സഖീ,സുദീര്‍ഘയാത്രയില്‍
ഏറെക്ഷീണമേറിവാടിയടഞ്ഞമിഴികള്
ഇനി നീ മലര്‍ക്കെത്തുറക്കുക…
അങ്ങ് അതിരായിക്കാണുന്ന
കറുത്തിരുണ്ട ദുര്ഗ്ഗന്ധവാഹിനിയും,
തുരുമ്പുകാരുന്ന ദിശാസൂചിയും,
പാദയോരത്തെ ശിരസ്സറ്റമരങ്ങളും,
ഏറെവെയിലേറ്റുവെന്തുമലച്ച
തരിശ്ശിടങ്ങളും കടന്നാല്്,
തെരുവുവിളക്കുകള്‍ അലസ്സംതെളിക്കുന്ന
നഗ്നയാഥാര്‍ത്ഥ്യമാണ്,
ഭൂതവര്ത്തമാനങ്ങള്കെട്ടിപ്പിണഞ്ഞ
ചിരപുരാതനമഹാനഗരം,പ്രിയേ..
താളിയോലകളിലേക്കണപൊട്ടിവാക്കുകള്
നാരായമുനയിലൂടൂര്ന്നിതിഹാസങ്ങള്
പിറവികൊള്ളുന്നതിന്മുമ്പെ,
ഗോത്രസ്മൃതികളിലേക്കശ്ശാന്തം
പകനീറിപ്പുകഞ്ഞുതുടങ്ങുന്നതിന്മുമ്പെ,
പിറവികൊണ്ടയിടമെന്നു പര്യവേഷണങ്ങള്‍ പഠിപ്പിച്ച
അതേയിടമാണിനി,നമുക്കുംവാസസ്ഥലി…
പലപേരുകളില്വന്നുവെട്ടിപ്പിടിച്ചും,
കോട്ടകൊത്തളങ്ങള്‍ തീര്ത്തധീശ്ശത്വമുറപ്പിച്ചും
ഇവിടെവാണുകെട്ടവരെത്രയോ..
തേരോട്ടങ്ങള്‍ കളങ്കപ്പെടുത്തിയമണ്ണ്,
ചാവേര്പട്ടംചാര്ത്തപ്പെട്ടോരുടെ,
നുരഞ്ഞപോരാട്ടവീര്യത്താല് ശത്രുവിന്
വിരിമാറുകാട്ടി പോരുവിളിച്ചോരുടെ,
ശാന്തിപാഠംചൊല്ലിനടന്നതിനുശിക്ഷയായ്
ഇടനെഞ്ചില്‍ വെടിയേറ്റയുഗപുരുഷന്റെയും,
പിന്നെയും എത്രയോരക്തസാക്ഷികളുടെയും
നിരാലംബരുടേയും ചുടുചോരയാല്ചുവന്നത്….
വന്മരങ്ങള് വീണതിന്തുടര്ചലനങ്ങളും
പെരുമ്പറകൊട്ടിവന്നയുഗ്രശാസനകളും
വല്ലാതെനടുക്കിയതും,ഇതേനഗരത്തെ..
നീയറിയുക..,ജനപഥങ്ങളുടെയോരങ്ങള്
ഇന്നും സ്പന്ദിക്കുന്നഅസ്ഥിമാടങ്ങളെന്ന്..
അധികാരമുന്മാദമായേറ്റുവാങ്ങിയയിടം
തെരുവില്മാനംവില്ക്കുന്നോരുടേം,
വിശപ്പാല്‍ വിശപ്പും ദാഹത്താല്‍ ദാഹവും
അകറ്റുന്നവരുടെകൂടി നഗരമാണെന്നും..
ഇരുളിന്നോരങ്ങളില്്നിഗൂഢമുയരുന്ന
നിര്ഭയമാരുടെദൈന്യവിലാപങ്ങളും,
മക്കളെതേടിത്തളര്ന്നമാതൃഗദ്ഗതങ്ങളും,
അഭയംതിരഞ്ഞുതെരുവില് വീണുടയുന്ന
ബാല്യകൗതുകങ്ങളുടെ നേര്ത്തനാദങ്ങളും,
നിന്ശാന്തനിദ്രകളേയും വല്ലാതുലച്ചേക്കാം..
സ്വത്വക്ഷതംവന്നകുടിയേറ്റനഗരം
ആള്‍ക്കൂട്ടം,നിര്‍വികാരം..
ഇവിടെ മരംകോച്ചുന്നശൈത്യവും
അസ്ഥിയുരുക്കുന്നചൂടും
വെറുതെവന്നുപോകുന്നു.
സഖീ,ഇനിയീമണ്ണിലേക്ക്നീ
പ്രാര്‍ത്ഥനയോടെ കാലുകളൂന്നുക..
പക്ഷെ ഓര്‍മ്മയിലിരിക്കട്ടെ,നിനക്കുനീയും
എനിക്കുഞാനുംമാത്രം ഇവിടെക്കാവലാള്….
പ്രതികരിക്കാൻ ഇവിടെ എഴുതുക: