തിരുവനന്തപുരം: ചോദ്യക്കടലാസ് മാറിയതിനുള്ള പിഴ ത്തുകയില്‍ കുറവ് വരുത്തില്ലെന്ന് സിന്‍ഡിക്കേറ്റ്. പിഴത്തുക കുറയ്ക്കുന്നത് സംബന്ധിച്ച് വന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമാണെന്ന് കേരളയൂണിവേഴ്സിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ചോദ്യക്കടലാസ് അടങ്ങുന്ന കവര്‍ തെറ്റി പൊട്ടിക്കുന്നതിന് ആ ചോദ്യ പേപ്പര്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട മുഴുവന്‍ ചെലവും പിഴവുവരുത്തിയ കലാലയത്തില്‍ നിന്ന് ഈടാക്കണമെന്നാണ് സിന്‍ഡിക്കേറ്റ് തീരുമാനം. പ്രത്യേക കോളേജിലെ പിഴവിന് കണക്കാക്കിയ ഇരുപതിനായിരം രൂപയാണ് നാളിതുവരെ ഇത്തരം പിഴവുകള്‍ക്ക് ചുമത്തിവരുന്നത്. ഈ നിരക്കില്‍ നിരവധി കോളേജുകള്‍ക്ക് പിഴ ചുമത്തിയിട്ടുണ്ട്. ആര്‍ക്കും ഇളവ് നല്‍കിയിട്ടുമില്ല. പന്തളം എന്‍എസ്എസ്, ടികെഎം ആര്‍ട്സ് ആന്‍ഡ് സയന്‍സ് എന്നീ കോളേജുകള്‍ വിവിധ വിഷയങ്ങളിലായി ഒമ്പത് ചോദ്യക്കടലാസ് വീതമാണ് മാറിപൊട്ടിച്ചത്. 2014 നവംബറില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ സിബിസിഎസഎസ് 2015 ഏപ്രില്‍ നടത്തിയ ആറാം സെമസ്റ്റര്‍ സിബിസിഎസ്എസ് എന്നീ പരീക്ഷകള്‍ക്കുള്ള ചോദ്യ പുസ്തകങ്ങളാണ് തെറ്റി പൊട്ടിച്ചിട്ടുള്ളത്. 1,80,000 രൂപ പിഴ ഈടാക്കേണ്ട സ്ഥാനത്ത് ഒരു ലക്ഷമായി കുറയ്ക്കാനുള്ള പരീക്ഷാകമ്മറ്റിയുടെ ശുപാര്‍ശ നിയമവിരുദ്ധവും വിവേചനപരവും ആയതിനാലാണ് വൈസ് ചാന്‍സലര്‍ ആ ശുപാര്‍ശ അംഗീകരിക്കാതിരുന്നത്. നിലവിലുള്ള നിയമങ്ങള്‍ക്ക് വിരുദ്ധമായി പിഴയില്‍ ഇളവുവരുത്തിയാല്‍ നാളിതുവരെ പിഴ അടച്ചിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് അവര്‍ അടച്ച തുക സര്‍വകലാശാല മടക്കിനല്‍കേണ്ട സാഹചര്യവും ഉണ്ടാകും.
ചെമ്പഴന്തി എസ്എന്‍ കോളേജിന് സര്‍വകലാശാല പിഴചുമത്തിയത് അവിടെ നടന്ന കൂട്ടകോപ്പിയടിയെത്തുടര്ന്നാണ്. എന്നാല്‍ പിഴ ഈടാക്കുന്നതിനെതിരെ കോളേജ് ഹൈക്കോടതി വിധി സമ്പാദിച്ച സാഹചര്യത്തിലാണ് സര്‍വകലാശാലയ്ക്ക് അവരില്‍ നിന്ന് പിഴ ഈടാക്കാന്‍ സാധിക്കാത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: