കന്‍ ദല്‍ഹിയിലെ തിഗ്രി പ്രദേശത്ത് ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. പ്രതികളെന്ന് കരുതുന്ന ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റ് രണ്ട് പേര്‍ക്കു വേണ്ടി തിരച്ചില്‍ നടത്തുകയാണ്.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ പ്രതികള്‍ തട്ടിക്കൊണ്ടുപോയി ക്രൂരപീഡനത്തിന് ഇരയാക്കുകയായിരുന്നു. സമീപത്തെ പാര്‍ക്കില്‍ എത്തിച്ച് മാനഭംഗപ്പെടുത്തിയ ശേഷം പെണ്‍കുട്ടിയെ പ്രതികള്‍ മറ്റൊരു പാര്‍ക്കില്‍ ഉപേക്ഷിച്ചു.
അവശനിലയില്‍ പെണ്‍കുട്ടി പാര്‍ക്കില്‍ കിടക്കുന്നതുകണ്ട അയല്‍വാസികള്‍ പെണ്‍കുട്ടിയെ
ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എയിംസിലെ ട്രൂമാ സെന്ററില്‍ ചികിത്സയിലാണ് പെണ്‍കുട്ടിയിപ്പോള്‍.
കഴിഞ്ഞ വെള്ളിയാഴ്ചയും ദല്‍ഹിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി മാനഭംഗത്തിനിരയായിരുന്നു. സ്‌കൂളില്‍പോയ പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നു. അയല്‍ക്കാരനുള്‍പ്പെടെ ആറു പേര്‍ ചേര്‍ന്നാണ് പീഡിപ്പിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
















