ആലപ്പുഴ: സ്വഭാവദൂഷ്യ ആരോപണത്തെ തുടര്‍ന്ന് സിപിഎം ആലപ്പുഴ ഏരിയാ കമ്മറ്റിയംഗവും മുന്‍നഗരസഭ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാനുമായ വി. ജി. വിഷ്ണുവിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി.
ഇന്നലെ സിപിഎം ജില്ലാകമ്മറ്റിയംഗം വി. എസ.് മണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഏരിയാ കമ്മറ്റി യോഗത്തിലാണ് ഡിവൈഎഫ്‌ഐ ജില്ലാ നേതാവു കൂടിയായ വിഷ്ണുവിനെ പുറത്താക്കാന്‍ തീരുമാനിച്ചത്. വിഷ്ണുവിന്റെ ഭാര്യ പാര്‍ട്ടിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
പരാതി ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ 16നാണ് വി. എസ്. മണിയെ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിനായി പാര്‍ട്ടി ചുമതലപ്പെടുത്തിയത്. പരാതിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പൂര്‍ണ്ണമായും ശരിയാണെന്നും ഇതിനെ സാധൂകരിക്കുന്ന തെളിവുകളുണ്ടെന്നും വി. എസ്. മണിയുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
ഇത്തരത്തിലുളളവരെ പാര്‍ട്ടിയില്‍ വെച്ചുപെറുപ്പിക്കാന്‍ കഴിയില്ലെന്ന് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ജില്ലാ സെക്രട്ടറി സജി ചെറിയാന്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ആര്‍. നാസര്‍, ഡി. ലഷ്മണന്‍, ജില്ലാകമ്മറ്റിയംഗം പി. പി. ചിത്തരഞ്ജന്‍, പി. കെ. സോമന്‍ എന്നിവരും കമ്മറ്റിയില്‍ പങ്കെടുത്തു.
ഇതിനിടെ വിഷ്ണുവിനെതിരെയുളള നടപടി താക്കീതില്‍ ഒതുക്കുന്നതിന് ശ്രമം നടന്നെങ്കിലും വ്യക്തമായ തെളിവുകള്‍ പുറത്ത് വന്ന സാഹചര്യത്തില്‍ വിജയിച്ചില്ല. ശക്തമായ തെളിവുകള്‍ ഈ വിഷയത്തില്‍ തന്നെയുണ്ടെന്നും കൗണ്‍സിലറായിരുന്ന ഘട്ടത്തില്‍ ഡിവൈഎഫ്‌ഐ നേതാക്കളുമായി ചേര്‍ന്ന് നടത്തിയ നിരവധി അഴിമതികളെക്കുറിച്ചും പരാതി നിലനില്‍ക്കുന്നുവെന്നും കമ്മറ്റിയില്‍ അഭിപ്രായമുയര്‍ന്നു.
വിഷ്ണുവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഡിവൈഎഫ്‌ഐ നേതാവും മുന്‍കൗണ്‍സിലറുമായ നേതാവിനെതിരേയും ഇതേ സ്വഭാവ ദൂഷ്യം ഉയര്‍ന്നിരുന്നെങ്കിലും അത് വന്‍തുക കൊടുത്ത് ഒതുക്കി തീര്‍ക്കുകയായിരുന്നു.
ഈയാള്‍ക്കെതിരെ പാര്‍ട്ടി നേരത്തെ നടപടി സ്വീകരിച്ചിരുന്നു. ആ നേതാവിനെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനത്തിനെതിരെ പാര്‍ട്ടി അണികള്‍ സംസ്ഥാന നേതൃത്വത്തിന് പരാതി നലകിയിട്ടുണ്ട്.
ആലപ്പുഴ ഏരിയയിലെ മറ്റൊരു നേതാവിനെതിരെയും സ്ത്രീവിഷയവുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
നാട് നന്നാക്കാന്‍ ജാഥ നടത്തുന്ന ഡിവൈഎഫ്‌ഐയുടെ ആലപ്പുഴയിലെ പല പ്രമുഖരും അസാന്‍മാര്‍ഗിക പ്രവര്‍ത്തനങ്ങളുടെയും മാഫിയ ബന്ധങ്ങളുടെയും പേരില്‍ ആരോപണവിധേയരാകുകയും നടപടി നേരിടുകയും ചെയ്തതോടെ സംഘടനയുടെ തനിനിറം പുറത്തായിരിക്കുകയാണ്.
















