അഗർത്തല: പാർട്ടി ഓഫീസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ഭരണ കക്ഷി എംഎൽഎയും ത്രിപുര സംസ്ഥാന കമ്മറ്റി അംഗവുമായ മനോരഞ്ചൻ ആചാര്യയെ സദാചാര വിരുദ്ധപ്രവർത്തനത്തിന് സിപിഎം പുറത്താക്കി. അതേസമയം എംഎൽഎയെ അറസ്റ്റ് ചെയ്യാതെ പുറത്താക്കുകമാത്രം ചെയ്തത് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് വ്യാപകമായ വിമർശനം ഉയർന്നിട്ടുണ്ട്.
ഗോമതി ജില്ലയിലെ അമർപൂർ പാർട്ടി ഓഫീസിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത എംഎൽഎ ആചാര്യയെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് സുധീപ് റോയി ബർമൻ ആവശ്യപ്പെട്ടു. സദാചാര വിരുദ്ധ പ്രവർത്തനത്തിന് സിപിഎം നടപടിയെടുത്തെങ്കിലും പോലീസ് നടപടിയെടുക്കാത്തതെന്താണെന്ന് അദ്ദേഹം ചോദിച്ചു.
അടിയന്തരമായി എംഎൽഎ യെ അറസ്റ്റ് ചെയ്യണം. നവംബർ 27ന് പാർട്ടി ഓഫീസിൽ വച്ചാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആചാര്യ മാനഭംഗപ്പെടുത്തിയത്. പെൺകുട്ടിയെ ഉടനെ മെഡിക്കൽ പരിശോധനയ്‌ക്ക് വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
















