വൈക്കം രാമചന്ദ്രന്
സംഗീതവും സാഹിത്യവും സരസ്വതീദേവിയുടെ സ്തനദ്വയങ്ങളാണെന്ന് കവി പാടിയിട്ടുണ്ട്. സംഗീതം ആപാതമധുരമാണ്. അതായത് കേള്‍ക്കുന്ന മാത്രയില്‍ ഇഷ്ടപ്പെടും. പിന്നീട് ചിന്തിച്ച് ആസ്വദിയ്ക്കാന്‍ കൂടുതല്‍ വകയില്ല. എന്നാല്‍ സാഹിത്യം ആലോചനാമൃതമാണ്. സാഹിത്യത്തിന്റെ അര്‍ത്ഥവും ചമല്‍ക്കാരവും ചിന്തിച്ച് ചിന്തിച്ച് ആനന്ദിയ്ക്കാം. ഇതു രണ്ടും ചേര്‍ന്നാലോ? സാഹിത്യഗുണമുള്ള ഗാനമായാലോ? അത് കേള്‍ക്കുമ്പോഴും തുടര്‍ന്ന് ആലോചിയ്ക്കുമ്പോഴും സുഖം തരുന്നു. അത്തരം പാട്ടുകള്‍ ജനങ്ങള്‍ മനഃപാഠമാക്കി കൊണ്ടുനടക്കുന്നു.
അത്തരം ഒരു ഗാനമാണ് ചര്‍ച്ചാ വിഷയം. വൈക്കം രാമചന്ദ്രനെഴുതി, ടി.എസ്. രാധാകൃഷ്ണജി സംഗീതം നല്കി, ചിത്ര അരുണ്‍ പാടിയ ചോറ്റാനിക്കര ഭഗവതി സുപ്രഭാതം ശ്രുതി മനോഹരവും ആലോചനാമൃതവും തന്നെ.
സാവേരി, നീലാംബരി, സരസ്വതി മുതലായ അനേകം രാഗങ്ങള്‍ ഇതില്‍ പ്രയോഗിച്ചിരിയ്ക്കുന്നു. പ്രഭാതത്തിന് യോജിച്ച തരത്തില്‍ അതിനെ വിന്യസിച്ചിരിയ്ക്കുന്നു, ടി.എസ്. രാധാകൃഷ്ണജി. സംഗീത സംവിധാന രംഗത്തും ഭക്തി ഗാനരംഗത്തും ചിരപ്രതിഷ്ഠിതനായ അദ്ദേഹം ഒരു ഭക്തനും സരളഹൃദയനുമാണ്. ഗായികയായ ചിത്ര അരുണ്‍ ഇതിന് യോജിച്ച തരത്തില്‍ മനോഹരമായി ഇവ ആലപിച്ചിരിക്കുന്നു.
വൈക്കം രാമചന്ദ്രന് വളര്‍ന്നു വരുന്ന ഒരു കവിയാണ്. അതോടൊപ്പം ഭഗവതിയുടെ അനുഗ്രഹം കൂടിയായപ്പോള്‍, ചോറ്റാനിക്കര ക്ഷേത്രം തന്ത്രിയും, ദേവസ്വം അധികാരികളും ഈ സുപ്രഭാത ഗാനങ്ങള്‍ ചോറ്റാനിക്കര ഭഗവതിയുടെ സുപ്രഭാതമായി അംഗീകരിച്ചു. വളരെക്കുറച്ച് ക്ഷേത്രങ്ങളില്‍ മാത്രമേ ഇപ്രകാരമുള്ള ഗാനങ്ങള്‍ ഉള്ളു.
ഭക്തിയാണ് വിഭക്തിയേക്കാള്‍ ശ്രേഷ്ഠമെന്ന് ഗുരുവായൂരപ്പന് പൂന്താനത്തെ സമാധാനിപ്പിച്ചു. മരപ്രഭുവും അമരപ്രഭുവും തന്റെ നാമങ്ങള്‍ തന്നെയെന്ന് ബോധ്യപ്പെടുത്തി. കൂട്ടത്തില്‍ പറയട്ടെ, ഗുരുവായൂരിലെ മരപ്രഭുശില്പത്തിന് താഴെ എഴുതി വച്ച ശ്ലോകം വൈക്കത്തിന്റേതാണ്. വൈക്കം രാമചന്ദ്രന് വലിയ സംസ്കൃതപാണ്ഡിത്യം അവകാശപ്പെടുന്നില്ലെങ്കിലും ഈ സുപ്രഭാതത്തിന് ഭംഗിക്കുറവ് ഒട്ടുമില്ല. ഈ സുപ്രഭാതം ഭഗവതിയും ഭക്തന്മാരും നെഞ്ചിലേറ്റട്ടെയെന്ന് ആശംസിയ്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: