തൃശൂര്‍: ഉണ്ണായിവാര്യരുടെ ജീവിതം ആസ്പദമാക്കി വിനോദ് മങ്കര സംവിധാനം ചെയ്ത പ്രിയമാനസം എന്ന സംസ്‌കൃത ചലച്ചിത്രത്തിന് കേരളത്തില്‍ നടക്കുന്ന അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തില്‍ വിലക്കേര്‍പ്പെടുത്തിയത് കേരള സര്‍ക്കാരിന്റെ കപട മതേതരമുഖം വെളിവാക്കിയെന്ന് തപസ്യ തൃശൂര്‍ ജില്ല സമിതിയോഗം വിലയിരുത്തി. മാടമ്പ് കുഞ്ഞുക്കുട്ടന്‍ അദ്ധ്യക്ഷനായ യോഗത്തില്‍ സംസ്ഥാന സഹസംഘടനാ സെക്രട്ടറി സി.സി.സുരേഷ് പ്രമേയം അവതരിപ്പിച്ചു. കേരള ചലച്ചിത്ര അക്കാദമിയുടെ നിലപാടില്‍ തപസ്യ കലാസാഹിത്യവേദി ശക്തമായി പ്രതിഷേധിച്ചു.
ഗോവയില്‍ നടക്കുന്ന അന്താരാഷ്‌ട്ര ചലച്ചിത്രമേളയില്‍ ഉദ്ഘാടന ചലച്ചിത്രമായി പ്രദര്‍ശിപ്പിച്ച പ്രിയമാനസം ഇരുപതിലേറെ വര്‍ഷങ്ങള്‍ക്ക് ശേഷം സംസ്‌കൃത ഭാഷയില്‍ നിര്‍മ്മിച്ച ചിത്രമാണ് എന്ന് ഓര്‍ക്കേണ്ടതുണ്ട്. യശഃശരീരനായ ജി.വി.അയ്യര്‍ നിര്‍മ്മിച്ച് സംവിധാനം ചെയ്ത ശങ്കരാചാര്യ, ഭഗവദ്ഗീത, സ്വാമി വിവേകാനന്ദ തുടങ്ങിയ സംസ്‌കൃത സിനിമകള്‍ക്ക് ശേഷം ഇപ്പോഴാണ് ഒരു സംസ്‌കൃത സിനിമ ഉണ്ടാകുന്നത്. ഹൈന്ദവ ബിംബങ്ങള്‍ കൂടുതലാണ് എന്ന കാരണത്താലാണ് ചിത്രത്തെ ഒഴിവാക്കിയതെന്ന് പറഞ്ഞ ചലച്ചിത്ര ജൂറി അമ്പലവാസിയായിരുന്ന ഉണ്ണായിവാര്യരുടെ ജീവിതം അതിന്റെ തനിമയില്‍ നിര്‍മ്മിക്കരുതെന്നാണോ നിര്‍ബന്ധം പിടിക്കുന്നതെന്ന് തപസ്യ ചോദിക്കുന്നു.
സംസ്‌കൃത ഭാഷയോടുള്ള അവഹേളനം കൂടിയാണിതെന്ന് വിലയിരുത്തിയ തപസ്യ ശക്തമായ ഭാഷയില്‍ പ്രതിഷേധം രേഖപ്പെടുത്തി.കപട സഹിഷ്ണുത അതിന്റെ പാരമ്യത്തില്‍ എത്തി നില്‍ക്കുന്ന അന്തരീക്ഷത്തില്‍ ഭാരതീയമായ എന്തിനേയും തള്ളിപ്പറയുന്നത് ഒരു വിഭാഗം ആളുകളുടെ ആവശ്യമാകുന്നു. മുമ്പേ ഭാരതത്തെ വിഭജിച്ച അതേ ഛിദ്രശക്തികളുടെ പിന്തുടര്‍ച്ചക്കാരാണ് അവരെന്ന് ഇതേ പ്രവൃത്തിയിലൂടെ വ്യക്തമാകുന്നു.
അസഹിഷ്ണുത മതതീവ്രവാദത്തിലേക്ക് നയിക്കുന്ന മുഖ്യകാരണമാണെന്ന് തപസ്യ തൃശൂര്‍ ജില്ലാ അദ്ധ്യക്ഷന്‍ മാടമ്പ് കുഞ്ഞുകുട്ടന്‍ ചൂണ്ടിക്കാട്ടി. യോഗത്തില്‍ ജില്ലാ സെക്രട്ടറി ശ്രീജിത്ത് മൂത്തേടത്ത്, ജില്ലാ സംയോജകന്‍ പ്രസാദ് മാസ്റ്റര്‍ എന്നിവരും പങ്കെടുത്ത് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: