ജയ്‌പൂര്‍: ഭീകര സംഘടനയായ ഐസിസുമായി ബന്ധമുള്ള, പൊതുമേഖല എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനിലെ സീനിയര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ അറസ്റ്റില്‍. തീവ്രവാദ വിരുദ്ധ സേനയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കര്‍ണാടകയിലെ ഗുര്‍ബര്‍ഗ സ്വദേശി മുഹമ്മദ് സിറാജ് എന്ന സിറാസുദ്ദീനാണ് പിടിയിലായിട്ടുള്ളത്. ജയ്‌പൂരില്‍ നിന്നാണ് തീവ്രവാദ വിരുദ്ധ സേന ഇയാളെ അറസ്റ്റ് ചെയ്തത്. ഭാരതീയ യുവാക്കളെ ഐസിസില്‍ ചേരാന്‍ ഇയാള്‍ സഹായിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക വിവരങ്ങള്‍ ഇയാള്‍ ഐസിസിന് ചോര്‍ത്തിക്കൊടുത്തതായും ആരോപണമുണ്ട്.
സോഷ്യല്‍ മീഡിയയിലൂടെയാണ് ഇയാള്‍ യുവാക്കളെ ഐസിസിലേയ്‌ക്ക് അടുപ്പിയ്‌ക്കുന്നതിനുള്ള കാര്യങ്ങള്‍ ചെയ്തുകൊണ്ടിരുന്നത്. ഇയാളുടെ ജയ്‌പൂരിലെ വീട്ടില്‍ നിന്ന് ചില രേഖകളും തീവ്രവാദ വിരുദ്ധ സേന കണ്ടെടുത്തിട്ടുണ്ട്. ഐസിസിന്റെ ഓണ്‍ലൈന്‍ മാഗസിന്‍ ഇയാള്‍ സ്ഥിരമായി ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിയ്‌ക്കാറുണ്ടത്രെ.
ഇയാള്‍ക്കെതിരെയുള്ള പരാതിയില്‍ പ്രതിയുടെ മുന്‍കാല ചരിത്രവും അയാളുടെ വാട്‌സ് ആപ്പ് ഫേസ്ബുക്ക് അക്കൗണ്ടുകളും എസ്.ഒ.ജിയും എ.ടി.എസും പരിശോധിച്ചിരുന്നുവെന്നും സോഷ്യല്‍ മീഡിയകളിലൂടെ നിരന്തരമായി ഇയാള്‍ യുവാക്കളുമായി ബന്ധപ്പെട്ടിരുന്നതായും എ.ഡി.ജി.പി അലോക് ത്രിപാഠി പറഞ്ഞു.
















