പത്തനംതിട്ട: ഏഴംകുളം – കൊടുമണ്‍ – കൈപ്പട്ടൂര്‍ റോഡ് തകര്‍ന്ന് ഗതാഗതം ദുഷ്ക്കരമായി. റോഡിന്റെ കൊടുമണ്‍ മുതല്‍ ഏഴംകുളം വരെയുള്ള ഭാഗമാണ് ഏറെയും തകര്‍ന്നു കിടക്കുന്നത്. മഴയെത്തുടര്‍ന്ന് റോഡില്‍ വെള്ളക്കെട്ടുകള്‍ കൂടി രൂപപ്പെട്ടതോടെ കാല്‍നടയാത്രപോലും ബുദ്ധിമുട്ടിലാണ്. റോഡിന്റെ ഏറിയ ഭാഗങ്ങളും നാളുകള്‍ക്കു മുമ്പേ തകര്‍ന്നുവെങ്കിലും ഇതു പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറായിട്ടില്ല. ശബരിമല തീര്‍ഥാടനകാലത്തിനു മുമ്പുതന്നെ പ്രധാന പാതകളിലെ കുഴികള്‍ അടയ്ക്കണമെന്നു നിര്‍ദേശിച്ചിരുന്നെങ്കിലും ഇവിടെ ഇതുനടപ്പായില്ല.
കൈപ്പട്ടൂരിനും കൊടുമണ്ണിനും മധ്യേയുള്ള ഭാഗത്ത് റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ മെറ്റലിട്ട് ഉയര്‍ത്തുന്ന ജോലികളും പാതിവഴിയില്‍ മുടങ്ങിയിരിക്കുകയാണ്. റോഡില്‍ മെറ്റല്‍ നിരത്തിയശേഷം ഉറപ്പിക്കാതെ കിടക്കുന്നത് ഇരുചക്രവാഹനങ്ങളെയാണ് കൂടുതലായി അപകടത്തില്‍പെടുത്തുന്നത്.
കൊടുമണ്‍ പോലീസ് സ്റ്റേഷനു മുന്‍ഭാഗത്തും റോഡില്‍ വലിയ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. കൊടുമണ്‍ കഴിഞ്ഞുള്ള ഭാഗത്ത് റോഡിന്റെ വളവില്‍ അപകടസാധ്യത ഏറെയുണ്ട്.
റോഡ് അറ്റകുറ്റപ്പണിക്ക് നാളുകള്‍ക്കു മുമ്പേ കരാര്‍ നല്‍കിയിരുന്നതാണ്. എന്നാല്‍ പണികളാരംഭിക്കാനായിട്ടില്ല. ചന്ദനപ്പള്ളി മുതല്‍ ഏഴംകുളം വഴി ഏനാത്തിനുള്ള റോഡ് ഉന്നതനിലവാരത്തില്‍ ടാറിംഗ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇതിനുള്ള അനുമതിയും വൈകുകയാണ്. റോഡിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. കൊടുമണ്‍ ഭാഗത്ത് വയലിനോടു ചേര്‍ന്നുള്ള സ്ഥലങ്ങളില്‍ മഴക്കാലത്ത് റോഡില്‍ വെള്ളം നിറയുന്നതും പ്രശ്നങ്ങള്‍ക്കിടയാക്കുകയാണ്. ശബരിമല തീര്‍ത്ഥാടനക്കാലത്തെങ്കിലും റോഡ് സഞ്ചാരയോഗ്യമാകുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: