കല്‍പ്പറ്റ : ദേശീയ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ തീരുമാനപ്രകാരം ദേശ വ്യാപകമായി നാളെ ദേശീയ ലോക് അദാലത്ത് നടത്തുമെന്ന് ജില്ലാ സെഷന്‍സ് ജഡ്ജി എസ്.എച്ച്.പഞ്ചാപകേശന്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. കോടതികളില്‍ നിലവിലുള്ള കേസുകള്‍ക്ക് പുറമെ സര്‍ക്കാറിന്റെയും മുനിസിപ്പല്‍ അതോറിറ്റി, റവന്യൂ അതോറിറ്റി, നിയമപരമായ മറ്റ് അധികാര സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, ട്രിബ്യൂണലുകള്‍ മുതലായവയുടെയും വിവിധ ഉദ്യോഗസ്ഥര്‍ മുമ്പാകെ തീര്‍പ്പാകാതെയുള്ള ഫയലുകളും തര്‍ക്കങ്ങളും അദാലത്തില്‍ ഉള്‍പ്പെടുത്തും.
റവന്യൂ മേഖലയിലുള്ള തര്‍ക്കങ്ങളായ പോക്കുവരവ്, ഭൂനികുതി, കെട്ടിട നികുതി, വസ്തു നികുതി, വാണിജ്യ നികുതി സംബന്ധിയായ വിഷയങ്ങള്‍, ബാങ്കിങ് ഇന്‍ഷൂറന്‍സ് മേഖലയിലെ വിഷയങ്ങള്‍, വൈദ്യൂതി, ജലം, സര്‍വ്വീസ് കാര്യങ്ങള്‍, ട്രാഫിക്, എക്സൈസ്, ടെലഫോണ്‍, പെറ്റി ക്രിമിനല്‍ കേസുകള്‍, മൈനിങ് തര്‍ക്കങ്ങള്‍ തുടങ്ങിയ മേഖലകളിലെ തര്‍ക്കങ്ങള്‍ എന്നിവയും പരിഗണിക്കും. സര്‍വ്വെയും അതിര്ത്തിയുംസംബന്ധിച്ച തര്‍ക്കങ്ങള്‍, ക്രിമിനല്‍ നടപടി ക്രമ സംഹിതയിലെ 133, 144 വകുപ്പുകള്‍ പ്രകാരമുള്ള നടപടികള്‍, ലാന്റ് അക്വിസിഷന്‍ ആക്ടിന്റെ 28 എ പ്രകാരമുള്ള അപേക്ഷകള്‍, ആര്ബിട്രേഷന് നടപടികള്‍, കോപ്പറേറ്റീവ് ബാങ്കുകള്‍, സൊസൈറ്റികള്‍ എന്നിവ മുമ്പാകെയുള്ള റിക്കവറി നടപടികള്‍, വ്യവസായിക തര്‍ക്കങ്ങള്‍, തൊഴില്‍ തര്‍ക്കങ്ങള്‍, കുടിയേറ്റ തൊഴിലാളികളെ സംബന്ധിക്കുന്ന പ്രശ്നങ്ങള്‍, റേഷന്‍ കാര്‍ഡ്, മണ്ണെണ്ണ പെര്‍മിറ്റ്, എല്‍.പി.ജി വിതരണം, ഉപഭോക്തൃ തര്‍ക്കങ്ങള്‍, പൊതു വില്‍പ്പന നികുതി, വാണിജ്യ വില്‍പ്പന നികുതി, മൂല്യ വര്‍ദ്ദിത നികുതി തുടങ്ങിയ എല്ലാ വിഷയങ്ങളും അദാലത്തില്‍ പരിഗണിക്കും. വ്യവഹാര സാധ്യതയുള്ള വിഷയങ്ങളും പരിഹാരത്തിനായി കൈകാര്യം ചെയ്യും. ആവശ്യമെങ്കില്‍ അനുരജ്ഞന ചര്‍ച്ചകളും നടത്തും.
പ്രസ്തുത തീര്‍പ്പാക്കല്‍ യജ്ഞം നടത്തുന്നതും എല്ലാ സേവനങ്ങളും സഹായ സഹകരണങ്ങളും അതത് സ്ഥലത്തുള്ള കോടതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജില്ലാ, താലൂക്ക് ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയില്‍ ലഭിക്കും. അദാലത്തില്‍ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ അന്തിമമായിരിക്കും. പങ്കെടുക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് സ്ഥലത്ത് വച്ച് തീരുമാനം കൈക്കൊള്ളുന്നതിന് അധികാരം നല്‍കിയിട്ടുണ്ട്. സൗഹാര്‍ദാന്തരീക്ഷത്തില്‍ കേസുകള്‍ തീര്‍പ്പാക്കുകയും നിയമ നടപടികള്‍ ലഘൂകരിക്കുന്നതോടൊപ്പം സാധാരണക്കാരന് കൂടി പണച്ചെലവില്ലാതെ നീതി ലഭ്യമാക്കുകയാണ് അദാലത്തിന്റെ ലക്ഷ്യം. അദാലത്തില്‍ തീര്‍പ്പാക്കുന്ന കേസുകള്‍ക്ക് യാതോരുവിധ കമ്മീഷനോ സര്‍വ്വീസ് ചാര്‍ജ്ജോ സര്‍ക്കാറിലേക്ക് നല്‍കേണ്ടതില്ല. കൂടാതെ തീര്‍പ്പാകുന്ന കേസുകളില്‍ പിന്നീട് കോടതികളിലോ മറ്റ് ഫോറങ്ങളിലോ അപ്പീല്‍ നല്‍കുന്നതിന് സാധിക്കുകയില്ല എന്ന പ്രത്യേകതയുമുണ്ട്. ലാന്റ് അക്വിസിഷന്‍ ആക്റ്റ് പ്രകാരം ഭൂമി ഏറ്റെടുത്ത് നഷ്ട പരിഹാരം കിട്ടാത്ത കേസുകള്‍ തീര്‍പ്പാക്കുന്നതിന് 100 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.
കല്പറ്റ കോടതിയില്‍ 2290 കേസുകളും ബത്തേരി കോടതിയില്‍ 1406 കേസുകളും മാനന്തവാടി കോടതിയില്‍ 2070 കേസുകളുമാണ് പരിഗണിക്കുക.
അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ഇ അയ്യൂബ്ഖാന്‍, ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എസ്. അജിത് കുമാര്‍, മുന്‍സിഫ് ജഡ്ജി ആര്.എം. സല്‍മത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: