ആലപ്പുഴ: എയ്ഡ്‌സ് രോഗപ്രതിരോധത്തിനും നിയന്ത്രണത്തിനും ശക്തമായ നടപടി ആവശ്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ പറഞ്ഞു. ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഹരിപ്പാട് ജില്ലാ ആശുപത്രിക്കു സമീപം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
എയ്ഡ്‌സ് രോഗവുമായി ബന്ധപ്പെട്ട് ജനങ്ങളെ ഭീതിപ്പെടുന്ന കണക്കുകളാണ് പുറത്തുവരുന്നത്. കൗമാരക്കാരും വിദ്യാര്‍ഥികളും ഉള്‍പ്പെടുന്നത് കൂടുതല്‍ ആശങ്കയുണ്ടാക്കുന്നു. രാജ്യം നേരുന്ന ഏറ്റവും വലിയ വെല്ലുവിളിയെ തടയാന്‍ രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനും നിയന്ത്രിക്കാനും രോഗം ബാധിച്ചവര്‍ക്ക് സംരക്ഷണം നല്‍കാനും കൂട്ടായ പരിശ്രമം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഹരിപ്പാട് നഗരസഭാധ്യക്ഷ പ്രൊഫ. എസ്. സുധ ആധ്യക്ഷ്യം വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജോണ്‍ തോമസ് മുഖ്യപ്രഭാഷണം നടത്തി. വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ടി.ആര്‍. ആസാദ് സമ്മാനം വിതരണം ചെയ്തു. ടി.ഡി. മെഡിക്കല്‍ കോളജ് കമ്യൂണിറ്റി മെഡിക്കല്‍ വിഭാഗം അഡീഷണല്‍ പ്രൊഫസര്‍ ഡോ. ആര്‍. നിഷ എയ്ഡ്‌സ് ദിനസന്ദേശം നല്‍കി.
















