തേഞ്ഞിപ്പലം: 28-ാമത് കേരള ശാസ്ത്ര കോണ്‍ഗ്രസിന് ഒരുക്കം തുടങ്ങി. കേരള ശാസ്ത്ര- സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെ സഹകരണത്തോടെ ജില്ലയില്‍ ആദ്യമായി സംഘടിപ്പിക്കുന്ന ശാസ്ത്ര കോണ്‍ഗ്രസിന് കാലിക്കറ്റ് യൂനിവേഴ്സിറ്റി കാംപസ് വേദിയാകും.
ജനുവരി 28 മുതല്‍ 30 വരെയാണ് ശാസ്ത്ര കോണ്‍ഗ്രസ്. പരിപാടിയോടനുബന്ധിച്ച് ജനുവരി 27 മുതല്‍ 31 വരെ സര്‍വകലാശാല കാംപസിന് സമീപത്തെ കോഹിനൂര്‍ മൈതാനത്ത് പൊതുജന പങ്കാളിത്തത്തോടെ ശാസ്ത്ര പ്രദര്‍ശനവും നടക്കും.
ഇതിന് മുന്നോടിയായുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പബ്ലിസിറ്റി കമ്മിറ്റി നടപടികള്‍ തുടങ്ങി. കാലാവസ്ഥാ വ്യതിയാനവും അത് കേരളത്തിലെ ജലവിഭവത്തിലുണ്ടാക്കിയ സ്വാധീനവും എന്ന വിഷയത്തിലാണ് ഇത്തവണത്തെ ശാസ്ത്ര കോണ്‍ഗ്രസ്. പരിപാടി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. ശാസ്ത്ര പ്രദര്‍ശനം, കുട്ടികളുടെ ശാസ്ത്ര കോണ്‍ഗ്രസ്, പ്രബന്ധാവതരണ സെഷനുകള്‍, യുവ ശാസ്ത്രകാരന്മാര്ക്കുള്ള അവാര്‍ഡ്, മികച്ച ഗവേഷണ പദ്ധതിക്കുള്ള ഡോ: എസ് വാസുദേവ് അവാര്‍ഡ്, മികച്ച പ്രബന്ധത്തിനുള്ള അവാര്‍ഡ്, മികച്ച പോസ്റ്റര്‍ അവാര്‍ഡ് എന്നിവയുടെ വിതരണം, ആറ് സെഷനുകളിലായി അനുസ്മരണ പ്രഭാഷണം, ശാസ്ത്രജ്ഞന്മാരുമായി സംവാദം, കലാ- സാംസ്ക്കാരിക പരിപാടികള്‍ എന്നിവ ശാസ്ത്ര കോണ്‍ഗ്രസിനോടനുബന്ധിച്ച് നടക്കും.
കേരളത്തിലെ വിവിധ ഗവേഷണ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, കോളെജുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകര്‍, സാങ്കേതിക വിദഗ്ധര്‍, വ്യവസായികള്‍, എഞ്ചിനിയര്‍മാര്‍, ആസൂത്രകര്‍, നയം രൂപീകരിക്കുന്നവര്‍, സാമൂഹിക പ്രവര്‍ത്തകര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുക്കും. പരിപാടിയില്‍ 1500 ഓളം പേരുടെ പങ്കാളിത്തമാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. പുതുതലമുറയ്ക്ക് ശാസ്ത്രാവബോധം പകര്‍ന്ന് നല്കാന് ലക്ഷ്യമിട്ടും ഗവേഷകരുടെ കണ്ടെത്തലുകള്‍ അവതരിപ്പിക്കാന്‍ വേദിയൊരുക്കിയുമാണ് ശാസ്ത്ര കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: