സംഘസ്ഥാപകൻ പൂജനീയ ഡോക്ടർ ഹെഡ്‌ഗേവാറുടെ കണ്ടെത്തലുകളായി മുൻനിരയിൽ വരികയും ഭാരതമുടനീളം സംഘത്തിന്റെ വൈജയന്തി നാട്ടുകയും ചെയ്ത ആദ്യകാല പ്രചാരകരിൽ ചിലരുടെ ജന്മശതാബ്ദിക്കാലം എത്തിയിരിക്കയാണ്. മൂന്നാമത്തെ സർസംഘചാലകനായിരുന്ന ബാളാ സാഹേബ് ദേവറസ്, കന്യാകുമാരിയിലെ വിവേകാനന്ദ ശിലാ സ്മാരകവും വിവേകാനന്ദ കേന്ദ്രവും പടുത്തുയർത്തിയ ഏകനാഥ റാനഡേ ദക്ഷിണഭാരതത്തിൽ സംഘത്തിന്റെ പ്രശസ്തിസ്തംഭം സ്ഥാപിച്ച യാദവറാവു ജോഷി, ഭാരതത്തിലെ ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനത്തിന്റെ സ്ഥാപനത്തോടൊപ്പം നൂതനമായൊരു തൊഴിൽ സംസ്‌കാരത്തിന് വഴിതെളിച്ച ദത്തോപന്ത് ഠേംഗ്ഡി, മാനവസമുദായത്തിനാകെ മാർഗദർശനം നൽകുന്ന മാനവതയെ മാത്രമല്ല സമസ്ത പ്രകൃതിയെയും സമഗ്രമായി കണ്ടുകൊണ്ടുള്ള ഒരു പുതിയ ജീവിതതത്വശാസ്ത്രമായ ഏകാത്മ മാനവദർശനം ആവിഷ്‌കരിച്ച പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായ, ബാളാ സാഹേബ് ദേവറസിന്റെ കനിഷ്ഠ സഹോദരനായ ഭാവുറാവു ദേവറസ് തുടങ്ങിയ പ്രഗത്ഭരുടെ ഒരുനിര തന്നെ അപ്രകാരം നമുക്കുണ്ട്.
ഈയിടെ ഭാവുറാവുജിയുടെ ഒരു അനുസ്മരണ ഗ്രന്ഥം വായിക്കാൻ ലഭിച്ചു. അതിലൂടെ കടന്നുപോയപ്പോൾ ആ മഹാമനീഷി ചെയ്ത കാര്യങ്ങളും കൈവരിച്ച നേട്ടങ്ങൾ സമാനതകളില്ലാത്തവയാണെന്നും അറിയാൻ കഴിഞ്ഞു. ഉത്തരഭാരതമായിരുന്നു അദ്ദേഹത്തിന്റെ പ്രഥമ കർമക്ഷേത്രമെന്നതിനാലാവാം നേരിട്ട് അത്ര അടുപ്പം ഉണ്ടാവാതിരുന്നത്. പൂജനീയ ഡോക്ടർജി ഉന്നതവിദ്യാഭ്യാസത്തിനായി ഉത്തരഭാരതത്തിലെ വിദ്യാകേന്ദ്രങ്ങളിലേക്കു പ്രഗത്ഭരായ വിദ്യാർത്ഥികളെ അയച്ചത് അവിടങ്ങളിൽ സംഘപ്രവർത്തനം ആരംഭിക്കണമെന്ന ലക്ഷ്യത്തോടെയായിരുന്നു. ബിഎ പാസ്സായ ഭാവുറാവുജിയെ അദ്ദേഹം ലക്‌നൗവിലേക്കാണയച്ചത്. പ്രയാഗിലും കാശിയിലും അതുപോലെ ഓരോരുത്തർ പോയി.
ബികോം, എൽഎൽബി പരീക്ഷകൾ ഒരുമിച്ചെഴുതി ഒന്നാംസ്ഥാനവും സ്വർണമെഡലും നേടിയാണ് ഭാവുറാവു അക്കാദമിക മേഖലയെ വിസ്മയിപ്പിച്ചത്. അദ്ദേഹം സംഘശാഖയിലേക്ക് കൈപിടിച്ചുകൊണ്ടുവന്നവർ ആരൊക്കെയായിരുന്നു. ദീനദയാൽ ഉപാധ്യായ, അടൽബിഹാരി വാജ്‌പേയി, സുന്ദർസിങ് ഭണ്ഡാരി, നാനാജി ദേശ്മുഖ്, ദേവേന്ദ്ര സ്വരൂപ്, രാജേന്ദ്ര സിങ്, ബാപ്പുറാവു മോഘേ തുടങ്ങി അവസാനിക്കാത്ത നിര. കാൺപൂർ, കാശി, പ്രയാഗ്, ലക്‌നൗ, ആഗ്ര തുടങ്ങിയ വിദ്യാകേന്ദ്രങ്ങളിൽനിന്ന് നൂറുകണക്കിന് പ്രഗത്ഭമതികളായ യുവാക്കൾ രാജ്യത്തിന്റെ വിവിധഭാഗങ്ങളിലേക്ക് പ്രചാരകന്മാരായി പോയിക്കൊണ്ടിരുന്നു.
സംഘത്തിന്റെ ആശയങ്ങൾ ജനതാമധ്യത്തിലേക്ക് പ്രസരിക്കാനായി പത്രപ്രവർത്തനം ആരംഭിക്കാൻ ദീനദയാൽജിയെയും അടൽജിയെയും ദേവേന്ദ്ര സ്വരൂപിനെയും പോലുള്ളവരെയും പ്രേരിപ്പിച്ചതും അദ്ദേഹം തന്നെ.
1949 ൽ സംഘ നിരോധനം അവസാനിക്കുകയും സംഘത്തെ രാഷ്‌ട്രീയ കക്ഷികളെല്ലാം തന്നെ നശിപ്പിക്കാൻ കച്ചകെട്ടിത്തിരിക്കുകയും ചെയ്തയവസരത്തിലാണ് ഭാരതഭരണഘടന നിലവിൽ വന്നതും, അതിൻപ്രകാരമുള്ള പൊതുതെരഞ്ഞെടുപ്പ് ആസന്നമായതും. യഥാർത്ഥ ദേശീയതയിൽ അധിഷ്ഠിതമായ ഒരു രാഷ്‌ട്രീയ കക്ഷിയുടെ അനിവാര്യത തെളിഞ്ഞുവന്നു. നെഹ്‌റു സർക്കാരിൽനിന്നു രാജിവെച്ചു പുതിയ രാഷ്‌ട്രീയ കക്ഷി രൂപീകരിക്കാൻ സന്നദ്ധനായ ഡോ.ശ്യാമപ്രസാദ് മുഖർജി പൂജനീയ ഗുരുജിയുമായി ആശയവിനിമയം നടത്താനും ആ ഉദ്ദേശത്തിന് ഏതാനും മുതിർന്ന സ്വയംസേവകരുടെ സേവനം ലഭ്യമാക്കാനും ഭാവുറാവുജി പ്രയത്‌നിച്ചു. ദീനദയാൽജി, സുന്ദർസിംഗ് ഭണ്ഡാരി, നാനാജി ദേശ്മുഖ്, അടൽ ബിഹാരി വാജ്‌പേയി തുടങ്ങിയ പത്തരമാറ്റ് സ്വയംസേവകരെ അദ്ദേഹം അതിനായി പൂജനീയ ഗുരുജിയുടെ മുന്നിൽ എത്തിച്ചു.
വിദ്യാഭാരതി, വനവാസി കല്യാണ്‍ ആശ്രമം തുടങ്ങിയ പ്രസ്ഥാനങ്ങളും അദ്ദേഹത്തിന്റെ പരിലാളനത്തില്‍ വളര്‍ന്നുവലുതായവയാണ്.
ഭാവുറാവു ദേവറസ്ജിയുമായി വളരെക്കുറച്ച് അടുപ്പവും സഹവാസവുമേ എനിക്കുണ്ടായിട്ടുള്ളൂ. അദ്ദേഹത്തിന് എന്നെ ഓര്‍ക്കത്തക്ക ഒരവസരവും ഉണ്ടായതായി തോന്നുന്നില്ല. പക്ഷേ അദ്ദേഹത്തെക്കുറിച്ച് ആദ്യം കേള്‍ക്കുന്നത് 1953 ല്‍ എന്റെ ഇന്റര്‍മീഡിയറ്റ് കഴിഞ്ഞ് ഡിഗ്രിക്ക് ചേരാന്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ ശ്രമിക്കുമ്പോഴായിരുന്നു. കാശിയില്‍നിന്ന് പോസ്റ്റ്ഗ്രാജുവേഷന്‍ കഴിഞ്ഞ തൊടുപുഴക്കാരന്‍ ശേഖര്‍ തിരുവനന്തപുരത്തു ഒരുമിച്ചുവന്നിരുന്നു. അദ്ദേഹത്തിന്റെ ഒരു സഹപാഠി യൂണിവേഴ്‌സിറ്റി കോളേജില്‍ പ്രൊഫസറായി ഉണ്ടായിരുന്നു. അവര്‍ തങ്ങളുടെ കാശി പഠനകാലത്തെ കാര്യങ്ങള്‍ അയവിറക്കുന്ന കൂട്ടത്തില്‍ തിരുമുല്‍പാടും പണിക്കരും ഉറച്ച ആര്‍എസ്എസുകാരാണ് എന്നുപറഞ്ഞു. ശാഖയില്‍ രണ്ടുവര്‍ഷത്തെ മാത്രം പരിചയമുണ്ടായിരുന്ന എനിക്ക് അത് കൗതുകകരമായെങ്കിലും അവരെപ്പറ്റി ഒരെത്തും പിടിയുമുണ്ടായില്ല. രാജേന്ദ്ര ശര്‍മ എന്നൊരാളെക്കുറിച്ചും അവര്‍ പറഞ്ഞു. ദേവറസ് ആണ് ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി കാമ്പസ് നിയന്ത്രിക്കുന്നതെന്ന് കൂടി അവര്‍ അഭിപ്രായപ്പെട്ടു.
അടുത്തകൊല്ലം ദത്താജി ഡിഡോള്‍ക്കര്‍ തിരുവനന്തപുരത്തു പ്രചാരകനായിരിക്കെ, പുത്തന്‍ചന്ത ശാഖയില്‍ സംഘത്തിന്റെ മുതിര്‍ന്ന പ്രചാരകന്‍ എന്ന നിലയ്‌ക്ക് ഭാവുറാവു ദേവറസിനെ കൊണ്ടുവരികയും പരിചയപ്പെടുത്തുകയും ചെയ്തു. കന്യാകുമാരിയും മറ്റും സന്ദര്‍ശിക്കാനുള്ള യാത്രയിലായിരുന്നു അദ്ദേഹം. ഡോക്ടര്‍ജി തന്നെ ഉത്തരപ്രദേശിലേക്ക് അയച്ച ആളെന്നും രാജ്യത്തെ ഏറ്റവും കൂടുതല്‍ ശാഖകളുള്ള സംസ്ഥാനത്തിന്റെ പ്രാന്തപ്രചാരകനെന്നും വിശേഷിപ്പിച്ചു. അദ്ദേഹം സ്വയംസേവകരില്‍ നിന്ന് ചോദ്യങ്ങള്‍ ക്ഷണിക്കുകയാണ് ചെയ്തത്. മൂന്ന് ഉപശാഖകളില്‍ നിന്നായി 40 ഓളം പേര്‍ ഉണ്ടായിരുന്ന ആ ശാഖയിലെ ഞങ്ങള്‍ക്ക് 50 ല്‍ പരം ശാഖകളും ആയിരത്തോളം സ്വയംസേവകരുമുള്ള കാശി ശാഖയും അത്രത്തോളം തന്നെയുള്ള പ്രയാഗ് ശാഖയും ഒരത്ഭുതം തന്നെ ആയിരുന്നു. വളരെ അപൂര്‍വമായെ താന്‍ ഇംഗ്ലീഷില്‍ സംസാരിക്കാറുള്ളൂ എന്നുപറഞ്ഞുകൊണ്ടാണദ്ദേഹംതന്നെ ആശയങ്ങള്‍ അവതരിപ്പിച്ചത്. ആ ശബ്ദത്തിലെ മാര്‍ദ്ദവവും ആത്മവിശ്വാസവും സ്വയംസേവകരെ അത്യധികം സ്വാധീനിച്ചു. പിന്നീട് കുറേ ദിവസങ്ങള്‍ ആ സന്ദര്‍ശനവും ദേവറസ്ജിയുടെ രീതികളും ഞങ്ങളുടെ സംഭാഷണത്തില്‍ നിന്നു.
പണിക്കരെയും തിരുമുല്‍പ്പാടിനെയും പരിചയപ്പെട്ടത് വര്‍ഷങ്ങള്‍ക്കുശേഷമാണ്. അവര്‍ അവിടെ സിറാമിക് ടെക്‌നോളജി പഠിച്ചിരുന്ന കേരളീയരാണ്. പണിക്കര്‍ തിരുവിതാംകൂര്‍ സംസ്ഥാനത്തിന് ക്വാട്ടയായി ലഭിച്ച സീറ്റില്‍ പ്രവേശനം നേടിയ ആളാണ്. അദ്ദേഹം കുണ്ടറയിലും പിന്നീട് ചെറുവണ്ണൂരിലും സെറാമിക് ഫാക്ടറിയാരംഭിച്ചു നല്ലനിലയില്‍ നടത്തി വന്നിരുന്നു.
തിരുമുല്‍പ്പാട് സാക്ഷാല്‍ ഭരതേട്ടനാണ്. ടി.എന്‍.ഭരതന്‍. അദ്ദേഹം കോഴിക്കോട്ട് സ്വയംസേവകനായ ശേഷമാണ് ബനാറസില്‍ സിറാമിക് ടെക്‌നോളജിയില്‍ ചേര്‍ന്നത്. അവിടത്തെ പഠനകാലത്ത് സജീവമായി ശാഖാപ്രവര്‍ത്തനത്തിലുണ്ടായിരുന്നു. പഠനം കഴിഞ്ഞെത്തി പ്രചാരകനായി, കേരളത്തിലെ ആദ്യകാല പ്രചാരകനായിരുന്നു. അതിനുശേഷം ജനസംഘത്തിന്റെ പ്രവര്‍ത്തനം മലബാറില്‍ തുടങ്ങി. സംസ്ഥാനാദ്ധ്യക്ഷനായി. ഒരിക്കലും തളരാത്ത പടനായകനായി ഭരതേട്ടന്‍ കേരളത്തില്‍ ഹിന്ദുത്വ വീര്യം നിലനിര്‍ത്തി. അദ്ദേഹത്തിന്റെ മകന്‍ ദുര്‍ഗാദാസ് പ്രചാരകനായി. നിലമേല്‍ എന്‍എസ്എസ് കോളേജില്‍ വെച്ച് മാര്‍ക്‌സിസ്റ്റ് കൊലക്കത്തിക്കിരയായി ബലിദാനം ചെയ്തു.
ദല്‍ഹിയിലെ ജനസംഘത്തിന്റെയും പിന്നീട് ബിജെപിയുടെയും പാര്‍ലമെന്ററി പാര്‍ട്ടിയുടെ ആഫീസ് കാര്യങ്ങള്‍ നോക്കിവന്ന രാജേന്ദ്ര ശര്‍മ ഭരതേട്ടന്റെ സഹപാഠിയായിരുന്നു. രാജേന്ദ്രജിയുമായി സംസാരിക്കുമ്പോള്‍ ഭാവുറാവുജി കടന്നുവരിക പതിവായിരുന്നു. കാശിയില്‍ രാജേന്ദ്ര ശര്‍മയും ഭരതേട്ടനും ഒരേ ശാഖയിലായിരുന്നുവത്രെ.
അടിയന്തരാവസ്ഥയ്‌ക്ക് മുമ്പാണെന്നു തോന്നുന്നു ഭാവുറാവുജിയുടെ ഒരു കേരളപര്യടനത്തില്‍ കോഴിക്കോട്ടുനിന്നും തലശ്ശേരിവരെ ഒരുമിച്ചുപോകാനും (കൊയിലാണ്ടി, തലശ്ശേരി) രണ്ടു സാംഘിക്കുകളില്‍ പ്രഭാഷണം വിവര്‍ത്തനം ചെയ്യാനും അവസരം ഉണ്ടായി. ഹരിയേട്ടന്‍ അത് എന്നെ ഏല്‍പ്പിച്ചുവെന്നു പറയുന്നതാവും ശരി. കാര്യകര്‍തൃ ബൈഠക്കുകളില്‍ പ്രവര്‍ത്തകര്‍ക്ക് അദ്ദേഹത്തോട് സംശയം ചോദിക്കാന്‍ പ്രോത്സാഹനം നല്‍കുന്നതരത്തിലാണദ്ദേഹം അവരെ കൈകാര്യം ചെയ്തത്.
അടിയന്തരാവസ്ഥയ്‌ക്കുശേഷം എളമക്കര കാര്യാലയത്തില്‍ വെച്ച് ഏതാനും സമയം ഒരുമിച്ചു ചെലവഴിക്കാന്‍ അവസരമുണ്ടായി. അവിടെ അടുക്കളയില്‍ അച്ചാറുണ്ടാക്കാന്‍ നെല്ലിക്ക ശേഖരിച്ചിരുന്നു. അദ്ദേഹത്തിന് അത് കൗതുകമായി. പേരെന്താണെന്നു ചോദിച്ചപ്പോള്‍ ‘ഗൂസ്‌ബെറി’ എന്നാണ് ഞാന്‍ പറഞ്ഞത്. ആമലക് എന്ന് അദ്ദേഹം പറഞ്ഞപ്പോഴാണ്, കരതലാമലകവും ഹസ്താമലകാചാര്യനും ഭൃംഗാമലകാദി എണ്ണയുമൊക്കെ ഓര്‍മവന്നത്. ത്രിഫലയെപ്പറ്റിയും അദ്ദേഹം പരാമര്‍ശിച്ചു. ജന്മഭൂമി അന്ന് എളമക്കരയില്‍ വന്നിട്ടില്ല. നോര്‍ത്തില്‍ സിലിണ്ടര്‍ പ്രസ്സില്‍ അടിക്കുന്ന കാലമായിരുന്നു. അതിന്റെ സാമ്പത്തികനിലയെക്കുറിച്ചന്വേഷിച്ചു ലക്‌നൗവില്‍ സ്വദേശ് എന്ന പത്രം നടത്തിയതിന്റെ അനുഭവം പറഞ്ഞു. ദല്‍ഹിയില്‍ മദര്‍ലാന്‍ഡ് പത്രം നടത്തി പരാജയപ്പെട്ടത് അടിയന്തരാവസ്ഥ വന്നതുകൊണ്ടുമാത്രമല്ലെന്നും ചൂണ്ടിക്കാട്ടി.
അടിയന്തരാവസ്ഥയുടെ അവസാനഘട്ടത്തില്‍ ദല്‍ഹിയില്‍ നിശ്ചയിച്ചിരുന്ന ജനസംഘത്തിന്റെ കാര്യസമിതിയില്‍ പങ്കെടുക്കാന്‍ പോയതും സ്മരണീയമാണ്. രാജേട്ടന്‍ മോചിതനായിരുന്നു. ഞങ്ങള്‍ ഇരുവരും ന്യൂദല്‍ഹി സ്റ്റേഷനില്‍ കോണിപ്പാലം ഇറങ്ങി ഒന്നാം പ്ലാറ്റ്‌ഫോമില്‍ എത്തിയപ്പോള്‍ കോട്ടും സ്യൂട്ടുമിട്ട് ഭാവുറാവുജി നില്‍ക്കുന്നു. മുഖത്തേക്ക് ഒന്നേനോക്കിയുള്ളൂ. വേഗം പുറത്തുകടക്കാന്‍ ആംഗ്യംകൊണ്ട് സൂചിപ്പിച്ചു. ഞങ്ങള്‍ പുറത്തുകടന്നു. നേതാക്കള്‍ മോചിതരായി പുറത്തുവന്നുതുടങ്ങിയിട്ടേയുള്ളൂ. അടല്‍ജി താമസിച്ചിരുന്ന ബംഗ്ലാവിലാണ് പരിപാടി വെച്ചിരുന്നത്. ഇടയ്‌ക്ക് ഭാവുറാവുജി അവിടെയെത്തി ഒരു വീക്ഷണം നടത്തി പോവുകയുണ്ടായി.
ഭാവുറാവുജി അനുസ്മരണ ഗ്രന്ഥം വായിച്ചപ്പോള്‍ അദ്ദേഹത്തിന്റെ സര്‍വത്ര സാന്നിദ്ധ്യം പരോക്ഷമായി അനുഭവപ്പെട്ടു. അതില്‍നിന്നു മനസ്സില്‍ ഉണര്‍ന്ന അനുഭവങ്ങള്‍ ഇവിടെ രേഖപ്പെടുത്തുകയാണ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: