നമുക്കുമുന്നില്‍ വ്യത്യസ്തരാകുന്നവരെ ചുറ്റുമുള്ളവര്‍ അറിയാന്‍ ഏറെ വൈകും, മറ്റൊരാള്‍ അവരുടെ മഹത്വത്തെക്കുറിച്ച് പറയുന്നതുവരെ. നിത്യവും നമുക്കിടയില്‍ പ്രവര്‍ത്തിക്കുമ്പോഴും അവര്‍ ചെയ്യുന്നത് വല്യകാര്യമായും ആരും കരുതില്ല. പുതുമയൊന്നും തോന്നുകയുമില്ല. കാണ്‍പൂര്‍ സ്വദേശിനി നൂര്‍ജഹാനും അങ്ങനെയൊരാളായിരുന്നു, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന് കി ബാത്ത് എന്ന റേഡിയോ പരിപാടിയില്‍ അവരുടെ പേര് പരാമര്‍ശിക്കുന്നതുവരെ, അവര്‍ ചെയ്യുന്ന മഹത്തായ കാര്യത്തെക്കുറിച്ച് പറയുന്നതുവരെ.
സത്യത്തില്‍ ഇരുട്ടാണ് നൂര്‍ജഹാന്റെ മനസ്സില്‍ വെളിച്ചം നിറച്ചത്.
അതെങ്ങനെയെന്ന് ചോദിച്ചാല്‍ വൈദ്യുതി ഇനിയും കടന്നുചെല്ലാത്ത തന്റെ ഗ്രാമത്തില്‍ പ്രകാശമെത്തേണ്ടതിന്റെ ആവശ്യം മറ്റാരേക്കാളും നന്നായി ഈ അനുഭവസ്ഥയ്ക്ക് അറിയാം. അങ്ങനെയാകുമ്പോള്‍ ഇരുട്ടുതന്നെയാണല്ലോ പ്രകാശം നിറഞ്ഞ ചിന്തയ്ക്ക് ആധാരമായതും.
സൂര്യനസ്തമിച്ചാല്‍ അതിനുശേഷം പാചകം ചെയ്യലും മറ്റുകാര്യങ്ങളുമെല്ലാം ചെയ്യുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടുമായിരുന്നു നൂര്‍ജഹാനും.
25 വര്‍ഷം മുമ്പ് ഭര്‍ത്താവ് മരണപ്പെട്ടപ്പോള്‍ ഏഴ് മക്കള്‍ക്ക് തുണയായി നൂര്ജഹാന് മാത്രം. കാര്യമായ വിദ്യാഭ്യാസം ഒന്നുതന്നെയില്ലായിരുന്നു ഇവര്‍ക്ക്. വരുമാനം കണ്ടെത്തുന്നതിനും മറ്റ് മാര്‍ഗ്ഗമില്ല. ജീവിതം തന്നെ വഴിമുട്ടിയ അവസ്ഥ. ഈ സാഹചര്യത്തിലാണ് അവര്‍ ഒരു എന്‍ജിഒ പ്രവര്‍ത്തകരെക്കുറിച്ച് അറിയുന്നത്. സൗരോര്‍ജ്ജത്തിന്റെ ശക്തിയെക്കുറിച്ച് ക്ലാസെടുക്കുന്നവരായിരുന്നു അവര്‍. അങ്ങനെ ആ സംഘത്തില്‍ പ്രവര്‍ത്തിക്കുന്ന ശ്രമിക് ഭാരതിയെ സമീപിച്ചു. അവര്‍ നല്കിയ പ്രചോദനത്താല്‍ തന്റെ ഗ്രാമത്തില്‍ 50 സൗരോര്‍ജ്ജ റാന്തലുകള്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചു. സോളാര്‍ റാന്തല്‍ ഉപയോഗത്തിലെ മേന്മയെക്കുറിച്ചും സുരക്ഷിതത്വത്തെക്കുറിച്ചും ഗ്രാമത്തിലെ ജനങ്ങള്‍ക്കിടയില്‍ നൂര്ജഹാന് ബോധവത്കരണം നടത്തി.
ആ ഗ്രാമത്തിലെ കുട്ടികള്‍ക്ക് രാത്രികാലങ്ങളില്‍ പഠിക്കുന്നതിനൊന്നും സാധിക്കുമായിരുന്നില്ല. അവര്‍ മണ്ണെണ്ണ വിളക്കും ഉപയോഗിച്ചിരുന്നില്ല. കാരണം വീടുകള്‍ മണ്ണെണ്ണ വിളക്കില്‍ നിന്നും തീപകര്‍ന്ന് നശിച്ചുപോയേക്കാം എന്നവര്‍ ഭയപ്പെട്ടിരുന്നു. ഈ ഭയത്തെ ഇല്ലാതാക്കുവാന്‍ സോളാര്‍ റാന്തലുകള്ക്ക് സാധിച്ചു.
500 ഓളം വീടുകളില്‍ സോളാര്‍ റാന്തലുകള്‍ എത്തിക്കാന്‍ നൂര്ജഹാന് സാധിച്ചു. 100 രൂപയായിരുന്നു മാസവാടകയായി ഈടാക്കുന്നത്. എന്നാല്‍ നൂര്ജഹാന് നേരിട്ട വെല്ലുവിളി ഈ റാന്തലുകള്‍ എങ്ങനെ ചാര്‍ജ് ചെയ്യുമെന്നതായിരുന്നു. സോളാര്‍ പാനലുകള്‍ സജ്ജീകരിച്ച് സോളാര്‍ പവര്‍ സെന്റര്‍ സ്ഥാപിച്ചുകൊണ്ടാണ് ഈ പ്രശ്നം അവര്‍ പരിഹരിച്ചത്. ഇതിനായി ഗ്രാമത്തിലെ സ്ത്രീകളുടെ സഹായവും നൂര്ജഹാന് തേടി. എല്ലാദിവസവും വൈകിട്ട് ഗ്രാമീണര്‍ നൂര്‍ജഹാന്റെ അടുത്തെത്തി സോളാര്‍ റാന്തലുമായി മടങ്ങും.
രാവിലെ മടക്കി നല്‍കും. പകല്‍ മുഴുവന്‍ നൂര്‍ജഹാനും സംഘവും സോളാര്‍ പാനലുകള്‍ ചാര്‍ജ് ചെയ്യും. കഴിഞ്ഞ 10 വര്‍ഷമായി ഇവര്‍ തന്റെ ഗ്രാമത്തില്‍ ഇത്തരത്തില്‍ വെളിച്ചമെത്തിക്കുന്നു. എന്നാല്‍ ഇവരെ ലോകം അറിഞ്ഞത് നരേന്ദ്രമോദിയുടെ മന് കി ബാത്തിന് ശേഷമാണ്.
1,700 രൂപ സോളാര്‍ പാനലിന്റെ അറ്റകുറ്റപ്പണികള്‍ക്കായി നൂര്ജഹാന് നിക്ഷേപിച്ചിട്ടുമുണ്ട്. സ്വന്തം ഗ്രാമത്തില്‍ മാത്രമല്ല സമീപ ഗ്രാമങ്ങളിലും പ്രകാശം പരത്താന്‍ നൂര്ജഹാന് സാധിച്ചു.
ലോകത്തിന് മുഴുവന്‍ പ്രചോദനമാണ് നൂര്ജഹാനെന്നും പേര് പോലെ തന്നെ ലോകത്തിന് പ്രകാശം നല്‍കുകയാണ് അവര്‍ ചെയ്യുന്നതെന്നുമാണ് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടത്. കാലാവസ്ഥാ വ്യതിയാനം വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചും പരിവര്‍ത്തിത ഊര്‍ജ്ജത്തിന്റെ വിനിയോഗത്തെക്കുറിച്ചും പരാമര്‍ശിക്കവേയാണ് നൂര്‍ജഹാന്റെ പേരും പ്രധാനമന്ത്രി പരാമര്‍ശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: