ആലപ്പുഴ: ദേശീയപാതയുടെ വശങ്ങളില്‍ റോഡിന്റെ പൊക്കവ്യത്യാസം പരിഹരിക്കാന്‍ വശങ്ങളില്‍ ഗ്രാവല്‍ ഇടുന്നതിനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്ന് അമ്പലപ്പുഴ താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു.
സ്‌കൂള്‍ കുട്ടികളെ പ്രൈവറ്റ് ബസുകളില്‍ കയറ്റുന്നില്ലായെന്ന പരാതി വ്യാപകമായതിനാല്‍ അടിയന്തര ശ്രദ്ധ ചെലുത്താന്‍ പോലീസ്, മോട്ടോര്‍ വെഹിക്കിള്‍ വകുപ്പുകള്‍ക്ക് സമിതി നിര്‍ദ്ദേശം നല്‍കി. മുല്ലയ്‌ക്കല്‍ ചിറപ്പിനു മുന്നോടിയായി ട്രാഫിക്ക് സംവിധാനം മെച്ചപ്പെടുത്തണമെന്നും മട്ടാഞ്ചേരി പാലം അപ്രോച്ച് റോഡ് പൂര്‍ത്തീകരിക്കണമെന്നും ആവശ്യമുയര്‍ന്നു. മാരാരിക്കുളം ബീച്ച് പരിസരങ്ങളില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമായി കാണുന്നുവെന്ന പരാതിയില്‍ പ്രദേശങ്ങളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ നിര്‍ദ്ദേശിച്ചു.
റോഡിലേക്കിറക്കി തട്ടുവെച്ചു നടത്തുന്ന മത്സ്യക്കച്ചവടം, വഴി യാത്രക്കര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ഇതിന് നടപടി സ്വീകരിക്കണമെന്നും നഗരസഭാ അധികൃതരോട് ആവശ്യപ്പെട്ടു. വികസന സമിതി യോഗത്തില്‍ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീന സനല്‍കുമാര്‍ ആധ്യക്ഷ്യം വഹിച്ചു.
















