ട്രഷറിയില്‍ അടച്ചതിന്റെ രേഖ. അക്കൗണ്ട് സജീവമാണെന്നതിന്റെ സൂചനയാണ് അതിലെ ചില്ലറപ്പൈസക്കണക്ക്
ദേവസ്വത്തില്‍നിന്നും ഒരു രൂപപോലും സര്‍ക്കാര്‍ എടുക്കുന്നില്ല എന്നും കാശ് അങ്ങോട്ടാണ് കൊടുക്കുന്നതെന്നും ദേവസ്വം മന്ത്രി ശ്രീ. വി.എസ്. ശിവകുമാര്‍ നിയമസഭയില്‍ അഭിമാനപൂര്‍വം വെളിപ്പെടുത്തി. ഹിന്ദുസംഘടനകള്‍ വെള്ളത്തിന് തീപിടിക്കുന്ന നുണകള്‍ പ്രചരിപ്പിക്കുകയാണ് എന്ന ആക്ഷേപത്തോടുകൂടിയ ഒരു സബ്മിഷന്‍ വി.ഡി. സതീശന്‍ നടത്തിയതിന് മറുപടിയായിട്ടാണ് മന്ത്രി ഈ വിശദീകരണം നല്‍കിയത്.
എന്നാല്‍ ദേവസ്വത്തിന്റെ മൊത്ത വരുമാനം എത്രയാണെന്നോ മൊത്തം ചെലവ് എത്രയാണെന്നോ നീക്കിയിരുപ്പ് എത്രയാണെന്നോ അത് എവിടെ സൂക്ഷിച്ചിരിക്കുന്നുവെന്നോ ദേവസ്വം മന്ത്രി വെളിപ്പെടുത്തിയില്ല. ഈ കണക്കുകള്‍ അറിയാതെ ദേവസ്വത്തിന്റെ പണം സര്‍ക്കാര്‍ എടുത്തോ എടുത്തില്ലയോ എന്ന് തിരിച്ചറിയാന്‍ സാധ്യമല്ല. അങ്ങനെ നോക്കുമ്പോള്‍ ദേവസ്വം മന്ത്രി നിയമസഭയെയും ജനങ്ങളെയും വിഡ്ഢികളാക്കുകയായിരുന്നുവെന്ന് വേണം കരുതാന്‍.
ദേവസ്വം മന്ത്രിയുടെ ഗീര്‍വാണം ശ്രദ്ധിക്കുക- റോഡ്, പാലം, കലുങ്ക്, ആശുപത്രി തുടങ്ങിയവ നിര്‍മിക്കാനായി ഏകദേശം 540 കോടി രൂപ സര്‍ക്കാര്‍ ചെലവാക്കിയെന്ന് അദ്ദേഹം അവകാശപ്പെടുന്നു. ഇതെല്ലാം ക്ഷേത്രങ്ങള്‍ക്കുവേണ്ടിയുള്ള ചെലവാണ് എന്ന വിചിത്രമായ വാദവും ഉന്നയിക്കുന്നു. ഇക്കണക്കിന് എറണാകുളത്തുനിന്ന് തൃശൂരിലേക്കുള്ള ഹൈവേ പണിഞ്ഞത് എറണാകുളത്തപ്പനും വടക്കുംനാഥനും വേണ്ടിയാണെന്നും അങ്ങനെ കോടിക്കണക്കിന് രൂപ ഈ രണ്ട് ക്ഷേത്രങ്ങള്‍ക്കും വേണ്ടി സര്‍ക്കാര്‍ ചെലവാക്കിയെന്നും ഈ മന്ത്രി വാദിച്ചാല്‍ അത്ഭുതപ്പെടാനില്ല.
ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് എന്ന മട്ടിലാണ് വി.ഡി.സതീശന്‍ മന്ത്രിയുടെ കൂടെക്കൂടിയിരിക്കുന്നത്. ദേവസ്വത്തില്‍നിന്നും ഒരു രൂപയെങ്കിലും സര്‍ക്കാര്‍ ട്രഷറിയിലേക്ക് മാറ്റിയതിന്റെ തെളിവുകള്‍ ഹാജരാക്കാന്‍ സതീശന്‍ ഹിന്ദു സംഘടനാ നേതാക്കളെ വെല്ലുവിളിക്കുന്നു. ഇതേ ആവശ്യം വെളിച്ചപ്പാടു തുള്ളുന്ന ആവേശത്തോടെയാണ് തൃത്താല എംഎല്‍എ വി.ടി.ബല്‍റാം ആവര്‍ത്തിക്കുന്നത്. ഈ രണ്ട് എംഎല്‍എമാരുടെ അറിവിലേക്കായി ഒരുരൂപയല്ല പതിമൂന്നരലക്ഷം രൂപ ട്രഷറിയിലേക്ക് അടച്ചതിന്റെ വിവരാവകാശ രേഖയുടെ പകര്‍പ്പ് ഇവിടെ ഹാജരാക്കട്ടെ.
ഇത് വെറും നാല് സബ് ട്രഷറികളിലെ കണക്ക്. അതും കൊച്ചി ദേവസ്വത്തിന്റെ മാത്രം. തിരുവിതാംകൂര്‍, മലബാര്‍ ദേവസ്വങ്ങളില്‍നിന്നും ഗുരുവായൂര്‍, കൂടല്‍മാണിക്യം, പത്മനാഭസ്വാമി ക്ഷേത്രം തുടങ്ങിയ ഭരണസമിതികളില്‍നിന്നും എത്ര പണം ട്രഷറികളില്‍ നിക്ഷേപിക്കപ്പെട്ടിട്ടുണ്ട് എന്നുള്ള വിവരം പുറത്തുവരാനിരിക്കുന്നതേയുള്ളൂ.
ട്രഷറിയില്‍ പണം നിക്ഷേപിച്ചത് തെറ്റാണെന്നോ ശരിയാണെന്നോ അല്ല ഇവിടെ വാദിക്കുന്നത്. ട്രഷറിയില്‍ നിക്ഷേപിച്ചിട്ടേയില്ല എന്ന വാദം നുണയാണ് എന്ന് തെളിയിക്കുകയാണ് ഈ രേഖകളിലൂടെ ചെയ്യുന്നത്.
എന്തുകൊണ്ട് ഇങ്ങനെയൊരു നുണ സതീശനും ബല്‍റാമും ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നുവെന്നത് മനസ്സിലാകുന്നില്ല. ഈ വിവരം അവരുടെ കൈയില്‍ ഇല്ലായിരുന്നുവെന്നാണെങ്കില്‍ അതൊരു കുറ്റമല്ല. പക്ഷെ ഇങ്ങനെ ഒരു വ്യാജപ്രസ്താവനയും അതെത്തുടര്‍ന്ന് വെല്ലുവിളിയും നടത്തിയതിന്റെ പേരില്‍ സതീശനും ബല്‍റാമും പൊതുസമൂഹത്തോട് മാപ്പു പറയേണ്ടതാണ്. ആ മര്യാദയെങ്കിലും കാണിച്ചില്ലെങ്കില്‍ ജനപ്രതിനിധി എന്ന വാക്കിന് അര്‍ത്ഥമില്ലാതെ പോകും.

സര്‍ണം, വെള്ളി അടക്കമുള്ള പണ്ടാരവരവുകള്‍ എണ്ണിത്തിട്ടപ്പെടുത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാണിക്കുന്ന ഒാഡിറ്റ് റിപ്പോര്‍ട്ടിലെ പ്രസക്തഭാഗം
പണം നിക്ഷേപിക്കുന്ന കാര്യം ഇങ്ങനെയിരിക്കുമ്പോള്‍ സ്വര്‍ണനിക്ഷേപത്തിന്റെ കാര്യം എങ്ങനെയാണ് എന്ന് പരിശോധിക്കാം. കൊച്ചി ദേവസ്വം ബോര്‍ഡിന്റെ സ്വര്‍ണശേഖരത്തിന് 1976 നു ശേഷം കണക്കേയില്ല എന്ന് ഓഡിറ്റര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. 2013-14 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരം ഓഡിറ്റര്‍മാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അത് അവരുടെ വാക്കുകളില്‍ തന്നെ വായിക്കുക.
1976 നു ശേഷം പണ്ടം, പാത്രം രജിസ്റ്റര്‍ പുതുക്കിയിട്ടില്ല. സ്വര്‍ണത്തിന്റെയോ വെള്ളിയുടെയോ മാറ്റ് നിശ്ചയിച്ചിട്ടില്ല. എന്തിന് എണ്ണിനോക്കിയിട്ടുപോലുമില്ല. അളവോ തൂക്കമോ എടുത്തിട്ടില്ല. നാല് പതിറ്റാണ്ടായി ദേവസ്വത്തിന്റെ സെന്‍ട്രല്‍ സ്റ്റോക്കിലുള്ള സ്വര്‍ണം, വെള്ളി, ഓട്, പിച്ചള തുടങ്ങിയ പണ്ടങ്ങളും പാത്രങ്ങളും കണക്കോ കുമ്മട്ടിക്കായോ ഇല്ലാതെ കൂട്ടിയിട്ടിരിക്കുകയാണ് എന്ന കാര്യം വെളിവാക്കിയത് ഹിന്ദുസംഘടനാ നേതാക്കളൊന്നുമല്ല. യോഗ്യന്മാരും പ്രഗത്ഭന്മാരുമായ രാംദാസ് ആന്റ് വേണുഗോപാല്‍ എന്ന ഓഡിറ്റര്‍മാരാണ്.
എന്തുപറയാനുണ്ട് ശ്രീ. ശിവകുമാര്‍? വി.ഡി.സതീശന് ഈ അനാസ്ഥയ്‌ക്കും കെടുകാര്യസ്ഥതയ്‌ക്കും മറുപടി പറയാന്‍ സാധിക്കുമോ? കണക്കില്ലാതെ സൂക്ഷിച്ച മുതല്‍ കള്ളന്മാര്‍ കൊണ്ടുപോയാല്‍ എത്ര കൊണ്ടുപോയി എന്നുപോലും തിരിച്ചറിയാന്‍ കഴിവില്ലാത്ത ദേവസ്വം ബോര്‍ഡും അവിടെനിന്നും നയാപൈസ ഞാനെടുത്തിട്ടില്ല എന്ന് അഭിമാനിക്കുന്ന മന്ത്രിയും ചേര്‍ന്ന് എന്ത് ഭരണമാണ് ദേവസ്വത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്?
കൊച്ചി ദേവസ്വം ബോര്‍ഡിന്റെ ഭീമമായ അഴിമതിക്കഥകള്‍ ഒരുപാടുണ്ട്. തല്‍ക്കാലം ഇതിവിടെനില്‍ക്കട്ടെ.
നമുക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സ്ഥിതി ഒന്ന് പരിശോധിക്കാം. ആ വിവരങ്ങള്‍ നാളെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: