ടി.എ. മടക്കലിന്റെ ആദ്യ കവിതാ സമാഹാരമാണ് കോട്ടയ്ക്കല്‍ ചിത്രരശ്മി ബുക്സ് പുറത്തിറക്കിയ ‘പറയത്തിക്കല്ല്’. ‘ആത്മനൊമ്പരങ്ങളുടെ കുമിളതേങ്ങല്‍’ എന്ന തലക്കെട്ടില്‍ പ്രശസ്ത കവി പി.കെ ഗോപി അവതാരിക എഴുതിയ പറയത്തിക്കല്ലില്‍ പ്രതിഷേധത്തിന്റെ ചൂടും, നേരിന്റെ ചൂരുമുള്ള ’21’ കവിതകളാണുള്ളത്.
നാട്യങ്ങളില്ലാത്ത ഒരു നല്ല മനുഷ്യന്റെ നന്മ നിറഞ്ഞ മനസ്സ്; സമൂഹത്തെ കാര്‍ന്നു തിന്നുന്ന നെറികേടുകളോട് പൊരുത്തപ്പെടാനാകാതെ നീറുന്നതും പ്രക്ഷുബ്ധമാകുന്നതും ഓരോ കവിതയിലും തെളിഞ്ഞു കാണാം. പുലര്‍കാലത്തെ മഞ്ഞുതുള്ളിയുടെ നൈര്‍മല്യമോ, ചാറ്റല്‍ മഴ പെയ്തിറങ്ങുന്നതിന്റെ സൗന്ദര്യമോ മടക്കലിന്റെ കവിതകളില്‍ ബിംബങ്ങളാകുന്നില്ല. തന്റെ തീക്ഷ്ണമായ ജീവിതാനുഭവങ്ങള്‍ പകര്‍ന്നു നല്കിയ ചിന്തകളില്‍ നിന്നാണ് ടി.എ. മടക്കല്‍ എന്ന കവി അക്ഷരങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടുന്നത്. അതുകൊണ്ടു തന്നെയാവണം ഈ കവിതകള്‍ ഇടിവെട്ടിപെയ്യുന്നത്. കൊടുങ്കാറ്റാവാന്‍ കൊതിക്കുന്നത്.
സമാഹാരത്തിലെ ആദ്യ കവിതയായ ‘കഴുകന്’ വായിച്ചു തീരുമ്പോള്‍ തന്നെ ഈ കവിയുടെ രചനാരീതി വായനക്കാരനെ സ്വാധീനിക്കും. ചില നഗ്നയാഥാര്‍ത്ഥ്യങ്ങളുടെ ഭീതിജനകമായ ചിത്രങ്ങളാണ് ഉള്ളില്‍ തട്ടും വിധം കവിതയില്‍ ചിത്രീകരിക്കുന്നത്. കോലം കെട്ടൊരു കാലത്ത് നമുക്ക് ചുറ്റും നടന്നതും, നടന്നുകൊണ്ടിരിക്കുന്നതുമായ, സ്ത്രീത്വത്തിനു നേരെയുള്ള ക്രൂരതകളേയും, അക്രമങ്ങളേയും വരച്ചുകാട്ടി ആശങ്കകള്‍ പങ്കുവെയ്ക്കുന്ന ‘കഴുകന്’ എന്ന കവിത വായനക്ക് ശേഷവും നമ്മെ വേട്ടയാടിക്കൊണ്ടേയിരിക്കും.
പറയത്തിക്കല്ലിലെ ഏറ്റവും ശ്രദ്ധേയമായ കവിതകളിലൊന്ന് ‘പറയത്തിക്കല്ലു’തന്നെയാണ്. ഈ അടുത്ത കാലത്തൊന്നും ഇത്രയും ഉറപ്പുള്ള ഒരു പുസ്തകനാമം ശ്രദ്ധയില്‍പ്പെട്ടിട്ടില്ല എന്ന് പി.കെ. ഗോപി പറയുമ്പോള്‍ ഒട്ടും അതിശയപ്പെടേണ്ടതില്ല. മാത്രമല്ല ഇത്ര ഉറപ്പുള്ള ഒരു കവിതയും അടുത്ത കാലത്തൊന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ല എന്ന് വായനക്കാരനും സത്യസന്ധമായി തന്നെ സാക്ഷ്യപ്പെടുത്തുമെന്നതിലും സംശയമില്ല. ഉച്ചനീചത്തങ്ങള്‍ കൊടി കുത്തിവാണ കാലത്ത്, ദൃഷ്ടിക്ക് തീണ്ടലായി പെരുംശാപം വെള്ളിടിയായി പതിച്ചാണത്രെ പറയനും പറയത്തിയും കല്ലായത്. മിണ്ടാട്ടവും പ്രതികരണവുമില്ലാത്ത പറയത്തിക്കല്ലുകളാണ് ഞങ്ങളിന്ന് എന്ന രുചിക്കാത്ത സത്യം ഉറക്കെ വിളിച്ചു പറയുന്നുണ്ട്, കവി ഈ അതിശക്തമായ കവിതയിലൂടെ.
താന്തോന്നി, ആസ്വാദനത്തിന്റെ മറ്റൊരു തലം സൃഷ്ടിക്കുന്ന ‘ഒരു രക്തസാക്ഷിപ്രമേയം’, വായനക്കാരനെ വേറിട്ട ചിന്തയിലേക്ക് നയിക്കുന്ന ‘ഘടികാരസൂചികള്‍’, ‘അകലത്തൊരു പിറന്നാള്‍’, ഓണസദ്യ എന്നിവ രചനാശൈലികൊണ്ടും വ്യത്യസ്തമാണ്.
തന്റേതല്ലാത്ത കാരണത്തിന് ശിക്ഷയേറ്റുവാങ്ങേണ്ടി വരുന്നവന്റെ ഉള്ളുകലങ്ങിയുള്ള വിലാപമാണ് ‘കറുത്തവാവ്’ എന്ന രചന.
‘കര്‍ക്കിടകം’ എന്ന കവിതയില്‍, ദുരിതങ്ങള്‍ പെരുമഴയായി പെയ്തിറങ്ങുന്ന പഞ്ഞകര്‍ക്കിടകം പോലും ഒരു ഗൃഹാതുരത്വമായി കവിയില്‍ നിറയുന്നുണ്ടോ എന്ന സംശയം തോന്നാം.
സമൂഹത്തിലെ ഓരോ നേരിയ ചലനങ്ങളും ഈ എഴുത്തുകാരന് അതി സൂക്ഷ്മമായി തന്നെ നിരീക്ഷിക്കുന്നുണ്ട്. നമ്മള് കണ്ട് മറന്നുപോകുന്ന കാര്യങ്ങള്‍ മടക്കല്‍ കവിതകള്‍ക്ക് വിഷയമാകുന്നതിനു കാരണവും മറ്റൊന്നല്ല. ഗജേന്ദ്രമോക്ഷം,ആകാശ ചിറകുകള്, തൊഴിലുറപ്പ്, പൂമരങ്ങള്‍, പെരുമാള്‍ മുരുകന്റെ വാക്കുകള്‍ മരിക്കുന്നില്ല എന്നീ കവിതകള്‍ ഇതിനുദാഹരണങ്ങളാണ്. ചരിത്രത്തോടും ചരിത്ര പുരുഷന്മാരോടും ത്യാഗോജ്വലമായ ജീവിതങ്ങളോടും നീതി പുലര്‍ത്തണമെന്ന ആഗ്രഹത്തില്‍ നിന്നാണ് ‘പഴശ്ശി രാജ’ എന്ന കവിത പിറന്നതെന്ന് വ്യക്തം. കൂടുതല്‍ ഗൗരവമേറിയ വായനയും ഗഹനമായ പഠനവുമെല്ലാം മടക്കല്‍ കവിതകള്‍ അര്‍ഹിക്കുന്നുവെന്ന് പറയത്തിക്കല്ല് വായിച്ചാല്‍ മനസിലാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: