ആലപ്പുഴ: ബൈപാസിന്റെ പൈലിങ് ജോലികള്‍ തടസപ്പെടുത്തിയാല്‍ കര്‍ശനനിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ പറഞ്ഞു. ബൈപാസുമായി ബന്ധപ്പെട്ട് കൂടിയ യോഗത്തില്‍ ആധ്യക്ഷ്യം വഹിക്കുകയായിരുന്നു അദ്ദേഹം.
കെഎസ്ഇബിയുടെ ജോലിക്കിടെ പൊട്ടിയ കുടിവെള്ളപൈപ്പ് നന്നാക്കാന്‍ താമസിച്ചുവെന്നാരോപിച്ച് കുറച്ചുപേര്‍ ചേര്‍ന്ന് കഴിച്ച ദിവസം ബൈപാസിന്റെ പൈലിങ് ജോലികള്‍ തടസപ്പെടുത്തിയിരുന്നു. അനാവശ്യമായി ജോലികള്‍ തടസപ്പെടുത്തുന്നവര്‍ക്കെതിരേ കര്‍ശനനടപടി സ്വീകരിക്കാന്‍ പൊലീസിന് കളക്ടര്‍ നിര്‍ദേശം നല്‍കി. ബൈപാസ് നിര്‍മാണവുമായി ബന്ധപ്പെട്ട് കുഴികളും മറ്റും എടുക്കുമ്പോള്‍ പൈപ്പ് പൊട്ടിയാല്‍ നന്നാക്കുന്നതിന് സ്ഥിരമായി മൂന്നു പ്ലംബര്‍മാരെ നിയോഗിച്ചിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.
ബൈപാസിന്റെ അലൈന്‍മെന്റ് മേഖലയിലെ പ്രശ്‌നങ്ങള്‍ യോഗം ചര്‍ച്ചചെയ്തു. കുതിരപ്പന്തിയിലും മാളികമുക്കിലുമുള്ള രണ്ടു റെയില്‍വേ മേല്‍പ്പാലങ്ങളെ ബന്ധിപ്പിച്ചുള്ള എലിവേറ്റഡ് ഹൈവേയുടെ തൂണുകള്‍ക്കായുള്ള പൈലുകളില്‍ 85 എണ്ണം പൂര്‍ത്തിയായി.
















