തിരുവനന്തപുരം: ആസ്വാദകരെ ഭക്തിയില്‍ ആറാടിച്ച് അനുശ്രീ സൂര്യനൃത്തോത്സവ വേദിയില്‍ നിറഞ്ഞാടി. കഠിന സാധനയിലൂടെ തപം ചെയ്തെടുത്ത മനസുമായി ഐടി ലോകത്തു നിന്നാണ് അനുശ്രീ എന്ന കലാകാരി ഇന്നലെ വൈലോപ്പിള്ളി സംസ്കൃതിഭവനില് നടന്ന സൂര്യ ഫെസ്റ്റിവലില്‍ ചിലങ്ക കെട്ടാനെത്തിയത്. തിരുവനന്തപുരം വള്ളക്കടവ് വൈഎംഇ റോഡ് ടിസി 36/810 പത്മപ്രഭയില്‍ മുന്‍ എയര്‍ഇന്ത്യ ഉദ്യോഗസ്ഥന് കൃഷ്ണകുമാറിന്റെയും നര്‍ത്തകിയായ സതിയുടെയും മകളായ അനുശ്രീയുടെ സ്വപ്നമായിരുന്നു സൂര്യവേദിയില്‍ നൃത്തമാടുകയെന്നത്.
കാവാലം നാരായണപ്പണിക്കര്‍ ചിട്ടപ്പെടുത്തിയ യദുകുല കാംബോജിയിലുള്ള ഗണപതി സ്തുതിയില്‍ തുടങ്ങി കുചേല വൃത്തം ആട്ടകഥയിലെത്തിയ ഭക്തിയുടെ അമൃതേത്തായിരുന്നു അനുശ്രീയുടെ മോഹിനിയാട്ടം. ചുവടുകളില്‍ പ്രതിഭയെ ഒളിപ്പിച്ച് സദസ്യരെ ആനന്ദനിര്‍വൃതിയിലേക്ക് ആനയിച്ച പ്രകടനം. കലാമണ്ഡലം ഗീതാനമ്പ്യാരുടെ ശിക്ഷണത്തില്‍ മൂന്നുവയസു മുതല്‍ നൃത്തം അഭ്യസിച്ചു തുടങ്ങിയതാണ് അനുശ്രീ. അടിത്തറയിട്ടത് ഭരതനാട്യത്തിലായിരുന്നെങ്കിലും കഴിഞ്ഞ കാല് നൂറ്റാണ്ടിനിടയ്ക്ക് ചിലങ്കയണിഞ്ഞതേറെയും മോഹിനിയാട്ടത്തിനായിരുന്നു. കമ്പ്യൂട്ടറിനു മുന്നിലെ തിരക്കിട്ട ജോലികള്‍ക്കിടയില്‍ ഇന്നും നൃത്തപഠനത്തിന് സമയം നീക്കിവയ്ക്കാറുണ്ട് അനു. അശ്വതി. എ നായരാണ് ഇപ്പോള്‍ അനുവിന്റെ ഗുരു. ഭര്‍ത്താവ് ഡോ സൂരജ് ചന്ദ്രന് പിന്തുണയുമായി കൂടെയുള്ളതും അനുവിന് നൃത്ത വേദികളില്‍ സജീവമാകാന്‍ സാധിക്കുന്നു. ടാറ്റ കണ്‍സള്‍ട്ടന്‍സി പ്രൈവറ്റ് ലിമിറ്റഡിന്റെ എറണാകുളം ഓഫീസില്‍ ഐടി വിദഗ്ധയാണ് അനുശ്രീ. മൂന്നര വയസുകാരി മാളവ്യ ഏക മകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: