സ്ത്രീകള്‍ക്ക് പരിശീലനവും പ്രോത്സാഹനവും നല്‍കാനായി സ്ത്രീകള്‍ തന്നെ ആരംഭിച്ച നിരീക്ഷ വിമന്‍സ് തീയേറ്റര്‍ ഇന്ന് അംഗീകാരങ്ങളുടെ നിവവില്‍. 1999 ല്‍ നിരീക്ഷ വിമന്‍സ്് തീയേറ്റര്‍ എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചതോടെ സ്ത്രീകള്‍ നടത്തുന്ന ആദ്യ തീയേറ്റര്‍ എന്ന ബഹുമതിക്ക് നിരീക്ഷ അര്‍ഹമായി. സാങ്കേതിക മികവില്‍ കേരളത്തിലെ മറ്റുവന്കിട തീയേറ്ററുകളോട് കിടപിടിക്കാന്‍ ഈ തീയേറ്ററിനായി എന്നത് സ്ത്രീകൂട്ടായ്മയുടെ മറ്റൊരു വിജയം കൂടിയാണ്.
സ്ത്രീകള്‍ തന്നെ കഥയും സംഭാഷണവുമെഴുതി സ്ത്രീതന്നെ കേന്ദ്ര കഥാപാത്രമായി സ്ത്രീകള്‍ സംവിധാനം ചെയ്ത നാടകങ്ങളാണ് അവതരിപ്പിക്കുകയെന്ന് നിരീക്ഷഷയുടെ പ്രസിഡന്റ് രാജരാജേശ്വരി പറയുന്നു. ഇതിനകം തന്നെ മുഖ്യധാരാ നാടകങ്ങളായ കുടിയൊഴിക്കല്‍, പ്രവാചക, ആണുങ്ങളില്ലാത്ത പെണ്ണുങ്ങള്, നിഴലുകളുടെ മാനം, പുനര്‍ജനി, ദി ട്രോള്‍ തുടങ്ങിയ നാടകങ്ങള്‍ രംഗത്ത് അവതരിപ്പിച്ചുകഴിഞ്ഞു. ഈ നാടകങ്ങളുടെ രചന നിര്‍വഹിച്ചത് ഇ. രാജരാജേശ്വരിയാണ്. സംവിധാനം ചെയ്തത് നിരീക്ഷയുടെ സെക്രട്ടറി സുധി ദേവയാനിയുമാണ്. 2009 ല്‍ ഭാരത് രംഗ് മഹോത്സവത്തില്‍ നാടകം അവതരിപ്പിക്കാന്‍ അവസരം ലഭിച്ചു. കൂടാതെ ദേശീയതലത്തില്‍ നിരവധി തീയേറ്റര്‍ ഫെസ്റ്റിവലുകളിലും പങ്കെടുത്തിട്ടുമുണ്ട്.
ആണുങ്ങളില്ലാത്ത പെണ്ണുങ്ങള് എന്ന നാടകത്തിന് 2010ല്‍ ഐടിഎഫ്ഒകെയിലും 2011 ല്‍ ഗോവ സര്‍ക്കാര്‍ സംഘടിപ്പിച്ച നാട്യോത്സവിലും മികച്ച സംവിധാനത്തിനുള്ള അവാര്‍ഡുകള്‍ ലഭിച്ചു. നിരീക്ഷയുടെ ഏറ്റവും ഒടുവിലത്തെ നാടകമായ പുനര്‍ജനി കോട്ടയത്ത് പബ്ലിക് റിലേഷന്‍സ് വകുപ്പ് 2014 ല്‍ സംഘടിപ്പിച്ച നാട്യഹേമന്തം ദേശീയ തീയേറ്റര്‍ ഫെസ്റ്റിവലിലും 2015 ഫെബ്രുവരിയില്‍ നടന്ന 16-ാമത് ഭാരത് രംഗ് മഹോത്സവത്തിലും അവതരിപ്പിക്കാന്‍ അവസരം ലഭിച്ചു. തെരുവു നാടകങ്ങളും വര്‍ക്ഷോപ്പുകളും സംഘടിപ്പിക്കുന്നതില്‍ നിരീക്ഷയ്ക്ക് റെക്കോഡ്
നേട്ടം കൈവരിക്കാനായി എന്നതും ശ്രദ്ധേയം. കൂടാതെ മഹിളാ സമഖ്യ, കുടുംബശ്രീ തുടങ്ങിയ വനിതാ കൂട്ടായ്മയിലെ താല്പര്യമുള്ളവരെ കണ്ടെത്തി പരിശിലനം നല്‍കാനായി രംഗശ്രീ എന്ന കൂട്ടായ്മയും സംഘടിപ്പിച്ചുവരുന്നു. കേരളത്തിലെ അഞ്ചു ജില്ലകളിലെ സ്ത്രീകള്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കുക.
ഇതിനു പുറമേ കുട്ടികളിലെ സര്‍ഗവാസനയെ പരിപോഷിപ്പിക്കാനായി അനുഭവ ചില്‍ഡ്രന്‍സ് തീയേറ്റര്‍ എന്ന ഒരു ഗ്രൂപ്പും അടുത്തിടെ നിരീക്ഷ ആരംഭിച്ചുകഴിഞ്ഞു. നിര്‍ഭയയിലെ 25 പെണ്‍കുട്ടികളെ 2016 ല്‍ തെരുവുനാടകം അവതരിപ്പിക്കാനായി പരിശീലിപ്പിച്ചുവരുന്നു. കലാരംഗത്തെ സ്ത്രീമുന്നേറ്റം ലക്ഷ്യമിട്ടാണ് ഈ തീയേറ്റര്‍ ഗ്രൂപ്പിന് രൂപം നല്‍കിയതെന്ന്
രാജരാജേശ്വരി പറയുന്നു.
അതേ, സ്ത്രീസമൂഹം ഇന്ന് മാറ്റത്തിന്റെ പാതയിലാണ്. പുത്തന്‍ ആശയങ്ങളാണ് ഇതിനായി ആവിഷ്കരിക്കപ്പെടുന്നത്. സമൂഹത്തില്‍ തന്റേതായ ഇടംകണ്ടെത്താന്‍ കലയിലൂടെയൊരു മുന്നേറ്റവും അതുവഴിയുള്ള ശാക്തീകരണവുമാണ് നിരീക്ഷയുടേയും ലക്ഷ്യം. കൂടാതെ അഭിനയിക്കാന്‍ സന്നദ്ധരായ സ്ത്രീകള്‍ക്ക് മടികൂടാതെ കടന്നുവരുന്നതിനുള്ള വേദിയും നിരീക്ഷ ഒരുക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: