അമ്പലവയല്‍: ക്രിസ്തുമസ് പുതുവത്സര വിപണി ലാക്കാക്കി വനത്തിനുള്ളില്‍ വ്യാജവാറ്റ്. വനംവകുപ്പും എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയില്‍ വാറ്റുകേന്ദ്രം കണ്ടെത്തി. വാഷും വാറ്റുപകരണങ്ങളും പിടികൂടി. വനപാലകര്‍ വാറ്റ് ഉപകരണങ്ങള്‍ പിടികൂടിയപ്പോള്‍
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വടുവഞ്ചാല്‍ ബടേരി ഫോറസ്റ്റ് സെക്ഷന്‍ കീഴിലെ നസ്രാണിക്കാടില്‍ ശനിയാഴ്ച വടേരി ഫോറസ്റ്റ് സെക്ഷന്‍ ഫോറസ്റ്റര്‍ ബീരന്‍ കുട്ടി കല്‍പ്പറ്റ എക്സൈസ് ഇന്‍സ്പെക്ടര്‍ യു ഷാനവാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വനത്തില്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് വാറ്റ് കേന്ദ്രം കണ്ടെത്തിയത്.
ചാരായം വാറ്റുന്നതിനായി വെച്ചിരുന്ന അറുനൂറ് ലിറ്റര്‍ വാഷും വാറ്റ് നടത്താനുള്ള ഗ്യാസ് സ്റ്റൗ, പൈപ്പുകള്‍ എന്നിവയും കണ്ടെടുത്തു. ഇരുനൂറ് മീറ്റര്‍ കൊള്ളുന്ന മൂന്ന് ബാരലുകളിലായാണ് വാഷ് സൂക്ഷിച്ചിരുന്നത്. ആരെയും പിടികൂടിയിട്ടില്ല. സംയുക്ത പരിശോധന മണത്തറിഞ്ഞ് വാറ്റ്സംഘം രക്ഷപ്പെട്ടതായിരിക്കാമെന്നാണ് കരുതുന്നത്. പാതയോരത്ത് നിന്ന് അഞ്ഞൂറ് മീറ്റര്‍ വനത്തിലേക്ക് മാറി ഇഞ്ചക്കാടുകള്ക്കിടിയിലാണ് വാറ്റാനായി തയ്യാറെടുപ്പ് നടത്തിയിരിക്കുന്നത്. പുറത്ത് നിന്ന് അത്ര പെട്ടെന്നൊന്നും ആര്‍ക്കും വാറ്റ്കേന്ദ്രം കണ്ടെത്താനാകില്ല എന്നതാണ് വാറ്റുകാര്‍ക്ക് ധൈര്യം പകര്‍ന്നിരിക്കുന്നത്. ക്രിസ്തുമസ് നസ്രാണിക്കാട്ടില്‍ വ്യാജ വാറ്റ് നടക്കുന്നതായി നേരത്തെ മുതല്‍ ആരോപണം ശക്തമായിരുന്നു.
2014ല്‍ ഓണസമയത്ത് നസ്രാണിക്കാടില്‍ വെച്ച് നാനൂറ് ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തിരുന്നു. കോഴിക്കോട് ഊട്ടി റോഡില്‍ നിന്ന് അമ്പത് മീറ്റര്‍ മാറിയാണ് അന്ന് വാറ്റ് കേന്ദ്രം കണ്ടെത്തിയത്. 2000 വര്‍ഷം മുതല്‍ 2004 വരെ ഈ വനമേഖലയിലെ ചേരംകുണ്ട്, കാടാച്ചേരി പ്രദേശങ്ങളില്‍ വാറ്റ് നിര്‍ബാധം അരങ്ങേറിയിരുന്നു. വനപാലകര്‍ ചേര്‍ന്ന് തുരത്തിയോടിക്കുകയായിരുന്നു. ഇക്കാലങ്ങളില്‍ കാടിന് ഉള്ളിലാണ് വാറ്റ് നടന്നതെങ്കില്‍ ഇപ്പോള്‍ പാതയോരത്ത് നിന്ന് ഒരു വിളിപ്പാടകലെയാണ് വാറ്റ് നടക്കുന്നത്. ഇടക്കാലം വരെ കാട്ടിലമു വ്യാജ വാറ്റിന് അയവ് വന്നിരുന്നെങ്കിലും ഉത്സവ കാലങ്ങളില്‍ നസ്രാണിക്കാട് വീണ്ടും വാറ്റുകേന്ദ്രമായി മാറുന്നുവെന്നതാണ് പുതിയ സംഭവം തെളിയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: