ഈശ്വര സമീപത്തെത്തിക്കുന്നത് എന്നതാണ് സോപാന ശബ്ദത്തിന്റെ അര്‍ത്ഥം.ആ സോപാനത്തിന് നൃത്താവിഷ്ക്കാരം നല്കി അവതരിപ്പിച്ചുവരികയാണ് രാജീവ് കൃഷ്ണ മങ്കൊമ്പ്. വേദാന്ത പ്രചരണാര്‍ത്ഥം രാജീവ്കൃഷ്ണ സ്വന്തമായി രൂപകല്‍പ്പന ചെയ്തതാണ് സോപാന നൃത്തം. കലകളുടെ നാടായ കേരളത്തിന് ഇതൊരു ഉപഹാരം തന്നെയാണ്.കഥകളിച്ചിട്ടയില്‍ നിന്നും കടഞ്ഞെടുത്ത തികവും മികവുമുളള ചുവടുവയ്പുകളാല്‍ കൈരളിക്കു സമര്‍പ്പിച്ച നാട്യവിസ്മയമാണിത്.
ഭക്തി വിവര്‍ദ്ധനമാണ് കലയുടെ ലക്ഷ്യമെന്ന് ഭരതമുനി നാട്യശാസ്ത്രത്തില്‍ പറയുന്നു. നര്ത്തകന് കാണികളുമായി നേരിട്ടു സംവദിച്ചുകൊണ്ട് നൃത്തം ചെയ്യുമ്പോള്‍ ഇരുകൂട്ടരും ഒന്നാകുകയും ഏകഭാവം സംജാതമാകുകയും മോക്ഷോപായം എന്ന നാട്യലക്ഷ്യത്തിന്റെ സോപാനത്തില്‍ പ്രേക്ഷകരും നര്‍ത്തകനും പ്രവേശിക്കുകയും ചെയ്യും. മുംബൈയില്വെച്ചുനടന്ന നവചണ്ഡികായാഗവേദിയില് ബ്രഹ്മശ്രീ ബ്രഹ്മപാദാനന്ദ സരസ്വതി സ്വാമിജിയുടെ അനുഗ്രഹത്തോടെയാണ് രാജീവ് സോപാന നൃത്തത്തിന് തുടക്കംക്കുറിച്ചത്. പയ്യന്നൂര്‍ പോത്താംകണ്ടം ആനന്ദഭവനാശ്രമത്തില് നവരാത്രിക്ക് ബ്രഹ്മശ്രീ കൃഷ്ണാനന്ദഭാരതി സ്വാമിജിയുടെ അനുഗ്രഹത്തോടെയാണ് കേരളത്തിലെ ആദ്യ അവതരണം നടന്നത്.
രണ്ടായിരത്തിപത്ത് ഡിസംബറില്‍ നവിമൂംബൈ ബേലാപ്പൂരില്‍ നടന്ന നവചണ്ഡികയാഗ വേദിയില്‍ രാജീവ്കൃഷ്ണക്ക് പെട്ടെന്ന് ചെയ്യേണ്ടിവന്ന ദശാവതാരസ്തുതിയായ സോപാനസംഗീതത്തിന്റെ നൃത്തരൂപമാണ് സോപാന നൃത്തമാക്കി പിന്നീട് വികസിപ്പിച്ചത്.
നവചണ്ഡികായാഗത്തിന്റെ ആറാം ദിവസം രാജമാതംഗി പൂജ എന്നൊരു ചടങ്ങുണ്ട്. ഈ ചടങ്ങ് കഴിഞ്ഞ് യാഗവേദിയില്‍ കലാപ്രകടനങ്ങള്‍ നടത്തുവാന്‍ താല്പര്യമുള്ളവര്ക്ക് അവ അവതരിപ്പിക്കാന്‍ അവസരമുണ്ടായിരുന്നു. അതിനു് മുന്‍കൂട്ടി പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുമുണ്ടായിരുന്നു. അതുപ്രകാരം രജിസ്റ്റര്‍ ചെയ്ത പരിപാടികള്‍ യാഗവേദിയില്‍ അവതരിപ്പിക്കുവാന്‍ യോഗ്യമല്ലാത്തതിനാല്‍ സംഘാടകര്‍ അവര്‍ക്ക് അനുമതി നല്‍കിയില്ല.
മുന്‍കൂട്ടി കലാപരിപാടികളുണ്ടാകുമെന്ന് പ്രഖ്യാപിച്ചതിനാല്‍ കലാപരിപാടി കാണാന്‍ വേദിനിറയെ ആളുകള്‍. ആ ഒരു സാഹചര്യത്തില്‍ യാഗത്തിന്റെ സംഘാടകരായ പെങ്ങോട്ടുകോണം മഠത്തിലെ പുരോഹിത സംഘത്തോടൊപ്പം ചെന്നിട്ടുള്ള രാജീവ്കൃഷ്ണയെ മഠാധിപനായ ബ്രഹ്മപാദാനന്ദസരസ്വതി സ്വാമിജി സമീപിച്ച് ഈ സമയത്ത് നിനക്ക് പലതും ചെയ്യുവാന്‍ കഴിയും. കഥകളിയും നൃത്തവും അഭ്യസിച്ചവനല്ലെ നീ, വല്ലതും ചെയ്യുവാന്‍ പറ്റുമൊയെന്നു നോക്ക്. യജ്ഞദേവതകളുടെ കൂട്ട് നിനക്കുണ്ടാകും” എന്നു പറഞ്ഞു. രാജീവ്കൃഷ്ണ നോക്കുമ്പോള്‍ യാഗവേദിയില്‍ നിറയെ കാണികള്‍. ചിന്തിച്ചു നില്ക്കാന് സമയമുണ്ടായില്ല.അപ്പോള്‍ അവിടെ ഒരു കൊട്ടിപ്പാട്ടുകാരന്‍(സോപാന സംഗീതക്കാരന്‍) മാത്രമേ മേളക്കാരനായി ഉണ്ടായിരുന്നുള്ളു. പ്രത്യേക വേഷങ്ങളൊന്നുമില്ലാതെ നാടന്‍ ഉടുത്ത്,നേര്യതിന് മേലാപ്പും ധരിച്ച്,സോപാനത്തില്‍ ദശാവതാരസ്തുതിക്കൊപ്പം ചുവടുവച്ചു.
2011 മേയ് 14 ന് പുതിയതായി വികസിപ്പിച്ചെടുത്ത് ഊട്ടി ഫേണ്‍ഹില്‍ നാരായണ ഗുരുകുലത്തില്‍ അവതരിപ്പിച്ചപ്പോള്‍ വിശദീകരണവും നടത്തിയിരുന്നു. വിശദീകരണവും കൂടി ചേര്‍ന്നപ്പോള്‍ ഇത് ഒരു കലാരൂപമായി മാറുകയും കാണികളംഗീകരിക്കുകയും ഒരു പുതിയ സമ്പ്രദായത്തിലെത്തുകയും ചെയ്തു. 2011 ലെ നവരാത്രിക്ക് പയ്യന്നൂര്‍ പോത്താംകണ്ടം ആനന്ദഭവനാശ്രമത്തിലും രാമമംഗലം പൂത്തൃക്ക ശ്രീകൃഷ്ണ ക്ഷേത്രത്തിലും അവതരിപ്പിച്ചപ്പോള്‍ ക്ലാസിക്കുകളും അല്ലാതെയുമുള്ള എല്ലാ കലകളേയും പ്രോത്സാഹിപ്പിക്കുന്ന കേരളത്തിലെ ജനങ്ങള്‍ ഇത് അംഗീകരിക്കുമെന്ന നിലയിലായി. തുടര്‍ന്ന് രാജീവ്കൃഷ്ണപോലുമറിയാതെ ഇത് ഒരു ക്ഷേത്ര കലയായി വളര്‍ന്നുവരികയായിരുന്നു.
രംഗത്തവതരിപ്പിക്കുന്ന നൃത്തരൂപത്തിന്റെ ആദ്ധ്യാത്മികവും താത്ത്വികവുമായ വിശദീകരണം നല്കുന്ന രീതി കാണികള്‍ സഹര്‍ഷം സ്വീകരിച്ചിരിക്കുന്നുവെന്നതില്‍ യാതൊരു സംശയവുമില്ല. ഒരു ആദ്ധ്യാത്മിക പ്രഭാഷണ നൃത്തപരിപാടി എന്ന രീതിയില്‍ത്തന്നെയാണ് സോപാന നൃത്തം അവതരിപ്പിക്കപ്പെടുന്നത്. കഴിഞ്ഞ മൂന്നുവര്‍ഷം ഇരുന്നൂറില്‍പ്പരം വേദികളില്‍ സോപാന നൃത്തം രാജീവ്കൃഷ്ണ അവതരിപ്പിച്ചു. ഇതില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്സവം, കടമ്മനിട്ട പടയണി, പള്ളുരുത്തി അഴകിയകാവ് ഭഗവതി ക്ഷേത്ര ഉത്സവം, അഗസ്ത്യക്കോട് ദശാവതാര യാഗം, ഏവൂര്‍ ആറാട്ട് തുടങ്ങിയവ എടുത്തുപറയേണ്ടുന്ന വേദികളാണ്.
സോപാന നൃത്തത്തിന്റെ വികസനത്തിനും പ്രചാരണത്തിനുമായി കൂടുതല്‍ സമയം മാറ്റിവെച്ചിരിക്കുന്ന രാജീവ്കൃഷ്ണ ആലപ്പുഴ ജില്ലയിലെ മങ്കൊമ്പില്‍ ജനിച്ചു. ചങ്ങനാശ്ശേരി എന്‍എസ്എസ് ഹിന്ദു കോളേജ്, ഹരിദ്വാര്‍,കാശി എന്നിവിടങ്ങളിലുമായിരുന്നു വിദ്യാഭ്യാസം. സംസ്കൃത ബിരുദാനന്തര ബിരുദത്തിനു ശേഷം പയ്യന്നൂരില്‍ രാമന്തളി കൃഷ്ണപ്പണിക്കരില്‍ നിന്ന് ഗുരുകുല സമ്പദായത്തില്‍ എട്ടുവര്‍ഷം സംസ്കൃതം പഠിച്ചു .
ചെറുപ്പത്തില്‍ തന്നെ ചമ്പക്കുളം മോഹനന്‍കുട്ടിയില്‍ നിന്നും നൃത്തവും നെടുമുടി നാണുനായര്, മങ്കൊമ്പ് ശിവശങ്കരപ്പിള്ള എന്നീ ഗുരുക്കളില്‍ നിന്ന് കഥകളിയും അഭ്യസിച്ചു. ഇപ്പോള്‍ സോപാന നൃത്തത്തിന്റെ വികസനത്തിനും ഗവേഷണത്തിനുമായി എറണാകുളം ഇടപ്പള്ളിയില്‍ താമസിക്കുന്നു. നൂറ്റി അമ്പതാം വേദിയായ ചങ്ങമ്പുഴ പാര്‍ക്കിലെ അവതരണം കണ്ടപ്പോള്‍ ആദ്യകാലത്തേതില്‍ നിന്ന് വളരെയേറെ മാറ്റങ്ങള്‍ ദര്‍ശിക്കുവാന്‍ കഴിഞ്ഞു. കേരളത്തില്‍ ഈ കലാരൂപത്തിന് വളരെയേറെ പ്രചാരം ലഭിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: