ഭക്ഷണത്തെ പോഷകാഹാരമായി കരുതിയുള്ള വിധികളുമുണ്ട്. അമൂല്യമായ നമ്മുടെ നാട്ടറിവില്‍. ഇതാ ഉദാഹരണങ്ങള്‍. നെല്ലിക്കാപ്പൊടി പാലില്‍ കാച്ചി ദിവസവും ഉപയോഗിച്ചാല്‍ വണ്ണം വയ്ക്കുമത്രെ. മഞ്ഞള്‍ ചതച്ച് വെള്ളത്തിലിട്ടുവച്ച ശേഷം പിറ്റേന്ന് കുടിച്ചാല്‍ മൂത്രമൊഴിച്ച് ശമിക്കും. പക്ഷേ, ഇത് നിത്യവും ചെയ്യണമെന്നു മാത്രം. ചുക്ക് പൊടിച്ച് ചൂടുവെള്ളത്തിലിട്ട് നെയ്യൊഴിച്ച് കുടിച്ചാല്‍ ദഹനക്കേടിന് ശമനമുണ്ടാകുമെന്നും മുത്തശ്ശിമാരുടെ വായ്ത്താരി പറയുന്നു.
തഴുതാമ എന്ന കാട്ടുചെടിയെക്കുറിച്ച് കേട്ടിട്ടില്ലെ?. പുതിയ തഴുതാമ വേര് ആറ് കഴഞ്ചുവീതം അരച്ചു പാലില്‍കലക്കി ഒരുമാസം സേവിച്ചാല്‍ യുവത്വവും ഊര്‍ജ്ജസ്വലതയും നിലനിര്‍ത്താമത്രെ. തീപ്പൊള്ളലേറ്റ ഭാഗത്ത് കോഴിമുട്ടയുടെ വെള്ളപുരട്ടിയാല്‍ പൊള്ളല്‍ കുമിളയ്ക്കുകയോ കരിഞ്ഞപാടുണ്ടാവുകയോ ഇല്ലെന്നും വീട്ടുശാസ്ത്രം പറയുന്നു.
മൂക്കില്‍ നിന്ന് വെള്ളമൊലിക്കുമ്പോള്‍ ഉള്ളിമൂപ്പിച്ച് മണപ്പിച്ചാല്‍ ഒരു ഇന്‍ഹേലറിന് തുല്യമായ ആശ്വാസം ലഭിക്കും. നീരൊഴുക്ക് കുറയും. പക്ഷേ കണ്ണില്‍ നിന്നും നീരൊഴുക്ക് തുടങ്ങുമെന്നൊരു കുഴപ്പമുണ്ട്.
വണ്ണം കുറയ്ക്കാനുമുണ്ടൊരു മാര്‍ഗം- അതിരാവിലെ എന്നും പച്ചവെള്ളത്തില്‍ തേനൊഴിച്ച് കുടിച്ചാല്‍ മതി. കരിക്കിന് നീരില്‍ പച്ചപ്പാലൊഴിച്ച് പലവട്ടം കുറേശ്ശെ നല്കിയാല് ചുമയ്ക്ക് ആശ്വാസമുറപ്പ്. നാരങ്ങാ നീരില്‍ പഞ്ചസാര ചേര്‍ത്ത് പലവട്ടം കഴിച്ചാല്‍ ഛര്‍ദ്ദി നിലയ്ക്കും. കോലാടിന്റെ പാല് ദിവസവും രാവിലെ കുടിച്ചാല്‍ രക്താര്ശ്ശസ് സുഖപ്പെടുകയും ചെയ്യും. പക്ഷേ, ഇതൊക്കെ പറയുമ്പോഴും നാം ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് രൂപപ്പെട്ടതാണീ ഒറ്റമൂലികള്‍. രോഗങ്ങളും രോഗാണുക്കളും മാത്രമല്ല, സസ്യലതാദികളുടെ സ്വഭാവവും ഇന്ന് ഏറെ മാറിപ്പോയിരിക്കുന്നു.
ജീവിതചര്യയുടെ കാര്യത്തിലും കാലാവസ്ഥാ കാര്യത്തിലുമുണ്ട് ഈ മാറ്റം. കര്‍ക്കിടകത്തില്‍ ശരീരമാസകലം എണ്ണ തേച്ചുകുളി നിര്‍ബന്ധം. വേഗത്തില്‍ ദഹിക്കുന്ന ഭക്ഷണം വേണം കര്‍ക്കിടകത്തില്‍ കഴിക്കാന്‍. ലഘുവായ വ്യായാമം മാത്രമേ ആകാവൂ, പകലുറങ്ങരുത്. രാത്രിയില്‍ ഉറക്കമിളയ്ക്കരുത്. കര്‍ക്കിടകത്തില്‍ വെയില് കൊള്ളരുത്. പക്ഷേ കര്‍ക്കിടകത്തിന്റെ സ്വഭാവം തന്നെ മാറിയിരിക്കുന്നു.
മഴയുടെ മുന്നറിയിപ്പുകളും നൂറുകണക്കിന് വര്‍ഷങ്ങളിലെ അനുഭവ ജ്ഞാനത്തിന്റെ ബലത്തില്‍ രൂപപ്പെട്ടതാണ്. ഉദാഹരണത്തിന് തവള കരഞ്ഞാല്‍ മഴ വരും. കറുത്ത ഈയല് വന്നാല്‍ മഴയുടെ സൂചനയാണ്. തുമ്പികള്‍ കൂട്ടമായി പറന്നാല്‍ മഴ ഉറപ്പ്. വേഴാമ്പല്‍ കരയുന്നത് മഴയുടെ മുന്നറിയിപ്പാണ്. ഉറുമ്പ് മുട്ടയുമായി കൂട്ടത്തോടെ നീങ്ങുന്നത് വരാനിരിക്കുന്ന മഴയുടെ മുന്നോടിയാണ്. പാടത്ത് വെള്ളക്കൊക്ക് കൂട്ടത്തോടെ പറന്നിറങ്ങുന്നതും കുളക്കോഴിയുടെ കരച്ചിലുമൊക്കെ മഴയുടെ വരവായാണ് നമ്മുടെ പൂര്‍വികര്‍ കണ്ടത്. പക്ഷേ തവളയും കറുത്ത ഈയലും തുമ്പികളും വേഴാമ്പലുമൊക്കെ എവിടെയെന്നറിയാന്‍ ജിപിഎസ് ഉപയോഗിക്കേണ്ട കാലത്താണ് നാം ജീവിക്കുന്നത്.
ഞാറ്റുവേല അറിവുകളുടെ അവസ്ഥയും മറിച്ചല്ല. തിരുവാതിരയില്‍ തിരിമുറിയാതെ മഴയെന്നതാണ് നാട്ടറിവ്. പുണര്തത്തില് പുഴവെള്ളം കയറുമത്രെ. മകീരത്തില് വിതച്ചാല്‍ മദിക്കുമത്രെ. പൂയത്തിലെ മഴയില്‍ പുല്ലും നെല്ലായി മാറും. ചോതി വര്‍ഷിച്ചാല്‍ ചോറിന് പഞ്ഞമില്ലെന്നും പറയും.
അശ്വതിയിലിട്ട വിത്തും ഭരണിയിലിട്ട മാങ്ങയും കേടുവരില്ലത്രെ. ചോതി പെയ്താല്‍ ചോറുറച്ചു എന്നത് മറ്റൊരു വിശ്വാസം. പക്ഷേ കാലാവസ്ഥയുടെ താളം തെറ്റുമ്പോള്‍ ഞാറ്റുവേല ചൊല്ലുകളുടെ പ്രസക്തി കുറയുന്നു. ഇതേ പ്രശ്നം തന്നെ സസ്യലതാദികള്‍ക്കും ഫലമൂലാങ്ങള്‍ക്കുമുണ്ടെന്നാണ് പഴമക്കാരുടെ പക്ഷം. കാലാവസ്ഥയില്‍ വന്ന മാറ്റവും മണ്ണിലുണ്ടായ പോഷകക്ഷയവും രാസ-കീടവളങ്ങളുടെ അതിപ്രസരവും പല ഔഷധസസ്യങ്ങളുടേയും വീര്യത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഔഷധികളായ പല സസ്യങ്ങളും നശിച്ചുപോയതും ജൈവവൈവിധ്യത്തിനു ക്ഷയം ഭവിച്ചതും നാട്ടറിവുകളുടെ ആചരണത്തിന് തടസ്സം നില്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: