പാട്‌ന: ബിഹാറിലെ ആര്‍ജെഡി മുന്‍ എംപി മുഹമ്മദ് ഷഹാബുദ്ദീന് ജീവപര്യന്തം. കൂട്ടുപ്രതികളായ മറ്റ് മൂന്നു പേര്‍ക്ക് കൂടി കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിട്ടുണ്ട്. 11 വര്‍ഷം മുമ്പ് സഹോദരന്മാരായ രണ്ട് പേരെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. 2004 ല്‍ ഗിരീഷ് രാജ്, സതീഷ് രാജ് എന്നീ സഹോദരന്മാരെ ഷഹാബുദ്ദീനും സംഘവും ആസിഡ് അക്രമത്തിലൂടെ കൊലപ്പെടുത്തിയെന്നാണ് കേസ്.
അഡീഷണല്‍ ജില്ലാ ജഡ്ജി അജയ് കുമാര്‍ ശ്രീവാസ്തവയാണ് ശിക്ഷ വിധിച്ചത്. രാജ്കുമാര്‍ ഷാ, ഷെയ്‌ക്ക് അസ്ലം, അരീഫ് ഹുസൈന്‍ എന്നിവരാണ് ജീവപര്യന്തം ലഭിച്ച മറ്റ് മൂന്ന് പേര്‍. ഷഹാബുദിന് 20000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ചന്ദ്രശേഖര്‍ പ്രസാദിന്റെ മൂന്ന് മക്കളെ ഗോഷാല റോഡിലെ വീട്ടില്‍ നിന്നും രാജ്കുമാര്‍ ഷാ, ഷെയ്‌ക്ക് അസ്ലം, അരീഫ് ഹുസൈന്‍ എന്നിവര്‍ ചേര്‍ന്ന് തട്ടിക്കൊണ്ട് പോവുകയായിരുന്നു.
ഇവരുടെ ആസിഡ് ആക്രമണത്തില്‍ മൂന്ന് പേരില്‍ രാജീവ് റൗഷന്‍ മാത്രമാണ് രക്ഷപ്പെട്ടത്. ഇവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാത്ത അവസ്ഥയിലായിരുന്നു. എന്നാല്‍ ഇവരുടെ അമ്മ കലാവതി ദേവി ഷഹാബുദിന്റെ മൂന്ന് സഹായികളാണ് കൊല നടത്തിയതെന്ന് ആരോപിച്ചിരുന്നു. കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഷഹാബുദിന്‍ നിരവധി വര്‍ഷങ്ങളായി ജയിലിലാണ്. സിവാന്‍ മണ്ഡലത്തില്‍ നിന്നും നാലുതവണ എംപിയായിട്ടുണ്ട്.
















