നിലമ്പൂര്‍: കഴിഞ്ഞ ഞായര്‍ രാത്രിയില്‍ നടത്തിയ വാഹന പരിശോധനയിലാണ് മോഷ്ടിച്ച കാറുകളില്‍ കറങ്ങിനടന്ന മലഞ്ചരക്ക് കടകളില്‍ മോഷണം നടത്തുന്ന സംഘം നിലമ്പൂര്‍ പോലീസിന്റെ പിടിയിലായത്. മഞ്ചേരിയില്‍ താമസമാക്കിയ എടപ്പാള്‍ മാണൂര്‍ പണ്ടാരപ്പറമ്പില്‍ അബൂബക്കര്‍ സിദ്ദീഖ്(37), അങ്ങാടിപ്പുറം വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ലോറി ഡ്രൈവര്‍ ആതവനാട് അണ്ണത്ത് കാഞ്ഞിരത്ത് ഷംസുദ്ദീന്‍ എന്ന ബാപ്പു(41), കോട്ടക്കല്‍ പാറത്തറ പരുത്തിക്കുന്നന്‍ മുഹമ്മദലി എന്ന അലി(33) എന്നിവരാണ് പിടിയിലായത്. പ്രതികള്‍ സഞ്ചരിച്ച ഇന്നോവ കാറും അഞ്ച് ക്വിന്റല്‍ അടക്കയും പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച പുലര്‍ച്ചെ തിരൂര്‍ക്കാട് അരിപ്ര മാമ്പറത്ത്‌തൊടി മുഹമ്മദിന്റെ മലഞ്ചരക്ക് കട കുത്തിത്തുറന്ന് മോഷ്ടിച്ച അടക്ക ഗൂഡല്ലൂരില്‍ വില്‍പനക്കായി കൊണ്ടുപോകുമ്പോഴാണ് പോലീസ് പിടിയിലാകുന്നത്. കാര്‍ ബാപ്പുവിന്റെ സുഹൃത്ത് മുഖേന വാടക്ക് എടുത്തതാണെന്നാണ് മൊഴിയെങ്കിലും മോഷ്ടിച്ചതാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഒന്നര വര്‍ഷം മുമ്പ് മലഞ്ചരക്കുകള്‍ മോഷ്ടിച്ചതിലും വാഹനങ്ങള്‍ മോഷ്ടിച്ചതിനും പ്രതിയായ സിദ്ദീഖ് ആഗസ്റ്റ് 12നാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും സ്വന്തം ജാമ്യത്തിലിറങ്ങിയത്. വിചാരണ പൂര്‍ത്തിയാകാത്ത പത്തോളം കേസുകള്‍ ജില്ലക്ക് പുറത്തും ഇയാളുടെ പേരിലുണ്ട്. ജാമ്യത്തിലിറങ്ങിയ പ്രതി വിചാരണകള്‍ക്കൊന്നും പോകാതെ ജയിലില്‍ നിന്നും പരിചയപ്പെട്ട മറ്റു കേസുകളിലെ പ്രതികളുമായി കവര്‍ച്ച നടത്തുകയായിരുന്നു. പത്ത് വര്‍ഷത്തോളം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. അഞ്ചിലധികം വിവാഹങ്ങളും കഴിച്ച പ്രതി ഇപ്പോള്‍ കാവനൂരിലുള്ള ഭാര്യക്കൊപ്പമാണ് താമസം. 2008ല്‍ വണ്ടൂരില്‍ നിന്നും മലഞ്ചരക്കുകള്‍ മോഷ്ടിച്ച കേസില്‍ മൂന്ന് വര്‍ഷത്തോളം ജയില്‍ ശിക്ഷ അനുഭവിച്ചു. പഴയ വാഹനങ്ങള്‍ മോഷ്ടിച്ച് രാത്രികാലങ്ങളില്‍ കടകള്‍ കുത്തിത്തുറന്ന് മോഷണം നടത്തുകയാണ് പതിവ്. കൊണ്ടോട്ടി, മഞ്ചേരി, കുറ്റിപ്പുറം, തൃത്താല, പട്ടാമ്പി, കൊളത്തൂര്‍ എന്നിവിടങ്ങളിലെ കടകളില്‍ നിന്നും മോഷണം നടത്തിയതായി പോലീസ് പറഞ്ഞു. രണ്ട് ഓട്ടോറിക്ഷകളും ഒരു മോട്ടോര്‍ സൈക്കിളും മോഷ്ടിച്ചിട്ടുണ്ട്. ഷംസുദ്ദീന്‍ ആദ്യമായാണ് മോഷണകേസില്‍ പ്രതിയാകുന്നത്. അടിപിടി, ഭാര്യാപീഡനം എന്നീ കേസുകളില്‍ ഉള്‍പ്പെട്ട ഷംസുദ്ദീനെ ബാറില്‍ വച്ചാണ് സിദ്ദീഖ് പരിചയപ്പെടുന്നത്. മുഹമ്മദലി കഴിഞ്ഞ 19നാണ് പെരിന്തല്‍മണ്ണ ജയിലില്‍ നിന്നും ജാമ്യത്തിലിറങ്ങിയ ശേഷമാണ് സിദ്ദിഖിനൊപ്പം മോഷണത്തിനിറങ്ങിയത്. കേസിലെ മറ്റൊരു പ്രതിയായ മലപ്പുറം കോഡൂര്‍ സ്വദേശി റൗഫ് പഴയൊരു കേസിലെ വാറന്‍ഡിനെ തുടര്‍ന്ന് ജയിലിലാണ്. ഇയാളെ വിട്ടുകിട്ടുന്നതിനായുള്ള നടപടികള്‍ ആരംഭിച്ചു. പ്രതികളെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നിലമ്പൂര്‍ സിഐക്ക് പുറമേ എസ്.ഐമാരായ സുനില്‍ പുളിക്കല്‍, പി. ജ്യോതീന്ദ്രകുമാര്‍, ദയാശീലന്‍, എഎസ്‌ഐ എം. അസൈനാര്‍, സിപിഒമാരായ ഉണ്ണികൃഷ്ണന്‍ മാരാത്ത്, സഞ്ജീവ് മഞ്ചേരി, ജാബിര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: