തിരുവനന്തപുരം: പെരിയാറിന്റെ ആഴങ്ങളിലേക്ക് മുങ്ങിത്താണ അയ്യപ്പഭക്തനെ കരയ്‌ക്കെത്തിക്കുന്നതിനിടെ മുങ്ങി മരിച്ച കടുങ്ങല്ലൂര്‍ കൃഷ്ണലീല വീട്ടില്‍ ഉല്ലാസിന്റെ വിധവ ആരതിക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ ഇന്നലെ കൂടിയ മന്ത്രിസഭായോഗം തീരുമാനിച്ചു.
കോഴിക്കോട് ഓടവൃത്തിയാക്കാന്‍ ഇറങ്ങിയ രണ്ട് ആന്ധ്രാ സ്വദേശികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട നൗഷാദിന്റെ കുടുംബത്തിന് ദിവസങ്ങള്‍ക്കുള്ളില്‍ മുഖ്യമന്ത്രി ജോലി വാഗ്ദാനം ചെയ്തത് വിവാദമായിരുന്നു. വെള്ളാപ്പള്ളി നടേശന്‍ നയിച്ച സമത്വമുന്നേറ്റ യാത്രയില്‍ നൗഷാദ് വിഷയം ചൂടേറിയ ചര്‍ച്ചയ്‌ക്ക് വഴിതെളിച്ചു.
ക്രിസ്ത്യന്‍-മുസ്ലീം വിഭാഗത്തില്‍പ്പെട്ടവര്‍ ഇത്തരത്തില്‍ മരിച്ചാല്‍ സര്‍ക്കാര്‍ ഉടന്‍ ധനസഹായം നല്‍കുമെന്നും ഹിന്ദുവിഭാഗത്തിലുള്ളവര്‍ മരിച്ചാല്‍ ധനസഹായം നല്‍കില്ലെന്നുമായിരുന്നു ജാഥയിലെ പരാമര്‍ശം. ഇത് സാധൂകരിക്കുന്നത് സംബന്ധിച്ച് ‘മുങ്ങിത്താഴ്ന്നയാളെ രക്ഷിച്ച ഉല്ലാസിന്റെ ജീവന് പുല്ലുവില’ എന്ന തലക്കോട്ടോടെ ജന്മഭൂമി വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
എച്ചഎംടി കമ്പനിയിലെ ഇലക്ട്രിക്കല്‍ വിഭാഗം സൂപ്പര്‍വൈസറായിരുന്നു ഉല്ലാസ് മരിക്കുന്നതിന് നാലു മാസം മുമ്പാണ് ആരതിയെ വിവാഹം കഴിച്ചത്. മരണസമയത്ത് ആരതി ഗര്‍ഭിണിയായിരുന്നു. ആറുവര്‍ഷം എച്ച്എംടി കമ്പനിയില്‍ ഇലക്ട്രിക്കല്‍ വിഭാഗം ജീവനക്കാരനായിരുന്ന ഉല്ലാസ് അവിടത്തെ ഐഎന്‍ടിയുസി യൂണിയന്റെ വൈസ് പ്രസിഡന്റു കൂടിയായിരുന്നു.
അതേ യുണിയന്റെ പ്രസിഡന്റായിരുന്നു മുന്‍കേന്ദ്രമന്ത്രി കെ.വി.തോമസ് ആശ്രിത നിയമനവുമായി ബന്ധപ്പെട്ട് എംഎസ്‌സി കമ്പ്യൂട്ടര്‍ ബിരുദധാരിയായ ആരതിയ്‌ക്ക് ജോലി നല്കാമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ സ്ഥിരം ജീവനക്കാരനായിട്ടും, വര്‍ഷം ഒന്നു കഴിഞ്ഞിട്ടും നീതി ലഭിക്കാത്തതാണ് ജന്മഭൂമി വാര്‍ത്തയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: