ആലപ്പുഴ: അടൂരില്‍ വിവാഹം കഴിച്ചുകൊടുത്ത മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ചാണ് ചെറിയനാട് സ്വദേശികളായ മാതാപിതാക്കള്‍ വനിതാ കമ്മിഷന്‍ അദാലത്തില്‍ പരാതി നല്‍കി. കഴിഞ്ഞ വര്‍ഷമാണ് മകളെ അടൂര്‍ സ്വദേശിക്ക് വിവാഹം കഴിച്ചുകൊടുത്തത്. ഭര്‍ത്താവിന്റെ വീട്ടുമുറ്റത്ത് കിണറ്റില്‍ വീണ് മകള്‍ മരിച്ചതില്‍ ദുരൂഹതുണ്ടെന്നും ഇത് അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നു. കമ്മിഷന്‍ പരാതി സ്വീകരിച്ചു.
ഭര്‍തൃവീട്ടുകാരുടെ ജ്യോതിഷവിശ്വാസം മൂലം കുടുംബജീവിതത്തില്‍ അസ്വാരസ്യങ്ങളും പ്രശ്‌നങ്ങളും ഉണ്ടാകുന്നുവെന്ന പരാതിയുമായി യുവതി വനിതാ കമ്മിഷന്‍ അദാലത്തില്‍. നുണപ്രചരണം നടത്തി മകനെ അകറ്റാന്‍ ശ്രമിക്കുന്നുവെന്ന് മാതാപിതാക്കള്‍.
കായംകുളം സ്വദേശിയായ യുവതിയാണ് ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്കെതിരെ പരാതിയുമായെത്തിയത്. ഭര്‍ത്താവിന്റെ പിതാവ് ജ്യോതിഷനായതുകൊണ്ട് വീട്ടില്‍ ഒരുപാട് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും മാനസികമായി ബുദ്ധിമുട്ടു സൃഷ്ടിക്കുന്നെന്നും താമസം മാറിയെങ്കിലും മാതാപിതാക്കളുടെ വാക്കുകേട്ട് ഭര്‍ത്താവ് മാനസികമായി പീഢിപ്പിക്കുന്നുവെന്നും സംരക്ഷിക്കുന്നില്ലെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ മകനെ തങ്ങളില്‍ നിന്ന് അകറ്റാന്‍ മരുമകള്‍ നുണപ്രചരണം നടത്തുകയാണെന്നും ബോധപൂര്‍വ്വം പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും മാതാപിതാക്കള്‍ കമ്മിഷനോട് പറഞ്ഞു. പരാതികേട്ട കമ്മിഷനംഗം ഡോ. ജെ. പ്രമീളാദേവി ഇരുകൂട്ടരോടും കൗണ്‍സലിങിനു ഹാജരാകാന്‍ നിര്‍ദേശിച്ചു.
വിട്ടുവീഴ്ചയില്ലാത്ത മാനോഭാവവും പരസ്പര വിശ്വാസമില്ലായ്‌മയുമാണ് കുടുംബപ്രശ്‌നങ്ങള്‍ കൂടുന്നതിനു കാരണമെന്ന് ഡോ. ജെ. പ്രമീളാദേവി പറഞ്ഞു. കുടുംബാംഗങ്ങള്‍ തമ്മില്‍ പരസ്പരം കാര്യങ്ങള്‍ തുറന്നുപറഞ്ഞാല്‍ ഒട്ടുമിക്ക പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാമെന്നും കമ്മിഷനംഗം പറഞ്ഞു.
ഇന്നലെ 62 കേസുകളാണ് കമ്മിഷന്‍ പരിഗണിച്ചത്. 39 എണ്ണം പരിഹരിച്ചു. അഞ്ചു കേസ് പോലീസ് അന്വേഷണത്തിനു വിട്ടു. ഒരെണ്ണം പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കു കൈമാറി. രണ്ട് അപേക്ഷ കൗണ്‍സിലിങിനു വിട്ടു. 15 അപേക്ഷ അടുത്ത അദാലത്തിലേക്കു മാറ്റി.
















