മലപ്പുറം: വയോജനങ്ങളുടെ സംരക്ഷണത്തിനായി രൂപീകരിക്കപ്പെട്ട ആര്‍ഡിഒ അദ്ധ്യക്ഷനായ ട്രൈബ്യൂണലുകള്‍ കേസുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുതിര്‍ന്ന പൗരന്മാരുടെ അവകാശ സംരക്ഷണത്തിനായുള്ള റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സര്‍ക്കാര്‍ നിയമിച്ച സ്‌പെഷ്യല്‍ ഓഫീസര്‍ അഡ്വ.വി.കെ ബീരാന്‍ പറഞ്ഞു. വയോജനങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ടും കുട്ടികളില്‍ നിന്ന് ചെലവ് ലഭിക്കാനുമുള്ള പരാതികളില്‍ കോടതി നടപടികളുടെ നൂലാമാലകളില്ലാതെ സ്വാഭാവികനീതി മാത്രം പരിശോധിച്ച് മൂന്ന് മാസത്തിനകം തീര്‍പ്പുണ്ടാക്കുന്നതിനാണ് ട്രൈബ്യൂനലുകള്‍ രൂപവത്ക്കരിച്ചത്. അനിവാര്യഘട്ടത്തില്‍ കാരണം രേഖപ്പെടുത്തി ഇത് ഒരു മാസംകൂടി നീട്ടാം. തുടര്‍ന്ന് ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള അപ്പലറ്റ് അതോറിറ്റി ഒരു മാസത്തിനകവും നടപടി സ്വീകരിക്കണമെന്നാണ് ചട്ടമെന്നും മലപ്പുറം കലക്‌ട്രേറ്റ് ഹാളില്‍ നടത്തിയ സിറ്റിങിന് ശേഷം അദ്ദേഹം പറഞ്ഞു.
മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനു വേണ്ടി പാര്‍ലമെന്റ് പാസാക്കിയ ‘മുതിര്‍ന്ന പൗരന്മാരുടെയും മാതാപിതാക്കളുടെയും സംരക്ഷണ- ക്ഷേമ നിയമം 2007’ ന്റെ ലക്ഷ്യം ഇപ്പോഴും കൈവരിക്കാനായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മുതിര്‍ന്നവരുടെ അവകാശങ്ങളെ കുറിച്ച് അവര്‍ ബോധവാന്മാരല്ല. അവരെ ഉത്ബുദ്ധരാക്കാന്‍ ഉദ്യോഗസ്ഥര്‍ മുന്‍കയ്യെടുക്കണം. ഈ നിയമം ശരിയായ രീതിയില്‍ നടപ്പാക്കിയാല്‍ തന്നെ വയോജനങ്ങളുടെ 70 ശതമാനം പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഓരോ പോലീസ് സ്റ്റേഷന്‍ പരിധിയിലുമുള്ള വയോജനങ്ങളുടെ കണക്കുകള്‍ പൊലീസ് ശേഖരിക്കുകയും വിവരങ്ങള്‍ പുതുക്കുകയും ചെയ്യണമെന്നാണ് നിയമം.
മുതിര്‍ന്ന പൗരന്മാരില്‍ പലരും സ്വന്തം കുടുംബങ്ങളില്‍ നിന്നും സമൂഹത്തില്‍ നിന്നും വലിയ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. വിവിധ കാരണങ്ങളാല്‍ അവഗണനയും ഭൗതിക സാമ്പത്തിക ചുറ്റുപാടുകളുടെ അഭാവവും നിമിത്തം യാതന അനുഭവിക്കുന്ന വയോധികരുടെ അവകാശങ്ങളും ആവശ്യങ്ങളും പരിഗണിക്കുന്നതിന് ഒരു നിയന്ത്രണ ബോര്‍ഡ് രൂപവത്ക്കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ബോര്‍ഡ് എങ്ങനെയായിരിക്കണമെന്നും കേരളത്തെ വയോജന സൗഹൃദ സംസ്ഥാനമാക്കാന്‍ എന്തെല്ലാം ചെയ്യണമെന്നും പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് അഡ്വക്കറ്റ് ജനറലിന്റെ പദവിയില്‍ സ്‌പെഷല്‍ ഓഫീസറെ നിയമിച്ചിരിക്കുന്നത്. ഏഴ് ജില്ലകളില്‍ സിറ്റിങ് പൂര്‍ത്തിയായതായും ബാക്കി ജില്ലകളില്‍ ഉടന്‍ നടത്തുമെന്നും വി.കെ. ബീരാന്‍ പറഞ്ഞു.
കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം, കേരള റിട്ട. സോഷ്യല്‍ ജസ്റ്റിസ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍, കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ വിസ്‌കോ വേങ്ങര തുടങ്ങിയ സംഘടനാ പ്രതിനിധികളും സന്നദ്ധ പ്രവര്‍ത്തകരും നിരവധി മുതിര്‍ന്ന പൗര•ാരും സ്‌പെഷല്‍ ഓഫീറെ നേരില്‍ കണ്ട് പരാതി നല്‍കാനെത്തി. തിരൂര്‍ ആര്‍ഡിഒ ജെ.ഒ.അരുണ്‍,ജില്ലാ സാമൂഹികനീതി ഓഫീസര്‍ കെ.വി. സുഭാഷ്‌കുമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: