തൃശ്ശൂര്‍ ജില്ലയിലെ പ്രഥമ മൃദംഗവായനക്കാരിയാണ് മേലൂര്‍ സ്വദേശി പാര്‍വ്വതി ബ്രാഹ്മണിയമ്മ. പക്കവാദ്യ രംഗത്ത് മൃദംഗത്തിലെ സ്ത്രീ സാനിധ്യം കൊണ്ട് ശ്രദ്ധ നേടിയ ഇവര്‍ ഓമനക്കുട്ടി ടീച്ചര്‍ എന്നാണ് അറിയപ്പെടുന്നത്. കഴിഞ്ഞ 35 വര്‍ഷത്തോളമായി മൃദംഗ വാദന രംഗത്ത് സജീവ സാന്നിധ്യമാണ്. ഏഴാം വയസ്സില്‍ തിരുവുള്ളക്കാവില്‍ അരങ്ങേറ്റം കുറിച്ചു. എരണനല്ലൂര്‍ നാരായണ പിഷാരടിയായിരുന്നു ഗുരു. ഭരതനാട്യത്തില്‍ നൃത്തച്ചുവടുകള്‍ പദങ്ങളില്‍ നിന്ന് പദങ്ങളിലേക്ക് ആവേശത്തോടെ മുന്നേറുമ്പോള്‍ മൃദംഗത്തിന്റെ താളമാണ് ചുവടുകളെ കൂടുതല്‍ ചടുലമാക്കുന്നത്. സാധാരണ പക്കവാദ്യരംഗം പുരുഷന്മാരുടെ കുത്തകയാണ്.
അവിടെയാണ് തന്റെ നാദോപാസന കൊണ്ട് പാര്‍വ്വതി ടീച്ചര്‍ ആവേശമായി മുന്നേറുന്നത്. ഇതിനകം ഏകദേശം ഇരുനൂറിലധികം പേരെ മൃദംഗം പഠിപ്പിച്ചു കഴിഞ്ഞു. കേരളത്തില്‍ തന്നെ ഈ രംഗത്തെ സജീവ സാന്നിധ്യം അറിയിച്ച സ്ത്രീകള്‍ പാര്‍വ്വതി ബ്രാഹ്മണിയമ്മയും, ചേന്ദമംഗലം പാലിയത്ത് ഇന്ദരിയുമാണ്. തികഞ്ഞ കലാകുടുംബമാണ് പാര്‍വ്വതിയമ്മയുടേത്. മേളപ്പെരുമയുടെ നാടായ പെരുവനത്തുകാരിയാണ് പാര്‍വ്വതിയമ്മ. പെരുവനം മുട്ടത്ത് പുഷ്പകത്ത് നാരായണന് നമ്പീശന്റെയും, ദേവകി ബ്രാഹ്മണിയമ്മയുടെയും മൂന്നാമത്തെ മകളാണ്.
അച്ഛന് മദ്ദള കലാകാരന് ആയിരുന്നു. സഹോദരന് കലാലനിലയം ഹരിദാസ്. നൃത്തതോടൊപ്പം, തിരുവാതിരക്കളിയും പഠിപ്പിക്കുന്നു. പലരും പഠിക്കുന്നത് പൂര്‍ത്തിയാക്കുവാന്‍ തയ്യാറാക്കുന്നില്ലെന്ന പരാതിയാണ് ടീച്ചര്‍ക്കുള്ളത്. പലരും ഇത് കച്ചവാടമായി കാണുമ്പോള്‍ ടീച്ചര്‍ ഇതിനെ ഉപാസനയായി കാണുന്നു. പെരുവനത്തുള്ള പഠന ക്ലാസ്സില്‍ ആഴ്ചയില്‍ രണ്ട് ദിവസമാണ് പരീശീലനം നല്ക്കുന്നത്.
അവിടെ പോയി പഠിപ്പിച്ചിട്ടും തുച്ഛമായ ഫീസാണ് ഈടാക്കുന്നത്. മൃദംഗത്തിന് കേടുപാടുകള്‍ വന്നാല്‍ അത് ശരിയാക്കുവാനുള്ള പണം മാത്രമെ കുട്ടികളില്‍ നിന്ന് വാങ്ങുന്നുള്ളൂ. ഇപ്പോള്‍ മൂന്ന് പെണ്‍കുട്ടികള്‍ മൃദംഗം പഠിക്കുന്നുണ്ടെന്നും ടീച്ചര്‍ പറഞ്ഞു. ചുരുങ്ങിയത് മൂന്ന് വര്‍ഷം എങ്കിലും പരീശീലിച്ചാല്‍ മാത്രമാണ് മൃദംഗത്തില്‍ അരങ്ങേറ്റം കുറിക്കുവാന്‍ കഴിയുക. 1970ലാണ് ആദ്യമായി പൊതുപരിപാടിയില്‍ വായിച്ചത്. ചാലക്കുടി നഗരസഭയുടെ ഉദ്ഘാടന ചടങ്ങിലാണ് അതിനുള്ള ഭാഗ്യം കിട്ടിയത്. എന്തെങ്കിലും മത്സരത്തില്‍ പങ്കെടുക്കുവാന്‍വേണ്ടി പഠിച്ച് അത് കഴിഞ്ഞാല്‍ എല്ലാവരും ഈ രംഗം വിടുകയാണ് ചെയ്യുന്നത്.
പലരംഗത്തെയും അവസ്ഥ ഇന്ന് ഇതാണ്. ഒന്നുകില്‍ കച്ചവടമായി കാണുന്നവര്‍ അല്ലെങ്കില്‍ പഠിച്ച് കാര്യം കഴിഞ്ഞാല്‍ രംഗം വിടുന്നവര്‍. ചിട്ടയായ പ്രവര്‍ത്തനമാണ് ആവശ്യം. അതിനുവേണ്ടി സമയം ചെലവഴിക്കുവാന്‍ ആരം തയ്യാറാക്കുന്നില്ല. എല്ലാവര്ക്കും എന്തിനും തിരക്കാണ്. തിരക്കില്‍ എന്തെങ്കിലും ഒക്കെ പഠിച്ചു എന്ന് വരുതി അവസാനിപ്പിക്കുകയാണ്. ബുദ്ധിമുട്ടുവാന്‍ തയ്യാറാകാത്തതാണ് കലാരംഗത്തെ പ്രശ്നം. ഉപാസനയും, ജീവിതചര്യയുമായി കലയെ കാണുവാന്‍ തയ്യാറാവണം എല്ലാവരും. അത് കൊണ്ടാണ് ഇത്രയും പ്രായമായിട്ടും മൃദംഗം വായിക്കാനും പഠിപ്പിക്കാനും എല്ലാം ടീച്ചര്‍ തയ്യാറാക്കുന്നതും വേദികളിലെ നിറ സാന്നിധ്യമായി തുടരുന്നതും.
അതിന് ടീച്ചര്‍ക്ക് എപ്പോഴും താങ്ങും തണലുമായ ഭര്‍ത്താവ് മേലൂര്‍ കാലടി കിഴക്കെ പുഷ്പകത്ത് വാസുദേവന്‍ നമ്പീശന് കൂടെയുണ്ട്. ചാലക്കുടി നമ്പീശന് സ്മാരക കഥകളി ക്ലബ്ബ് ബഹുമുഖ പ്രതിഭാ പുരസ്ക്കാരം നല്കി ആദരിക്കുകയുണ്ടായി ഈ കലാകാരിയെ. ലയപ്രിയയുടെ പുരസ്ക്കാരം, കോനൂര്‍ ഫാസ് ഏര്‍പ്പെടുത്തിയ പ്രതിഭാ പുരസ്ക്കാരം തുടങ്ങിയ അംഗീകാരങ്ങളും ടീച്ചറെ തേടിയെത്തി. എന്നാല്‍ ടീച്ചറെപ്പോലെയുള്ള ഒരു കലാകാരിക്ക് ഇത്രയും കാലമായിട്ടും അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടില്ല.
അംഗീകാരം തന്നെ തേടി വരുമെന്ന് വിശ്വസിക്കുകയാണ് ടീച്ചര്‍. അല്ലാതെ അത് തേടി നടക്കേണ്ടതല്ല. പുഷ്പക സേവ സംഘം മുകുന്ദപുരം പ്രാദേശികസഭ ഭരണ സമിതിയംഗം, പ്രാദേശിക വനിതാവേദി പ്രസിഡന്റ് എന്ന ചുമതലയും വഹിച്ച് സംഘടനാരംഗത്തും സജീവമാണ് പാര്‍വ്വതി ബ്രാഹ്മണിയമ്മ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: