കാസര്‍കോട്: ജില്ലയില്‍ കലാപമുണ്ടാക്കാനുള്ള ആസുത്രിത ശ്രമങ്ങളുടെ ഭാഗമാണ് ഹൈന്ദവ ആരാധനാലയങ്ങള്‍ക്കു നേരെ നടക്കുന്ന തുടര്‍ച്ചയായ അക്രമണങ്ങളെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയും ജില്ലാ പഞ്ചായത്തംഗവുമായ അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു. ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെ ബദിയടുക്കയിലെ മാന്യ അയ്യപ്പ ഭജന മന്ദിരം തീവെച്ച് നശിപ്പിക്കപ്പെട്ടു. മന്ദിരത്തിന് നേരെയുണ്ടായ തീവെപ്പില്‍ അവിടെ പ്രതിഷ്ഠിച്ചിരുന്ന ദ്വാരപാലക വിഗ്രഹത്തിന് കേടുപാടുകള്‍ സംഭവിച്ചു. തീകത്തുന്ന വെളിച്ചം കണ്ട് അവിടെ ഉറങ്ങുകയായിരുന്ന അയ്യപ്പന്മാര് അക്രമികളെ പിടികൂടുവാന്‍ ശ്രമിച്ചെങ്കിലും അവര്‍ ഓടി സമീപത്ത് നിര്‍ത്തിയിരുന്ന ബൈക്കുകളില്‍ രക്ഷപ്പെട്ടു.
സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന കാസര്‍കോട് ജില്ലയില്‍ വ്യാപകമായി ഹൈന്ദവ ആരാധനാലയങ്ങള്‍ക്ക് നേരെ മത തീവ്രവാദികള്‍ അക്രമണങ്ങള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അഴിച്ച് വിട്ടു കൊണ്ടിരിക്കുകയാണ്. കാവും പള്ളം ഭജന മന്ദിരം, മഡിയന്‍ കൂലോം ക്ഷേത്രത്തിന്റെ കമാനത്തിന് വീണ്ടും പച്ച പെയിന്റടിക്കല്‍, ചിപ്ലിക്കായയില് സ്ഥാപിച്ച ഉത്സവ ബോര്‍ഡുകള്‍ നശിപ്പിക്കല്‍ തുടങ്ങിയവ അക്രമിക്കുക വഴി കലാപം ഉണ്ടാക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നത്. ഇത് തിരിച്ചറിഞ്ഞ് ഗൂഡാലോചന നടത്തിയതുള്‍പ്പെടെയുള്ള പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറാകണം. ആരാധനാലയങ്ങള്‍ക്ക് നേരെ അക്രമണം അഴിച്ച് വിടുന്നവരെ ഒറ്റപ്പെടുത്തി നിയമത്തിന് മുന്നില്‍ കൊണ്ട് വരാന്‍ എല്ലാ മത വിഭാഗങ്ങളും തയ്യാറാകണമെന്ന് ശ്രീകാന്ത് പറഞ്ഞു. മാന്യ അയ്യപ്പ ഭജന മന്ദിരം പ്രസിഡണ്ട് രങ്കപ്പ നായക് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം അവിനാശ് റൈ, ഗ്രാമപഞ്ചായത്തംഗം ശങ്കരാടി, ബാലകൃഷ്ണ ഷെട്ടി കടാര്‍, മുന്‍ അംഗം മഹേഷ് വളകുഞ്ച തുടങ്ങിയവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്തംഗം ശ്യാമ പ്രസാദ് മാന്യ സ്വാഗതവും, അയ്യപ്പ ഭജനമന്ദിരം സെക്രട്ടറി മധുചന്ദ്ര നന്ദിയും പറഞ്ഞു. തുടര്‍ന്ന് മാന്യ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: