ചെറുതോണി: നിരവധി ആളുകളുടെ ജീവന് ഭീഷണി തീര്‍ത്ത് കുളവിക്കൂട്. വാഴത്തോപ്പ് ഞാവല്‍ചുവട്ടില്‍ തടത്തില്‍ സോയിയുടെ പറമ്പിലെ തെങ്ങിലാണ് ഭീമാകാരമായ കുളവിക്കൂട് കണ്ടെത്തിയത്. ഉണങ്ങിയ തെങ്ങോലകളില്‍ തൂങ്ങി കിടക്കുന്ന കൂട് മടല്‍ വീഴുകയോ, ശക്തമായ കാറ്റടിക്കുകയോ ചെയ്താല്‍ താഴെ വീഴും. ഇതോടെ കൂട്ടിനുള്ളിലുള്ള കുളവികള്‍ പ്രദേശമാകെ പരക്കുകയും ചെയ്യും. എന്നാല്‍ നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിലും, പോലീസിലും, വനംവകുപ്പിലും സഹായങ്ങള്‍ തേടി സമീപിച്ചെങ്കിലും എല്ലാ വകുപ്പുകളും കൈമലര്‍ത്തി എന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്. ഇതോടെ എന്ത് ചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ് നാട്ടുകാര്‍. കത്തീഡ്രല്‍ പള്ളിയിലേക്കും, ഗ്യാസ് ഏജന്‍സിയിലേക്കും, ചെറുതോണി ടൗണിലേക്കും പോകുന്ന പ്രധാന പാതയുടെ ഓരത്താണ് കുളവിക്കൂട്. നൂറു കണക്കിന് വിദ്യാര്‍ത്ഥികളാണ് ഇതുവഴി യാത്ര ചെയ്യുന്നത്.
മണ്ണൂര്‍ ജോസഫ്, തടത്തില്‍ സോയി, തൊടുകയില്‍ രമേശ്, പുളിയ്‌ക്കമാക്കല്‍ ജയിംസ് എന്നിവരുടെ വീടുകള്‍ക്ക് പുറമേ സമീപത്ത് കെ എസ് ഇ ബി ക്വാര്‍ട്ടേഴ്‌സുകളില്‍ വാടകയ്‌ക്ക് താമസിക്കുന്ന പിഞ്ചുകുട്ടികളടക്കം നിരവധി കുടുംബങ്ങളാണ് കുളവി ഭീഷണിയില്‍ കഴിയുന്നത്. ഉയരമുള്ള തെങ്ങിലാണ് കൂട് സ്ഥിതി ചെയ്യുന്നത്. ഉണങ്ങിയ ഓലമടലായതിനാല്‍ തെങ്ങിന്റെ മുകളില്‍ കയറിച്ചെന്ന് കത്തിച്ചു കളയുന്നതും പ്രായോഗികമല്ല. അതിനാല്‍ ജില്ലാ ഭരണകൂടം അടിയന്തിര ഇടപെടല്‍ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: