കഥകളി എന്ന ക്ഷേത്രകലയ്‌ക്ക് ചെണ്ടയും മദ്ദളവുമാണ് വാദ്യമായി ഉപയോഗിക്കുന്നത്. എന്നാല്‍ സ്ത്രീ കഥാപാത്രത്തിന് മൃദുഭാവമായതിന്നാല്‍ ചെണ്ട ഈരംഗത്ത് പതിവില്ല. മദ്ദളംമാത്രമായിരുന്നു ഈസമയംവായിച്ചിരുന്നുള്ളൂ. പില്‍ക്കാലത്ത് ഇടയ്‌ക്കയും കൂടിച്ചേര്‍ത്തു. ഇന്നത്തെ കഥകളിചെണ്ടയെ ഉചിതമായസ്ഥാനത്ത് പ്രതിഷ്ഠിയ്‌ക്കുവാന്‍ശ്രമിച്ചത് മൂത്തമന കേശവന്‍ നമ്പൂതിരിയാണ്.
പുറപ്പാട് എന്ന ഭാഗം മുതലാണ് ചെണ്ടരംഗത്ത് വരുന്നത്. പുറപ്പാടുമുതല്‍ മേളപ്പദം തീരുംവരെ ചെണ്ടയില്‍ ഒരുകൈയില്‍മാത്രമാണ് കോലുപയോഗിയ്‌ക്കുന്നത്. ഇടം കൈശബ്ദത്തിന് സൗന്ദര്യമുണ്ട്.
കഥയാരംഭിക്കുന്നതിന് മുമ്പുള്ള ചടങ്ങുകളില്‍ അവസാനമാണ് മേളപ്പദം. രംഗത്തിനെ കൊഴുപ്പിയ്‌ക്കാന്‍ ഇതാവശ്യമാണ്. കൂടാതെ മേളക്കാര്‍ക്ക് തങ്ങളുടെ പ്രാഗല്‍ഭ്യം പ്രകടമാക്കുന്നതിന് ഇതാണ് മുഖ്യ അവസരം. തന്നെയുമല്ല ഈരംഗത്താണ് മേളക്കാര്‍ക്ക് സ്വതന്ത്രമായി കൊട്ടിത്തീര്‍ക്കാന്‍കഴിയുക. കഥയുടെരംഗത്ത് വേഷത്തിന്റെ ചലനത്തിലൂടെ മാത്രമേവാദ്യക്കാര്‍ക്ക് ചലിയ്‌ക്കാനാകൂ. മേളപ്പദത്തില്‍ യന്ത്രസ്വാധീനം, ശബ്ദശുദ്ധി, മനോധര്‍മ്മം, എന്നീവിരുതുള്ളവര്‍ക്ക് അല്‍പ്പം രസികതകൂടിയുണ്ടെങ്കില്‍ രംഗത്തിനെ വിശാലമാക്കിത്തീര്‍ക്കാന്‍ പറ്റും.
മേളപ്പദത്തിന് ജയദേവരുടെ ഗീതാഗോവിന്ദത്തിലെ ”മഞ്ജുതര” എന്നാരംഭിയ്‌ക്കുന്ന അഷ്ടപദിയിലെ ആറുചരണങ്ങളാണ് പാടുന്നത്. മഞ്ജുതര, നവഭവ ദശോകദള, കുസുമചയ, വിതതബഹുവല്ലീനവ, ചലമലയമൃദു പവന, വിഹിതപദ്മാവതി എന്നിവ പാടുന്നതിന്നിടയില്‍ മേളത്തിനെ സമര്‍ത്ഥമായി പ്രയോഗിക്കുന്നു. എല്ലാചരണത്തിന്റെ തുടക്കത്തില്‍ ചെണ്ടയിലും അവസാനത്തില്‍ മദ്ദളത്തിലും എണ്ണങ്ങള്‍ പ്രയോഗിയ്‌ക്കുന്നുണ്ട്. തായമ്പകയില്‍ പ്രയോഗിച്ചുവരുന്ന എണ്ണങ്ങള്‍ തന്നെയാണ് ഇതെല്ലാം. എന്നാല്‍ കഥകളിയ്‌ക്കുള്ള കാലപ്പഴക്കം തായമ്പകയ്‌ക്ക് അവകാശപ്പെടാനില്ല. എന്നാല്‍ മേളപ്പദത്തിലെ എണ്ണങ്ങള്‍ താമ്പകയിലും കാണുന്നതിന്നാല്‍ ഏത്ഏതില്‍നിന്നെടുത്തു എന്നത് ഗവേഷണംചെയ്യുന്നത് നന്നായിരിയ്‌ക്കും.














